ത്രില്ലർ സ്വഭാവം, ശക്തമായ കഥാപാത്രങ്ങൾ! മാർച്ചിൽ പുറത്തിറങ്ങിയ കണ്ടിരിക്കേണ്ട മൂന്ന് മലയാള സിനിമകൾ
കൂടുതൽ ത്രില്ലർ സ്വഭാവം ഉള്ള ചിത്രങ്ങൾ പുറത്തിറങ്ങി എന്നത് മാർച്ച് മാസത്തെ ഏറ്റവും വലിയ സവിശേഷകതകളിൽ ഒന്നാണ്. എന്നാൽ അതിൽ കൂടുതൽ ചിത്രങ്ങളും ഒരു വലിയ വിഭാഗം പ്രേക്ഷകരിലേക്ക് എത്താൻ സാധിക്കാതെ നിറം മങ്ങിപ്പോയി എന്നതാണ് യാധാർത്ഥ്യം.
2022 മാർച്ച് മാസം കടന്ന് പോകുമ്പോൾ ഒരു പിടി നല്ല മലയാള ചിത്രങ്ങൾ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. കൂടുതൽ ത്രില്ലർ സ്വഭാവം ഉള്ള ചിത്രങ്ങൾ പുറത്തിറങ്ങി എന്നത് മാർച്ച് മാസത്തെ ഏറ്റവും വലിയ സവിശേഷകതകളിൽ ഒന്നാണ്. എന്നാൽ അതിൽ കൂടുതൽ ചിത്രങ്ങളും ഒരു വലിയ വിഭാഗം പ്രേക്ഷകരിലേക്ക് എത്താൻ സാധിക്കാതെ നിറം മങ്ങിപ്പോയി എന്നതാണ് യാധാർത്ഥ്യം. മാര്‍ച്ച് മാസം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ഒരു ശരാശരി മലയാളി ഉറപ്പായും കണ്ടിരിക്കേണ്ട മൂന്ന് ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
1. ഭീഷ്മ പർവ്വം
2007 ൽ പുറത്തിറങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട ചിത്രമായ ബിഗ് ബിയിലെ മമ്മൂട്ടി - അമൽ നീരദ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിനാൽ 2022 ൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു 'ഭീഷ്മ പർവ്വം'. മാർച്ച് ആദ്യവാരം പുറത്തിറങ്ങിയ ഈ ചിത്രം മലയാളികളുടെയും മമ്മൂട്ടി ആരാധകരുടെയും പ്രതീക്ഷ ഒട്ടും തന്നെ നശിപ്പിച്ചില്ല. ആദ്യ ദിനം തന്നെ ഏറ്റവും മികച്ച പ്രതികരണങ്ങൾ നേടിയ ഭീഷ്മ, അൻപത് കോടിക്ക് മേൽ കളക്ഷൻ നേടി ബ്ലോക്ക്ബസ്റ്റർ ആയി മാറി. ബാഹുബലി 2 ഉൾപ്പെടെ പല വമ്പൻ ചിത്രങ്ങളുടെയും കേരളത്തിലെ കളക്ഷൻ റെക്കോഡ് മറികടന്ന ഈ ചിത്രം പുലിമുരുഗനും ലൂസിഫറും കഴിഞ്ഞാൽ മോളീവുഡിൽ നിന്ന് ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായി മാറി. ഭീഷ്മ പർവ്വത്തിലൂടെ മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലെന്ന് ആക്ഷേപിച്ചിരുന്ന പല വിമർശകർക്കും അമൽ നീരദ് ഒരു നല്ല മറുപടി തന്നെ കൊടുക്കുകയായിരുന്നു.
പ്രേക്ഷകർ കണ്ട് ശീലിച്ച സ്ഥിരം കഥാഗതി ആണെങ്കിലും ഭീഷ്മ വ്യത്യസ്തമായത് അമൽ നീരദിന്‍റെ പ്രത്യേക സ്റ്റൈലിലുള്ള മേക്കിങ്ങ് കൊണ്ടാണ്. മമ്മൂട്ടിയുടെ ഒരു വൺമാൻ ഷോ ആയി മാത്രം ഒതുങ്ങാതെ എല്ലാ കഥാപാത്രങ്ങൾക്കും തുല്ല്യ പ്രാധാന്യം ചിത്രത്തിൽ നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് സൗബിൻ, ഷൈൻ ടോം ചാക്കോ എന്നിവരുടെ കഥാപാത്രങ്ങൾ സിനിമ അവസാനിച്ചാലും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. ചിത്രത്തിന്‍റെ കഥാ പശ്ചാത്തലം 1970 കൾ ആണ്. ആ കാലഘട്ടത്തെ വളരെ മികച്ച രീതിയിൽ ചിത്രത്തിൽ റീ ക്രിയേറ്റ് ചെയ്യുന്നുണ്ട്. അതിന് ചിത്രത്തിന്‍റെ കലാ സംവിധാന രംഗം ഒരു പ്രത്യേക കയ്യടി അർഹിക്കുന്നു. ഒരുപാട് നാളുകൾക്ക് ശേഷം മലയാള സിനിമയിൽ നിരവധി ട്രെന്‍റുകൾ കൊണ്ട് വന്ന ചിത്രമാണ് ഇത്. മമ്മൂട്ടിയുടെ 'ആ ചാമ്പിക്കോ' എന്ന ഡയലോഗ് പറഞ്ഞ്കൊണ്ട് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും, 'പറുദീസ' എന്ന പാട്ടിന്‍റെ റീലുകൾ ഇൻസ്റ്റാഗ്രാമിൽ നിറയുന്നതുമെല്ലാം ഇതിന് ഉദാഹരണങ്ങൾ ആണ്. മറ്റ് അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഒരുപാട് നാളുകൾക്ക് ശേഷം മമ്മൂട്ടിയുടെ ഇയർ ടോപ്പർ ചിത്രമായി ഭീഷ്മ പർവ്വം മാറും എന്നത് ഉറപ്പാണ്.
2. ട്വന്‍റി വൺ ഗ്രാംസ്
2022 മാർച്ച് മാസത്തെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റായിരുന്നു നവാഗതനായ ബിപിൻ കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച് അനൂപ് മേനോൻ നായകനായ 'ട്വന്‍റി വൺ ഗ്രാംസ്' എന്ന മിസ്റ്ററി ത്രില്ലർ ചിത്രം. ചിത്രം പുറത്തിറങ്ങിയ സമയത്ത് ഇതിന് അധികം ജനശ്രദ്ധ ലഭിച്ചിരുന്നില്ല, എങ്കിലും പതിയെ കൂടുതൽ ആളുകൾ ഈ ചിത്രം കാണുകയും ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുകയും ചെയ്തു. കൊച്ചി നഗരത്തിൽ അസാധാരണമായ രീതിയിൽ ഒരു കൊലപാതകം നടക്കുകയും, പോലീസ് ഈ കേസ് അന്വേഷിച്ച് തുടങ്ങുമ്പോഴേക്കും ഈ കൊലയുമായി ബന്ധപ്പെട്ട് വീണ്ടും കൊലപാതങ്ങൾ നടക്കുന്നതുമാണ് കഥാ പ്രമേയം. നായകനായ അനൂപ് മേനോൻ ഒരു പസിൽ സോൾവ് ചെയ്യുന്ന മാതൃകയിൽ ഈ കേസിന് തുമ്പുകൾ കണ്ടെത്തുന്നതും, കേസിലെ ഓരോ കുരുക്ക് അഴിക്കുമ്പോഴും കൂടുതൽ കുരുക്ക് വന്ന് പെടുന്നതും ചിത്രത്തിലുടനീളം കാണാൻ സാധിക്കും. ഇത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ആകാംഷ നിറക്കുന്നതാണ് ട്വന്‍റി വൺ ഗ്രാംസിന്‍റെ കഥാഗതി. കേസിനോടൊപ്പം നായകന്‍റെ ചില സ്വകാര്യ പ്രശ്നങ്ങൾ കൂടി പറഞ്ഞ് പോകുന്നത് പ്രേക്ഷകരെ സിനിമയിലേക്ക് കൂടുതൽ അടുപ്പിക്കാൻ സഹായകരം ആക്കിട്ടുണ്ട്. ആരും പ്രതീക്ഷിക്കാത്ത ചില ട്വിസ്റ്റുകളും, ചിത്രത്തിന്‍റെ കഥാഗതിക്ക് യോജിക്കുന്ന വിധത്തിൽ നൽകിയിട്ടുള്ള ബിജിഎമ്മും, നിശബ്ദതയും എല്ലാം ചിത്രത്തിന്‍റെ പ്രധാന ആകർഷണങ്ങൾ ആണ്. ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ട്വന്‍റി വൺ ഗ്രാംസ്.
3. പട
മാർച്ച് മാസം പുറത്തിറങ്ങിയതിൽ എന്നല്ല, മലയാളികൾ ഉറപ്പായും കണ്ടിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ഒരു വിഷയം ചർച്ച ചെയ്യുന്ന ചിത്രമാണ് പട. ഈ സിനിമയിലൂടെ കമൽ കെ.എം എന്ന സംവിധായകൻ ഇന്നും സമൂഹത്തിൽ അവഗണിക്കപ്പെടുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ആദിവാസി സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾ മുന്നോട്ട് വയ്ക്കുന്നു. വളരെയധികം വിവാദാത്മകമായ ഈ വിഷയത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ തുടങ്ങി നിരവധി മുൻ നിര താരങ്ങളാണ് അഭിനയിച്ചത്. 1996ൽ പാലക്കാട് കളക്ടർ ഓഫീസിൽ വച്ച് ശരിക്കും നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി കമൽ കെ.എം രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് പട. 1996 ൽ അന്നത്തെ നയനാർ സർക്കാർ 1975 ൽ പാസ്സായ 'ആദിവാസി ഭൂനിയമത്തിൽ' ഒരു ഭേദഗതി കൊണ്ട് വന്നു. ആദിവാസികളിൽ നിന്ന് അനധികൃതമായി പിടിച്ചെടുക്കപ്പെട്ട ഭൂമി അവർക്ക് തന്നെ തിരിച്ച് നൽകണം എന്നുള്ളതാണ് ആ നിയമം. 1971 ന് ശേഷം കയ്യേറിയ ഭൂമികൾ ഇത്തരത്തിൽ തിരികെ പിടിച്ച് നൽകാനായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം.
എന്നാൽ നയനാർ സർക്കാർ 1971 എന്ന വർഷം 1986 ആക്കിമാറ്റുകയും ആദിവാസികളികളിൽ നിന്ന് കയ്യേറിയ ഭൂമിക്ക് പകരം മറ്റെവിടെയെങ്കിലും ഭൂമി നൽകിയാൽ മതിയെന്നും നിയമ ഭേദഗതി കൊണ്ട് വന്നു. ഇതിൽ പ്രതിഷേധിച്ച് അയ്യങ്കാളിപ്പട എന്ന സംഘടനയിലെ നാല് യുവാക്കൾ 1996 ഒക്ടോബർ നാലിന് പാലക്കാട് കളക്ടറേറ്റിലേക്ക് എത്തുകയും ജീവനക്കാരെ പുറത്താക്കി കളക്ടറെ ബന്ദിയാക്കുകയും ചെയ്തു. ഏതാണ്ട് 9 മണിക്കൂറുകളോളം തുടർന്ന ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ചിത്രത്തിലെ കഥ. കൂടുതൽ പേരും കേട്ടിട്ടുള്ള കഥ ആയിട്ട് പോലും ചിത്രം വളരെയധികം ത്രില്ലിങ്ങ് ആണ്. പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവും ഉണ്ടാക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ പട എന്ന സിനിമയിൽ ഉണ്ട്. സിനിമ എന്നത് ഒരു വിനോദ ഉപാധി എന്നതിലുപരി സാമൂഹിക പ്രശ്നങ്ങളെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സഹായിക്കുന്ന ഒരു മാധ്യമം കൂടിയാണ്. ഇടത് വലത് സർക്കാറുകൾ കേരളം മാറി മാറി ഭരിച്ചിട്ടും ഇന്നും പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നമാണ് ആദിവാസികളുടെ ഭൂമിയെ സംബന്ധിച്ച് ഉള്ളത്. മാധ്യമങ്ങളും അധികം ചർച്ച ചെയ്യാത്തതിനാൽ പൊതുജനങ്ങൾക്കും ഈ വിഷയത്തെപ്പറ്റി വലിയ ധാരണ ഇല്ലായിരുന്നു. എന്നാൽ പട എന്ന ചിത്രം മുന്നോട്ട് വയ്ക്കുന്നത് ഒരു പ്രതീക്ഷ കൂടിയാണ്. അവഗണിക്കപ്പെടുന്ന ഒരു ജനതയുടെ ദുരിതങ്ങൾ ഇനിയെങ്കിലും പൊതു സമൂഹം അംഗീകരിക്കും എന്ന പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...