ഒറ്റ വിഎഫ്എക്സ് ഷോട്ട് പോലുമില്ലെന്ന അവകാശവാദത്തോടെ തീയറ്ററുകളിലെത്തിയ ക്രിസ്റ്റഫർ നോളൻ ചിത്രമായിരുന്നു ഓപ്പൺഹൈമർ. ആദ്യ ദിനം തന്നെ ഈ വാക്കും കേട്ട് തീയറ്ററിലെത്തിയ ഇന്ത്യൻ ആരാധകരെ നോളേട്ടൻ ചതിച്ചു. ഓപ്പൺഹൈമറിന്‍റെ ഇന്ത്യൻ വെർഷനിൽ മാത്രം ഒരു വിഎഫ്എക്സ് ഷോട്ടുണ്ട്. ചിത്രത്തിൽ ഫ്ലോറൻസ് പ്യൂ കസേരയിൽ പൂർണ നഗ്നയായി ഇരിക്കുന്ന രംഗത്തിലാണ് വിഎഫ്എക്സ് ഉപയോഗിച്ചിട്ടുള്ളത്. കമ്പ്യൂട്ടർ ഗ്രാഫിക്സിന്‍റെ സഹായത്തോടെ ഈ രംഗത്തിൽ ഫ്ലോറൻസ് പ്യൂ ഒരു കറുത്ത വസ്ത്രം ധരിച്ച് ഇരിക്കുന്നതായാണ് സ്ക്രീനിൽ കാണിച്ചിട്ടുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ ഇങ്ങനെയൊരു വിഎഫ്എക്സ് ഷോട്ട് ഓപ്പൺഹൈമറിന്‍റെ അമേരിക്കയിലും യൂറോപ്പിലും റിലീസ് ചെയ്ത പതിപ്പുകളിലൊന്നും കാണാൻ സാധിക്കില്ല. ഇന്ത്യയിലും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും പുറത്തിറങ്ങിയ പതിപ്പുകളിൽ മാത്രമാണ് ഫ്ലൂറസൻ പ്യൂ വസ്ത്രം ധരിച്ചിട്ടുള്ളത്. ഇവിടങ്ങളിലുള്ള സെൻസർ ബോർഡ് കട്ടിങ്ങിൽ നിന്ന് രക്ഷപ്പെടാനാണ് ഓപ്പൺഹൈമറിന്‍റെ നിർമ്മാതാക്കൾ ഇത്തരമൊരു വിഎഫ്എക്സ് ഷോട്ട് ഉപയോഗിച്ചത്.


ALSO READ: Jawan Movie: 'മരണത്തിന്റെ വ്യാപാരി'; ഷാരൂഖുമായി കൊമ്പുകോർക്കാൻ വിജയ് സേതുപതി, ജവാൻ ക്യാരക്ടർ പോസ്റ്റർ


50 കോടിക്ക് മുകളിൽ കളക്ഷൻ നേടി ഇന്ത്യയിൽ ഓപ്പൺഹൈമർ മുന്നേറുന്നതിനിടെ വന്ന ഈ വാർത്ത ചലച്ചിത്ര പ്രേമികൾക്കിടയിൽ ചർച്ചാവിഷയമാകുകയാണ്.പ്രേക്ഷകരുടെ ആസ്വാദനത്തെ ചോദ്യം ചെയ്യുന്ന സെൻസർ ബോർഡിന്‍റെ കത്രിക വയ്പ്പിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.  എന്തുകൊണ്ടാണ് ഇന്ത്യയിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും സെൻസറിങ് തമ്മിൽ ഇത്രയധികം വ്യത്യാസം. പരിശോധിക്കാം.


സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ് ഇന്ത്യയിൽ സിനിമകളെ സെൻസറിങ്ങിന് വിധേയമാക്കുന്നതും ഓരോ ചിത്രത്തിനും അനുയോജ്യമായി സർട്ടിഫിക്കറ്റുകൾ കൊടുക്കുന്നതും. പ്രധാനമായും 4 തരം ഫിലിം സർട്ടിഫിക്കേഷനുകളാണ് ഇന്ത്യയിലുള്ളത്. അവയിൽ ആദ്യത്തേതാണ് U സർട്ടിഫിക്കറ്റ്. പൊതു പ്രദർശനത്തിന് യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത ചിത്രങ്ങൾക്കാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. ഈ ചിത്രങ്ങൾ എല്ലാ തരം പ്രേക്ഷകർക്കും കാണാൻ സാധിക്കും. രണ്ടാമത്തേത് UA സർട്ടിഫിക്കറ്റാണ്. 


ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ചിത്രങ്ങൾ 12 വയസിനു താഴെയുള്ള കുട്ടികൾ അവരുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമേ കാണാവൂ എന്ന ചെറിയ നിയന്ത്രണം ഉണ്ട്. മൂന്നാമത്തേതാണ് A സർട്ടിഫിക്കറ്റ്. 18 വയസിന് മുകളിലുള്ളവർക്ക് മാത്രം കാണാൻ സാധിക്കുന്ന ചിത്രങ്ങള്‍ക്കാണ് A സർട്ടിഫിക്കറ്റ് നൽകുന്നത്. അക്രമങ്ങളും, ലൈംഗികമായ കണ്ടന്‍റുകളും അടങ്ങിയതാകും ഇത്തരം ചിത്രങ്ങൾ. അവസാനത്തെ സർട്ടിഫിക്കറ്റാണ് S സർട്ടിഫിക്കറ്റ്.


ALSO READ : Vrushabha Movie: പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'; ഷൂട്ടിങ്ങ് ആരംഭിച്ചു


ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ചിത്രങ്ങൾ തീയറ്ററുകളിൽ പ്രദർശിപ്പിക്കാൻ സാധിക്കില്ല. ശാസ്ത്രജ്ഞർ, ഡോക്ടർമാർ തുടങ്ങി പ്രത്യേക തൊഴിൽ ചെയ്യുന്നവർക്ക് പഠന ആവശ്യങ്ങൾക്കായി ചിത്രീകരിച്ചിട്ടുള്ള സിനിമകൾക്കാണ് S സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതാണ് ഇന്ത്യയിലെ ഫിലിം സർട്ടിഫിക്കേഷനുകൾ. മോഷൻ പിക്ച്ചേഴ്സ് അസോസിയേഷൻ ഫിലിം റേറ്റിങ്ങ് സിസ്റ്റമാണ് അമേരിക്കയിൽ ചിത്രങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നത്.


എന്നാൽ ഇതിന് സെൻസർ ബോർഡിൽ നിന്ന് ഒരു വ്യത്യാസമുണ്ട്. സെൻസർ ബോർഡ്, ചിത്രങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനോടൊപ്പം തീയറ്ററുകളില്‍ പ്രദർശിപ്പിക്കാനാകാത്ത ചില രംഗങ്ങൾ കട്ട് ചെയ്യുകയും ചെയ്യും. ഉദാഹരണത്തിന് A സർട്ടിഫിക്കറ്റ് ചിത്രമാണെങ്കിൽപ്പോലും നഗ്ന രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്താൻ സെൻസർ ബോർഡ് സമ്മതിക്കാറില്ല.


ഈ വർഷം പുറത്തിറങ്ങിയ ദി പോപ്സ് എക്സോർസിസ്റ്റ് എന്ന സിനിമയിലെ ചില നഗ്ന രംഗങ്ങള്‍ സെൻസർ ബോർഡ് പൂർണമായും കട്ട് ചെയ്ത് കളഞ്ഞതൊക്കെ ഇതിന് ഉദാഹരണമാണ്.  മുൻപ് ബ്ലാക്ക് പാന്തർ എന്ന ചിത്രത്തിൽ ഹനുമാനെക്കുറിച്ച് പരാമർശിക്കുന്ന ചില ഡയലോഗുകളും സെൻസർ ബോർഡ് കട്ട് ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ സെൻസർ ബോർഡിനെപ്പോലെ മോഷൻ പിക്ച്ചേഴ്സ് അസോസിയേഷൻ ഫിലിം റേറ്റിങ്ങ് സിസ്റ്റം ചിത്രങ്ങൾക്ക് കത്തി വയ്ക്കാറില്ല.


അവർ ഓരോ സിനിമയ്ക്കും അനുയോജ്യമായ സർട്ടിഫിക്കറ്റുകൾ നൽകുക മാത്രമേ ചെയ്യാറുള്ളൂ. പ്രധാനമായും 5 തരം സർട്ടിഫിക്കറ്റുകളാണ് അമേരിക്കയിലുള്ളത്. ആദ്യത്തേത് G സർട്ടിഫിക്കറ്റാണ്. എല്ലാ പ്രായത്തിലുള്ള ആളുകൾക്കും കാണാനാകുന്ന ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. രണ്ടാമത്തേത് PG സർട്ടിഫിക്കറ്റുകളാണ്. ഇത്തരം ചിത്രങ്ങൾ രക്ഷകർത്താക്കളുടെ സാന്നിധ്യത്തിലേ കുട്ടികൾ കാണാവൂ.


ഇതിനോട് സാമ്യമുള്ളതാണ് PG 13 സർട്ടിഫിക്കറ്റുകൾ. മാർവൽ, ഡിസി തുടങ്ങിയ സൂപ്പർഹീറോ വിഭാഗത്തിലെ ഭൂരിഭാഗം ചിത്രങ്ങളും ഉൾപ്പെടുന്നത് ഈ വിഭാഗത്തിലാണ്. പേര് സൂചിപ്പിക്കുന്നതുപോല 13 വയസിന് താഴെയുള്ള കുട്ടികൾക്ക് രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ മാത്രമേ ഈ ചിത്രങ്ങൾ കാണാവൂ. നാലാമത്തെ വിഭാഗമാണ് R സർട്ടിഫിക്കറ്റ്. 17 വയസിന് താഴെയുള്ള കുട്ടികൾ മുതിർന്ന ഒരാളോടൊപ്പം മാത്രമേ ഇത്തരം ചിത്രങ്ങൾ കാണാൻ പാടുള്ളൂ. അവസാനത്തേതാണ് NC 17 സർട്ടിഫിക്കറ്റ്. ഇത്തരം ചിത്രങ്ങൾ കാണാൻ 17 വയസിനു താഴെയുള്ള കുട്ടികളെ തീയറ്ററുകളില്‍ അനുവദിക്കാറില്ല. 


അമേരിക്കയിൽ R റേറ്റഡായാണ് ക്രിസ്റ്റഫർ നോളന്‍റെ ഓപ്പൺഹൈമർ പ്രദർശനത്തിനെത്തിയത്. ക്രിസ്റ്റഫർ നോളന്‍റെ ആദ്യ R റേറ്റഡ് ചിത്രം കൂടിയാണ് ഓപ്പൺഹൈമർ. ചിത്രം ഇന്ത്യയിൽ A സർട്ടിഫിക്കറ്റായി ആകും പ്രദർശനത്തിനെത്തുന്നതെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി.


അത് UA ആയി മാറി. ചിത്രത്തിന്‍റെ നിർമ്മാതാക്കൾ ഇന്ത്യയിൽ സെൻസറിങ് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാൻ ചിത്രത്തിലെ 12 മിനിറ്റോളം ദൈർഖ്യമുള്ള ഒരു ലൈംഗിക ബന്ധത്തിന്‍റെ രംഗം പൂർണമായും കട്ട് ചെയ്ത് കളയുകയും, ഫ്ലൂറസൻ പ്യൂ കസേരയിലിരുന്ന് സംസാരിക്കുന്ന രംഗത്തിൽ വിഎഫ്എക്സ് ഉപയോഗിച്ച് നഗ്നത മറയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലാണ് ഇന്ത്യയിലെ ഓപ്പൺഹൈമറിന്‍റെ പതിപ്പിൽ മാത്രം ഒരു വിഎഫ്എക്സ് ഷോട്ട് വന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.