Nna Thaan Case Kodu Movie : ന്നാ താൻ കേസ് കൊടിൻറെ ഒഫീഷ്യൽ ലോഞ്ച് പോസ്റ്റർ പുറത്തു വിട്ടു; ചിത്രം ജൂലൈ ആദ്യവാരം തീയേറ്ററുകളിൽ എത്തും
ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന ചിത്രമാണ് ന്നാ താൻ കേസ് കൊട്.
കൊച്ചി : കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൻറെ ഒഫീഷ്യൽ ലോഞ്ച് പോസ്റ്റർ പുറത്ത് വിട്ടു. നടി ഗായത്രി ശങ്കർ അവതരിപ്പിക്കുന്ന ദേവിയെന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടാണ് കുഞ്ചാക്കോ ബോബൻ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം ജൂലൈ ആദ്യവാരം തീയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ കൊഴുമ്മാൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. തമിഴിൽ നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗായത്രി ശങ്കറിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാകും ദേവിയെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. കുഞ്ചാക്കോ ബോബനുൾപ്പെടെയുള്ള നിരവധി താരങ്ങൾ , തങ്ങളുടെ സോഷ്യൽ മീഡിയാ പേജുകളിലൂടെ പോസ്റ്റർ പങ്കുവച്ചു.
കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് കുറിപ്പ്
"ഉദയാ പിക്‌ചേഴ്‌സും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസും എസ്‌ടികെ ഫ്രെയിയിംസും ചേർന്ന് എത്തിക്കുന്ന രണ്ടാമത് ചിത്രമാണ് "ന്നാ താൻ കേസ് കൊട്". രതീഷ് പൊതുവാൾ ചിത്രത്തിൻറെ കഥ പറഞ്ഞത് മുതൽ ചിത്രത്തിൻറെ ഷൂട്ടിങ്ങിനായി കാത്തിരിക്കുകയായിരുന്നു. ഷൂട്ടിങ് 60 ദിവസത്തോളം എത്തിയപ്പോൾ ഞാൻ നടൻ മാത്രമല്ല ചിത്രത്തിൻറെ സഹ നിർമ്മതാവ് കൂടിയായി മാറുകയായിരിക്കുന്നു. തമിഴ് സിനിമ രംഗത്ത് നിരവധി അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗായത്രി ശങ്കറിനെ ഞാൻ മലയാള സിനിമ രംഗത്തേക്ക് ക്ഷണിക്കുകയാണ്. ചിത്രത്തിലെ ദേവിയെന്ന കഥാപാത്രം ഗായത്രീയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാകും"
ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന ചിത്രമാണ് ന്നാ താൻ കേസ് കൊട്. പ്രശസ്ത നിർമ്മാതാവ് സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ കൂടിയാണ് നടനും നിർമ്മാതാവുമായ കുഞ്ചാക്കോ ബോബൻ. ചിത്രത്തിൻറെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നതും രതീഷ് ബാലകൃഷ്ണനാണ്.
കുഞ്ചാക്കോ ബോബൻ നായകനാവുന്ന ഈ ചിത്രത്തിലെ നായിക ഗായത്രി ശങ്കറാണ് ( സൂപ്പർ ഡീലക്സ് ) , സിനിമയുടെ ചിത്രീകരണം കാസർഗോഡ് പൂർത്തിയായി . ആറ് മാസത്തോളം നീണ്ടു നിന്ന പ്രീ പ്രൊഡക്ഷൻ ജോലികളാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകരും നിർമ്മാണ കമ്പനിയും നടത്തിയത്. കാസർഗോഡൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഈ സിനിമക്കായി വൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. നിരവധി കലാകാരൻമാരെ ഈ പ്രദേശങ്ങളിൽ നിന്ന് കാസ്റ്റിംഗ് കോളുകളിലൂടെ കണ്ടെത്തുകയും അവരെ പരിശീലന കളരികളിലൂടെ തെരെഞ്ഞെടുക്കുകയും ചെയ്തു. ശേഷം സിനിമയുടെ ഒരു ചെറു രൂപം ഈ കലാകാരൻമാരെ വെച്ച് മാത്രം യഥാർത്ഥ സിനിമയുടെ ചിത്രീകരണത്തിന് മുമ്പായ് ഷൂട്ട് ചെയ്തു .
ഫിനിഷിംഗ് സ്കൂളുകൾക്ക് സമാനമായ പ്രക്രിയയിലൂടെ കടന്നുവന്നവർ ഈ സിനിമയിൽ അവസരങ്ങൾ നേടുകയും ചെയ്തു. കുഞ്ചാക്കോ ബോബനൊപ്പം ബേസിൽ , ഉണ്ണിമായ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അറുപത് ദിവസത്തോളം നീണ്ടു നിന്ന ഷൂട്ടിംഗിന് കാസർഗോട്ടെ അഞ്ച് ഗ്രാമങ്ങളിൽ നിന്നായ് പത്തോളം ലൊക്കേഷനുകൾ ഉപയോഗിച്ചു. മലയാളത്തിലെ ഒരു പിടി മികച്ച സിനിമകളുടെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്
എസ്. ടി. കെ ഫ്രേംസിനൊപ്പം മലയാള സിനിമാ ചരിത്രത്തിലെ പ്രശസ്ത ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉദയാ പിക്ചേർസും , കുഞ്ചാക്കോ ബോബൻ പ്രോഡക്ഷൻസും ഈ സിനിമയ്ക്കായ് കൈ കോർക്കുന്നത് ചിത്രത്തിൻറെ പ്രത്യേകതയാണ്. ബോളിവുഡ് ഛായാഗ്രാഹകൻ രാകേഷ് ഹരിദാസാണ്( ഷേർണി ഫെയിം ) ഈ ചിത്രത്തിന്റെ സിനിമറ്റോഗ്രാഫർ .മനോജ് കണ്ണോത്ത് എഡിറ്ററും ജോതിഷ് ശങ്കർ ആർട്ട് ഡയറക്ടറുമാണ്. ഡോൺ വിൻസെന്റ് സംഗീതം , സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ , മിക്സിംഗ് വിപിൻ നായർ, മെൽവി . ജെ കോസ്‌റ്റ്യൂം , ഷാലു പേയാട് സ്റ്റിൽസ് .സുധീഷ് ഗോപിനാഥ് ചീഫ് അസോസിയേറ്റ് ഡയറക്ടറും രാജേഷ് മാധവൻ കാസ്റ്റിംഗ് ഡയറക്ടറുമാണ് . അരുൺ സി തമ്പി ക്രിയേറ്റീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പനയാണ്. ഫിനാൻസ് കൺട്രോളർ ജോബീഷ് ആന്റണി .
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.