രണ്ട് വർഷങ്ങൾക്ക് മുൻപ് ഷാരൂഖ് ഖാൻ തന്‍റെ പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ ആരാധകരോട് പറഞ്ഞ ഒരു വാചകമുണ്ട്. 'എന്‍റെ മൂത്ത രണ്ട് മക്കളായ ആര്യനും സുഹാനയും ഒരു ബോളിവുഡ് സ്റ്റാർ എന്ന നിലയിലുള്ള എന്‍റെ വളർച്ച നേരിട്ട് കണ്ടിട്ടുണ്ട്. പക്ഷെ എന്‍റെ ഇളയ മകൻ എബ്രാമിന് തന്‍റെ പിതാവ് എത്ര വലിയ സ്റ്റാർ ആണെന്നോ അയാളുടെ വളർച്ച എന്തായിരുന്നു എന്നോ അറിയില്ല. അതുകൊണ്ട് ഞാൻ ഇനി ചെയ്യാൻ പോകുന്ന സിനിമകൾ കാണുമ്പോൾ അവന് മനസ്സിലാകണം അവന്‍റെ അച്ഛനെ എന്തുകൊണ്ടാണ് ബോളിവുഡിന്‍റെ രാജാവെന്ന് എല്ലാപേരും വിളിക്കുന്നതെന്ന്'. ശെരിക്കും എബ്രാം ഖാന് മാത്രമല്ല ഇന്നത്തെ തലമുറയിലെ പലർക്കും സംശയമുണ്ടാകാം ഷാരൂഖ് ഖാൻ എന്ന നടന്‍റെ സ്റ്റാർഡത്തെക്കുറിച്ച്. കാരണം അവരാരും അദ്ദേഹത്തിന്‍റെ സുവർണ്ണ കാലത്ത് പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങൾ ഒന്നും കണ്ടിട്ടില്ല. പഠാൻ എന്ന ചിത്രം നാല് വർഷങ്ങൾക്ക് ശേഷം ഷാരൂഖിന് ബോളിവുഡിലേക്കുള്ള തിരിച്ച് വരവൊരുക്കിയ ചിത്രം മാത്രമല്ല. അദ്ദേഹത്തിന്‍റെ താരപദവി എത്രമാത്രം വലുതാണെന്ന് എല്ലാപേർക്കും ബോധ്യപ്പെടുത്തിക്കൊടുക്കുന്നത് കൂടി ആയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിദ്ദാർത്ഥ് ആനന്ത് സംവിധാനം ചെയ്ത പഠാൻ നിർമ്മിച്ചത് യാഷ് രാജ് ഫിലിംസാണ്. യാഷ് രാജിന്‍റെ സ്പൈ യൂണിവേഴ്സിൽ ഉൾപ്പെട്ട സിനിമയാണ് പഠാൻ. ട്രൈലറിൽ കണ്ടതുപോലെ ജോൺ എബ്രഹാമിന്‍റെ നേതൃത്വത്തിലെ ഒരു ടെററിസ്റ്റ് ഗ്രൂപ്പ് ഇന്ത്യക്കെതിരെ ഒരു ആക്രമണം പദ്ധതിയിടുന്നു. അതിനെ ചെറുക്കാൻ ഇന്ത്യ ചുമതലപ്പെടുത്തുന്ന അവരുടെ മികച്ച ഏജന്‍റുമാരില്‍ ഒരാളാണ് പഠാൻ എന്ന ഷാരൂഖ് ഖാന്‍റെ കഥാപാത്രം. തീവ്രവാദികളുടെ ഈ ആക്രമണം ചെറുക്കാൻ പഠാൻ എങ്ങനെ ശ്രമിക്കുന്നു, ആ യാത്രയിൽ പഠാനുണ്ടാകുന്ന വീഴ്ച്ചകൾ, ഉയർത്തെഴുന്നേൽപ്പുകൾ എല്ലാം അടങ്ങിയതാണ് ചിത്രത്തിന്‍റെ കഥാഗതി. നല്ല എൻഗേജിങ് ആയാണ് ചിത്രത്തിന്‍റെ തിരക്കഥ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന രീതിയിലാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ട് പോകുന്നത്. സിനിമയുടെ ആദ്യ പകുതിയിലും അവസാനവുമെല്ലാം ചില ട്വിസ്റ്റുകൾ ഉണ്ട്. എന്നാൽ അവയെല്ലാം ഒരു ശരാശരി പ്രേക്ഷകന് ചിന്തിക്കാവുന്ന കാര്യങ്ങളായിരുന്നു.


ALSO READ: Pathaan Review: 4 വർഷങ്ങൾക്ക് ശേഷം വരവ് രാജകീയമാക്കി; പത്താൻ അദ്യ പകുതി റിവ്യൂ


സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് അതിലെ ആക്ഷൻ രംഗങ്ങളാണ്. ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലെ സംഘട്ടന രംഗങ്ങളും ലൊക്കോഷനുകളുമാണ് ചിത്രത്തിൽ കാണിച്ചിട്ടുള്ളത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ അവയെല്ലാം ധാരളമായിരുന്നു. സംഘട്ടന രംഗങ്ങളിൽ ഷാരൂഖ് ഖാൻ മികച്ച പ്രകടനം തന്നെ കാഴ്ച്ച വച്ചു. തന്‍റെ 57 ആം വയസ്സിലും ഇത്രയും മെയ് വഴക്കത്തോടെ സംഘട്ടന രംഗങ്ങളിൽ അഭിനയിക്കുന്ന ഷാരൂഖ് ഖാനെ സമ്മതിച്ചു കൊടുത്തേ മതിയാകൂ. ദീപിക പദുക്കോണിന്‍റെ റുബീന എന്ന കഥാപാത്രവും എടുത്ത് പറയേണ്ടതാണ്. നായകന് പിന്നിൽ നിൽക്കുന്ന വെറും നായികയല്ല ഈ ചിത്രത്തിലെ ദീപികയുടെ കഥാപാത്രം. ചില സ്ഥലങ്ങളിൽ നായകനെപ്പോലും പിന്നിലാക്കുന്ന പ്രകടനമാണ് ദീപിക പദുക്കോൺ കാഴ്ച്ച വച്ചത്. സംഘട്ടന രംഗങ്ങളും അവർ നല്ല രീതിയിൽ അവതരിപ്പിച്ചു. 


എന്നാൽ സിനിമയിൽ പഠാനും റുബീനയും തമ്മിലെ ബന്ധം സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്ന രീതി അത്രത്തോളം വിശ്വസനീയമായി തോന്നിയില്ല. ചിത്രത്തിലെ നായകനും നായികയും എത്ര വലുതാണോ അവർക്കൊത്ത വില്ലൻ കഥാപാത്രമായിരുന്നു ജോൺ എബ്രഹാം അവതരിപ്പിച്ച ജിം എന്ന കഥാപാത്രം. അദ്ദേഹത്തിന്‍റെ പ്രത്യേക സ്വാഗും ആറ്റിറ്റ്യൂഡുമെല്ലാം ഈ കഥാപാത്രത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്. എങ്കിലും ചിത്രത്തില്‍ ഒരു വലിയ കല്ലുകടിയായി തോന്നിയത് ചില രംഗങ്ങളിലെ വിഎഫ്എക്സിന്‍റെ ഉപയോഗമായിരുന്നു. സ്പൈ യൂണിവേഴ്സിൽ ഉൾപ്പെട്ട ചിത്രമായതിനാൽത്തന്നെ അതുമായി ബന്ധപ്പെട്ട് ചില ഗംഭീര റെഫറൻസുകളും രംഗങ്ങളും സിനിമയിൽ ഉണ്ടായിരുന്നു. മൊത്തത്തിൽ ഉറപ്പായും തീയറ്ററിൽ നിന്ന് തന്നെ കണ്ടിരിക്കേണ്ട ഒരു മികച്ച ആക്ഷൻ പാക്ക്ഡ് എന്‍റർടൈനറായിരുന്നു പഠാൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.