Siju Wilson: വണ്ടി തടഞ്ഞ് പ്രൊമോഷൻ എന്ന് കേട്ടിട്ടുണ്ടോ? എന്നാ കണ്ടോളു - വിദ്യാർഥികൾക്ക് സർപ്രൈസ് നൽകി സിജു വിൽസൺ
വണ്ടി തടഞ്ഞ് പ്രൊമോഷൻ എന്ന് കേട്ടിട്ടുണ്ടോ??? എന്നാ കണ്ടോളു എന്ന ക്യാപ്ഷനോടെയാണ് താരം ഫേസ്ബുക്കിൽ വീഡിയോ പങ്കിട്ടത്.
വിനോദയാത്രയ്ക്ക് പോകുകയായിരുന്ന വിദ്യാർഥികൾക്ക് സർപ്രൈസ് നൽകി സിജു വിൽസൺ. പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് തിരികെ പോകുമ്പോഴാണ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് തടഞ്ഞ് നിർത്തി സിജു അവർക്ക് സർപ്രൈസ് നൽകിയത്. വണ്ടി തടഞ്ഞ് പ്രൊമോഷൻ എന്ന് കേട്ടിട്ടുണ്ടോ??? എന്നാ കണ്ടോളു എന്ന ക്യാപ്ഷനോടെയാണ് താരം ഫേസ്ബുക്കിൽ വീഡിയോ പങ്കിട്ടത്. രാത്രി സമയത്ത് ബസിനുള്ളിലേക്ക് പെട്ടെന്ന് കയറി വന്ന അതിഥിയെ കണ്ട് എല്ലാവരും ഞെട്ടി. അൽപ നേരം വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം സമയം ചിലവിട്ട ശേഷം അവർക്കൊപ്പം സെൽപിയും എടുത്ത ശേഷമാണ് സിജു വിൽസൺ ബസിൽ നിന്നിറങ്ങിയത്.
സിജു വിൽസൺ ഫേസ്ബുക്ക് പോസ്റ്റ്
വണ്ടി തടഞ്ഞ് പ്രൊമോഷൻ എന്ന് കേട്ടിട്ടുണ്ടോ??? എന്നാ കണ്ടോളു
സുഹൃത്തുക്കളുമൊത്തുള്ള യാത്ര എപ്പോഴും സ്പെഷ്യലാണ്. നിവിൻ പോളിക്കും അൽഫോൺസ് പുത്രനുമൊപ്പമുള്ള ഞങ്ങളുടെ പള്ളിക്കാലത്തെ യാത്രയാണ് എന്റെ ആദ്യത്തെ അവിസ്മരണീയ യാത്ര. ഇന്നലെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രമോഷൻ കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് മടങ്ങുമ്പോൾ ഒരു കൂട്ടം വിദ്യാർത്ഥികൾ ബസിൽ യാത്ര ചെയ്യുന്നത് കണ്ടു. എനിക്ക് അവരോട് അസൂയ തോന്നി. അവർക്ക് ഒരു സർപ്രൈസ് നൽകാൻ തീരുമാനിച്ചു. അവരോടൊപ്പമുള്ളത് മനോഹരമായ നിമിഷങ്ങളായിരുന്നു. അവരുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി.
സിജു വിൽസൺ നായകനായെത്തുന്ന പത്തൊമ്പതാം നൂറ്റാണ്ട് സെപ്തംബർ എട്ടിന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. പണ്ട് കാലത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥകളോട് പൊരുതിയ വേലായുധ ചേകവരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻറെ സെൻസറിങ് കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ആറാട്ടുപുഴ വേലായുധ ചേകവരായാണ് സിജു ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രം ഒരു പാൻ ഇന്ത്യ റിലീസ് ആയിരിക്കുമെന്നും മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ വിനയൻ നേരത്തെ അറിയിച്ചിരുന്നു. കയാദു ലോഹര്‍ ആണ് ചിത്രത്തിലെ നായികയായെത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.
ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് എന്നിവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഗോകുലം മുവീസ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് സന്തോഷ് നാരായണനാണ്. ഷാജികുമാർ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ. അടിയാളന്മാർ അനുഭവിച്ചിരുന്ന കഷ്ടതകൾ, അവരെ അതിക്രൂരമായി പീഡിപ്പിച്ചിരുന്ന ജന്മിമാർ എന്നിവയൊക്കെയാണ് ചിത്രത്തിൽ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...