Padachone Ingalu Kaatholee: `പടച്ചോനെ ഇങ്ങള് കാത്തോളീ` ഉടൻ ഒടിടിയിലെത്തും; എവിടെ, എപ്പോൾ കാണാം?
കുടുംബ - ഹാസ്യ വിഭാഗത്തിൽപ്പെടുന്ന ചിത്രമായ പടച്ചോനേ ഇങ്ങള് കാത്തോളീ നിർമ്മിച്ചത് ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ്.
ശ്രീനാഥ് ഭാസിയും ആൻ ശീതളും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം "പടച്ചോനേ ഇങ്ങള് കാത്തോളീ" ഒടിടിയിലെത്തുന്നു. നാളെ, ഓഗസ്റ്റ് 22 മുതൽ സൈന പ്ലേയിൽ ആണ് ചിത്രം സ്ട്രീം ചെയ്യുക. പാർട്ടിക്ക് വേണ്ടി എല്ലാം മറന്ന് പ്രവർത്തിക്കുന്ന കുറച്ച് പ്രവർത്തകരുടെയും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില പ്രശ്‍നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നവംബർ 24ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വലിയ വിജയം നേടാനായിരുന്നില്ല.
ബിജിത്ത് ബാലയാണ് ചിത്രം സംവിധാനം ചെയ്തത്. കുടുംബ - ഹാസ്യ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ എത്തിയ ചിത്രം നിർമ്മിച്ചത് ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ്. ഇതിന് മുമ്പ് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ വെള്ളം, അപ്പൻ എന്നീ ചിത്രങ്ങൾ എത്തിയിരുന്നു. ജോസ്കുട്ടി മഠത്തിലും, രഞ്ജിത്ത് മണമ്പ്രക്കാട്ടും ചേർന്ന് നിർമ്മിച്ച നാലാമത്തെ ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. ചിത്രം പ്രധാനമായും കോഴിക്കോട് ഭാഗങ്ങളിലാണ് ചിത്രീകരിച്ചത്. ചിത്രത്തിൽ അഥിതി താരമായി സണ്ണി വെയ്‌നും എത്തുന്നുണ്ട്.
ശ്രീനാഥ് ഭാസിയെയും ആൻ ശീതളിനെയും കൂടാതെ ഗ്രേസ് ആൻ്റണി, രസ്ന പവിത്രൻ, അലൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമ്മല്‍ പാലാഴി, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. നര്‍മ്മത്തിനൊപ്പം തന്നെ ചിത്രത്തിൽ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. ഷാൻ റഹ്‍മാന്‍ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. രചന പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ് എന്നിവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...