Perilloor Premier League Director Praveen Chandran : മലയാളികളെ മനസ്സറിഞ്ഞ് ചിരിപ്പിക്കുന്ന ചിത്രങ്ങൾ നിലവിൽ വളരെ വിരളമാണ്. ഇപ്പോഴും തനിക്കൊന്ന് മനസ്സറിഞ്ഞ് ചിരിക്കാൻ മലയാളി ആശ്രയിക്കുന്നത് പഴയ പ്രിയദർശൻ, സത്യ അന്തിക്കാട്, സിദ്ധിഖ്-ലാൽ ചിത്രങ്ങളെയാണ്. ഇപ്പോൾ ആ ചിത്രങ്ങൾ മലയാള സിനിമയ്ക്ക് ഒരു നൊസ്റ്റാൾജിയ ആയി മാറി. കാലം മാറി, സിനിമയുടെ ശൈലി മാറിയെന്നൊക്കെ പറയാം... പക്ഷെ മനസ്സറിഞ്ഞ് ചിരിക്കാനുള്ള കോമഡി ചിത്രങ്ങൾക്ക് മലയാളത്തിൽ ഇപ്പോൾ വരൾച്ചയാണ്. ആ വരൾച്ചയ്ക്കിടയിൽ ലഭിച്ച ഒരു വേനൽമഴയാണ് പേരില്ലൂർ പ്രീമിയർ ലീഗ് എന്ന വെബ് സീരീസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഗ്രാമം, അവിടെ ഉള്ള ഓരോ വ്യത്യസ്ത കഥാപാത്രങ്ങളും അവരുടെ പ്രശ്നങ്ങളും അതിലെ കോമഡിയുമെല്ലാം ഒരു രസചരടിൽ കോർത്ത് അവതരിപ്പിച്ചിരിക്കുന്ന വെബ് സീരീസാണ് പേരില്ലൂർ പ്രീമിയർ ലീഗ്. ഹോട്ട്സ്റ്റാർ സംപ്രേഷണം ആരംഭിച്ച പേരില്ലൂരിന്റെയും പേരില്ലൂരുകാരുടേയും കഥയ്ക്ക് നിറഞ്ഞ കൈയ്യടിയും പ്രേക്ഷകപ്രീതിയുമാണ് ലഭിക്കുന്നത്. പേരില്ലൂരുകാരെ മലയാളികൾക്ക് അവതരിപ്പിച്ച സംവിധായകൻ പ്രവീൺ ചന്ദ്രൻ തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ വിശേഷങ്ങൾ സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പങ്കുവെക്കുകയാണ്.


ആദ്യ സംവിധാനം വെബ് സീരീസാണ് അത് എന്തുകൊണ്ട്?



സിനിമ തന്നെയായിരുന്നു എന്റെ സ്വപ്നം. ഞാൻ കേരളത്തിലെ ഒരു ഉൾഗ്രാമത്തിൽ നിന്നുള്ള വ്യക്തിയാണ്. കുട്ടിക്കാലം മുതൽ എനിക്ക് സിനിമ എന്ന് പറയുന്നത് മറ്റൊരു ലോകമാണ്. അവിടെ എത്തിച്ചേരാനുള്ള വഴിയാണെങ്കിൽ ഒരുപാട് കഷ്ടപാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞതും. സത്യത്തിൽ ആ ലോകത്തിലേക്കുള്ള യാത്ര ഞാൻ ഇപ്പോഴും തുടരുകയാണ്. എന്നാൽ വെബ് സീരീസ് ചെയ്യണമെന്നൊരിക്കലും എന്റെ പ്ലാനിങ്ങിൽ ഇല്ലായിരുന്നു.


കുറുപ്പ് എന്ന സിനിമയുടെ ചീഫ് അസോസിയേറ്റായി പ്രവർത്തിച്ചതിന് ശേഷം എന്റെ ആദ്യ സിനിമയ്ക്ക് വേണ്ടിയുള്ള ശ്രമം തുടങ്ങി. കുഞ്ഞിരാമായണം സിനിമയ്ക്ക് മുമ്പ് തന്നെ തിരക്കഥകൃത്തായ ദീപു പ്രദീപിനെ ബ്ലോഗിലൂടെ പരിചയമുണ്ട്. ഞാനും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള ഒരാളായതുകൊണ്ട് ദീപുവിന്റെ എഴുത്തുകൾ എന്നെ ഒരുപാട് രസിപ്പിച്ചിരുന്നു. അങ്ങനെ ദീപു പറഞ്ഞ ഒരു കഥ എനിക്ക് ഇഷ്ടപ്പെട്ട് അത് സിനിമയാക്കാൻ തയ്യാറായി. അത് വലിയ ക്യാൻവാസിൽ ഒരുക്കാൻ ശ്രമിച്ചപ്പോൾ കോവിഡിനെ തുടർന്ന് തടസ്സപ്പെട്ടു. പിന്നെ പല പ്രതിസന്ധികൾ വന്നപ്പോഴാണ് ഞങ്ങൾ വെബ് സീരീസിന്റെ സാധ്യത മനസ്സിലാക്കുന്നത്. പിന്നെ ദീപു വെബ് സീരീസിനായി ഒരു സ്ക്രിപ്റ്റ് എഴുതി. അതിന് ഹോട്ട്സ്റ്റാറിന്റെ അനുമതി ലഭിച്ചതോടെയാണ് പേരില്ലൂർ പ്രീമിയർ ലീഗിലേക്ക് ഞാൻ എത്തുന്നത്.


ALSO READ : Actor Unnilalu: ഇത്തരം വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത് തന്നെ ഒരു വിപ്ലവമാണ്; സിനിമാ വിശേഷങ്ങളുമായി ഉണ്ണി ലാലു


ഒരു ഗ്രാമം, കുറെ കഥാപാത്രങ്ങൾ, ഉപക്കഥകൾ ഇങ്ങനെ എല്ലാമായി സ്ക്രിപ്റ്റ് വായിച്ചപ്പോൾ എന്നെ ത്രില്ലടിപ്പിച്ചു. ആ എക്സൈറ്റ്മെന്റിലാണ് വെബ് സീരീസ് ചെയ്യാൻ തുടങ്ങുന്നത്. ഷൂട്ടിങ് ആരംഭിക്കുന്നതിന് 30 ദിവസം മുമ്പാണ് സ്ക്രിപ്റ്റ് വായിച്ച് പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുന്നത്. സത്യം പറഞ്ഞാൽ അതൊരു റിസ്ക്കെടുക്കലായിരുന്നു. ഇത്രയും കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്തതും ലൊക്കേഷൻ കണ്ടുപിടിച്ചതും മറ്റ് തയ്യാറെടുപ്പുകൾ എല്ലാം നടത്തിയതും ഈ 30 ദിവസങ്ങൾ കൊണ്ട് തന്നെയായിരുന്നു. പിന്നെ ഞാനൊരു തുടക്കക്കാരനായതിനാൽ എക്സ്ക്യൂസുകൾ ഒന്നും ചോദിക്കാതെ അങ്ങ് ചെയ്തു. വെബ് സീരീസ് കണ്ട് ഇഷ്ടപ്പെട്ട പ്രേക്ഷകരുടെ ഫോൺ വിളിയും മെസേജും ലഭിച്ചതോടെ ആ തീരുമാനം നന്നായി എന്ന് മനസ്സിലായി.


സിനിമയും വെബ് സീരീസും തമ്മിലുള്ള വ്യത്യാസം


സീനുകളുടെ എണ്ണത്തിലാണ് പ്രധാന വ്യത്യാസം. സീനുകൾ ഒരു രസചരടിൽ കോർത്ത് രണ്ടര മണിക്കൂറുള്ള ഒരു സിനിമയാക്കി തിയറ്ററിൽ പ്രദർശിപ്പിക്കുമ്പോഴുള്ള ആസ്വാദനരീതിയേ അല്ലാ വെബ് സീരീസിന്റേത്. മിക്ക സിനിമകളും ചെയ്യുന്നത് തിയറ്ററുകൾക്ക് വേണ്ടിയാണ്. ഒരു ഇരുട്ടുമുറിയിലേക്ക് വരുന്ന പ്രേക്ഷകന്റെ മാനസികാവസ്ഥ എങ്ങനെയായിരിക്കണമെന്ന് മുൻകൂട്ടി ചിന്തിച്ചാണ് സിനിമയുടെ എഴുത്തും സംവിധാനവും നിർവഹിക്കുന്നത്. എന്നാൽ വെബ് സീരീസിന് ആ സാധ്യത മുൻകൂട്ടി ചിന്തിക്കാനോ പ്രവചിക്കാനോ ആകില്ല. കാരണം ഒരു വെബ് സീരീസ് പ്രേക്ഷകൻ ഏത് മാനസികാവസ്ഥയിലോ സന്ദർഭത്തിലോ ആണ് കാണുക എന്ന് പറയാൻ സാധിക്കില്ല. എന്നാൽ ഞാൻ ഇതൊന്നും അധികം ആലോചിച്ച് ടെൻഷനടിച്ച് നിൽക്കാതെ ദീപുവിന്റെ കഥ വായിച്ചപ്പോൾ എനിക്ക് കിട്ടിയ ഒരു രസമുണ്ടായിരുന്നു, ആ രസം പരമാവധി എനിക്ക് സാധിക്കുന്ന മേക്കിങ്ങിലൂടെ വെബ് സീരീസായി പുറത്ത് കൊണ്ടുവന്നു. പിന്നെ ഫ്രീഡമായിട്ട് ഒരു ഒഴുക്കിന് ഇങ്ങനെ കഥ പറയാൻ വെബ് സീരീസിലൂടെ സാധിക്കും. നോവലുകളിലെ പോലെ ഉപക്കഥകളിലേക്ക് പോകാനും സാധിക്കും.


'കോമഡി ഷൂട്ട് ചെയ്യാൻ നല്ല രസമാണ്'


സാധാരണ എല്ലാവരും പറയുന്നത് കോമഡി സിനിമ ചെയ്യാൻ ഭയങ്കര പാടാണെന്നാണ്. പക്ഷെ എനിക്ക് അതൊരു രസമായിട്ടാണ് തോന്നിയത്. കാരണം എന്റെ കൂട്ടത്തിലുള്ളവരും സുഹൃത്തുക്കളും ഒക്കെ ഒരുപാട് തമാശകൾ പറയുന്നവരാണ്. അത് ഞാൻ ഒരുപാട് അസ്വദിക്കാറുള്ളതാണ്. പേരില്ലൂർ ഷൂട്ട് ചെയ്യുമ്പോൾ വളരെ ആസ്വദിച്ചാണ് ഞാൻ അത് ചെയ്തത്. പക്ഷെ കോമഡി ചെയ്യുന്നതിന്റെ ഒരു ഭീകരാവസ്ഥയുണ്ട്. ഒരു മീറ്റർ മാറിയാൽ ചളിയായി പോകുകയും ചെയ്യും. ആ അവസ്ഥ എപ്പോഴും ഉള്ളിൽ തന്നെ കാണും.


ഒരുപാട് കഥാപാത്രങ്ങളെ സ്ക്രീനിലേക്ക് കൊണ്ടുവരുന്നതിനുള്ള വെല്ലുവിളി



ശരിക്കും പറഞ്ഞാൽ ഇത്രയും കഥാപാത്രങ്ങളെ കൊണ്ടുവന്നത് ദീപുവിന്റെ ബ്രില്ല്യൻസാണ്. ദീപു നേരത്തെ എഴുതിട്ടുള്ള ബ്ലോഗുകളിലെ കഥാപാത്രങ്ങളെ പേരില്ലൂരിലേക്ക് കൊണ്ടുവരികയായിരുന്നു. ദീപുവിന്റെ ബ്ലോഗുകളിൽ ഒന്നും വരാത്ത ഒരു കഥാപാത്രമാണ് ഈ വെബ് സീരീസിലെ നായികയായ മാളവിക. ദീപുവിന്റെ ലോകത്തെ കഥാപാത്രങ്ങളെ മാളവിക എന്നു പറയുന്ന പുതിയ കഥപാത്രത്തിലൂടെ നമ്മുക്ക് പരിചയപ്പെടുത്തുകയായിരുന്നു. ആ സ്ക്രിപ്റ്റിൽ പറയുന്നത് പോലെ ഞാനും മാളിവികയോടൊപ്പം ഈ കഥ പറഞ്ഞു. 


ഇനി പ്രവീണേട്ടൻ ബ്രില്ലിയൻസ്


ഒരു സീനിൽ ഡീറ്റേലിങ് കൊടുക്കക എന്നു പറയുന്നത് എന്റെ ഉത്തരവാദിത്വമാണ്. സ്ക്രിപ്റ്റിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രം 'ഇതാണ്, ഇവിടെയാണ്, ഇങ്ങനെയാണ്' എന്നാണ് തിരക്കഥാകൃത്ത് എഴുതുക. ഞാൻ അത് വായിക്കുമ്പോൾ എന്റെ ഉള്ളിലെ സംവിധായകൻ ചിന്തിക്കേണ്ടത് 'അത് എന്തുകൊണ്ട് ഇങ്ങനെയായി, അത് എന്തുകൊണ്ട് ഇവിടെ, അത് ഇങ്ങനെ ആയാൽ പിന്നെ എന്തൊക്കെയാകാം' എന്നിങ്ങിനെയാണ്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഡീറ്റേലിങ്ങിലൂടെ നൽകാൻ സാധിക്കും. അത് ഒരു സംവിധായകന്റെ കടമയാണെന്നും വിശ്വസിക്കുന്നയാളും കൂടിയാണ് ഞാൻ. എന്നാൽ ചുമ്മാതെ ബ്രില്ലിയൻസ് എന്ന് പറയാൻ വേണ്ടി ചെയ്യുന്നതല്ല ഇത്. 


ഞാനും അസോസിയേറ്റ്സും ദീപുവും എല്ലാവരും ചേർന്ന് ചർച്ച ചെയ്താണ് ഡീറ്റേലിങ് എങ്ങനെ വേണമെന്ന് തീരൂമാനിക്കുന്നത്. കേമൻ  സോമൻ എന്ന കഥാപാത്രത്തിന്റെ വീട്ടിൽ കർണ്ണൻ, നെപ്പോളിയൻ, ഭഗത് സിങ് എന്നീ മൂന്ന് പുസ്തകങ്ങൾ വെക്കാൻ തീരുമാനിച്ചപ്പോൾ വായിക്കാൻ അറിയാത്ത കഥാപാത്രത്തിന്റെ വീട്ടിൽ എന്തിന് പുസ്തകം എന്ന ചോദ്യം ഞങ്ങൾക്കിടയിൽ തന്നെ ഉണ്ടായതാണ്. ആ വീട്ടിൽ  കേമൻ സോമൻ മാത്രമല്ലല്ലോ താമസിക്കുന്നത്. അയാളുടെ ഭാര്യക്ക് കർണ്ണനും നെപ്പോളിയനും ഭഗത് സിങ്ങും പിന്നെ കേമൻ സോമനും ഹീറോ ആയിക്കൂടെ. പിന്നെ നമ്മൾ പറയുന്ന കഥ കൂടുതൽ വിശ്വസനീയമാക്കാനും ഡീറ്റേലിങ് കൊണ്ട് സാധിക്കും.


കർണ്ണൻ, നെപ്പോളിയൻ, ഭഗത് സിങ്, കേമൻ സോമൻ ഇവരാണ് ഇനി ഹീറോസ്



തിരക്കഥ വായിച്ചപ്പോൾ കേമൻ സോമൻ എന്ന കഥാപാത്രം എന്റെ പേഴ്സണൽ ഫേവറേറ്റായിരുന്നു. സോമനായി ആരെ കാസ്റ്റ് ചെയ്യണമെന്ന അലോചനയിൽ എന്റെ മനസ്സിലുണ്ടായിരുന്നത് ആ കഥാപാത്രത്തിന്റെ ആറ്റിറ്റ്യൂടും ധൈര്യവുമായിരുന്നു. അശോകൻ ചേട്ടനിലേക്കെത്താൻ കാരണമായത് കെ.ജി ജോർജ് സാറിന്റെ യവനിക എന്ന സിനിമയിൽ പോലീസ് സ്റ്റേഷനിലെ സീനായിരുന്നു. ആ കഥാപാത്രത്തിനുള്ള ആറ്റിറ്റ്യൂടും കോൺഫിൻഡൻസും അശോകൻ ചേട്ടന് ഇപ്പോഴുമുണ്ട്. അങ്ങനെ ഒരു അറ്റിറ്റ്യൂട് ഉള്ള ഒരാൾ കേമൻ സോമൻ ചെയ്ത് കഴിഞ്ഞാൽ അടിപൊളിയാകുമെന്ന് എനിക്ക് തോന്നി. 


പേരില്ലൂരിന് പ്രധാനമായി വേണ്ടത് കൃത്യമായ കാസ്റ്റിങ് ആയിരുന്നു, അതിനായിരുന്നു പ്രധാനമായിട്ടും ബജറ്റ് മാറ്റിവെച്ചത്. അശോകൻ ചേട്ടൻ ഓരോ ഷോട്ടിലും ആസ്വദിച്ചാണ് അഭിനയിച്ചത്. ആ കഥാപാത്രം എന്താണെന്നും എങ്ങനെയാണെന്നുമുള്ള ക്ലാരിറ്റി ഞങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ട് അശോകൻ ചേട്ടന് ചെറിയ മാനറിസങ്ങൾ പോലും ഈസിയായി അഭിനയിക്കാൻ സാധിച്ചു.


മാറുന്ന അജു വർഗീസ്


അജുവിന്റെ മാറ്റം നമ്മൾ എല്ലാവരും കാണുന്നതാണ്. ഇനി ഉള്ള കാലം അജുവിന് ഹ്യൂമറും സീരീസ് വേഷങ്ങളും ഒരേപോലെ മികവുള്ളതാക്കാൻ സാധിക്കും. അജുവിനെ തിരഞ്ഞെടുക്കാൻ കാരണം, ഈ കഥാപാത്രത്തിന്റെ എല്ലാ മാനിറസങ്ങളും വളരെ ഡീറ്റേലായിട്ട് മറ്റൊരാളെക്കാളും അജുവിന് സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. എല്ലാവർക്കും അറിയാവുന്നതാണ്, അജു വളരെ തിരക്കുള്ള ഒരു നടനാണ്, അതുകൊണ്ടുതന്നെ ഡേറ്റിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്ന. കഥയിൽ സൈക്കോ ബാലചന്ദ്രൻ ആ ഗ്രാമത്തിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ്. പക്ഷെ ഈ ഡേറ്റ് പ്രശ്നത്തെ തുടർന്ന് ബാലചന്ദ്രനെ വളരെ ചുരുക്കിയാണ് സീരീസിൽ അവതരിപ്പിച്ചിട്ടുള്ളത്. ആ ചുരുങ്ങിയ സീനുകളിൽ ബാലചന്ദ്രന്റെ വൈബ് പേരില്ലൂരിൽ ഉടനീളം ലഭിച്ചിട്ടുണ്ട്. അത് അജു ബാലചന്ദ്രനായി വന്നതുകൊണ്ടാണ്. 


പെർഫെക്ടല്ലാത്ത നായകൻ


നമ്മളെ പോലെ ഒരാൾ തന്നെയാണ് ഈ കഥയിലെ നായകൻ, പെർഫെക്ടല്ല. സാധാരണക്കാരനെ പോലെ എല്ലാ കുറവുകളും ഉള്ള ഒരു നായകനാണ് പേരില്ലൂരിലെ ശ്രീകുട്ടൻ. ഒരു ഫ്യുഡെൽ മാനറിസം ശ്രീകുട്ടനിൽ എവിടെയോ ഉണ്ട്. ആറാം തമ്പുരാനിലെ ജഗന്നാഥനാണ് താൻ എന്ന് സ്വയം വിശ്വസിച്ച് സംസാരിക്കാൻ ശ്രമിക്കുന്ന ശ്രീകുട്ടനെയാണ് പെണ്ണുകാണൽ ചടങ്ങിൽ കാണുന്നത്. വലിയ മാമ്പറ്റ തറവാട്ടിലെ ഉണ്ണിയാണെന്ന് എടുത്ത് കാണിക്കാൻ വേണ്ടിയാണ് സണ്ണി വെയ്ൻ ആ സീനുകളിൽ വള്ളുവനാടൻ ഭാഷ ഉപയോഗിക്കുന്നത്. ചിലർ അത് വിമർശനമായി ഉന്നയിച്ചിരുന്നു. പക്ഷെ ശ്രീകുട്ടന്റെ ഉള്ളിലെ ഫ്യൂഡലിസത്തിന്റെ മാനറിസമാണ് സണ്ണി അവിടെ അവതരിപ്പിച്ചത്. അവന് സ്വന്തമായി എടുത്തുകാണിക്കാൻ അവന്റെ ആഡ്യത്വം മാത്രമേ ഉള്ളൂ... ഫേക്കായിട്ട് വള്ളുവനാടൻ ഭാഷ പറയുകയായിരുന്നു സണ്ണി. അതേസമയം ശ്രൂകുട്ടൻ കൂട്ടുകാർക്കൊപ്പം നിൽക്കുമ്പോൾ സണ്ണി ഉപയോഗിക്കുന്നത് സാധാരണ ഭാഷയാണ്.


വെബ് സീരീസ് വിജയമാണെന്ന് എങ്ങനെ അറിയാം?


സിനിമയുടെ വിജയം കണക്കാക്കുന്നത് ബോക്സ്ഓഫീസിൽ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെയാണ്. എന്നാൽ വെബ് സീരീസിലേക്ക് വരുമ്പോൾ അവർ ഇതിന്റെ വിജയം കണക്കാക്കുന്നത് ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ റേറ്റ് വെച്ചാണ്. അതിനൊരു സമയപരിധിയുണ്ട്. പേരില്ലൂരിന്റെ കണക്ക് വരാനിരിക്കുന്നതെ ഉള്ളൂ. എന്നിരുന്നാലും ഹോട്ട്സ്റ്റാറിൽ നിന്നും ലഭിക്കുന്ന പ്രതികരണം അവർ ഹാപ്പിയാണെന്നാണ്. എന്നെ അത്ഭുപ്പെടുത്തിയത് പേരില്ലൂരിന് നോർത്ത് ഇന്ത്യയിൽ നിന്നും വ്യൂസ് ലഭിക്കുന്നുണ്ടെന്ന് അവർ അറിയിച്ചതാണ്. കുറെ പേരിലേക്ക് ഈ വെബ് സീരിസ് എത്തിയതിൽ വലിയ സന്തോഷമുണ്ട്. 


പേരില്ലൂരിൽ നിന്നും ഇനി എങ്ങോട്ട്?


പുതിയ ഒരു സിനിമയുടെ പണിപ്പുരയിൽ ആണ്. ദീപു തന്നെയാണ് തിരക്കഥ. കോവിഡിനെ തുടർന്ന് മുടങ്ങിയ എന്റെ ആദ്യ ചിത്രമാണിത്. അതിന്റെ കാസ്റ്റിങ്ങും മറ്റും പുരോഗമിക്കുകയാണിപ്പോൾ. മറ്റ് ഒന്ന്, രണ്ട് പ്രോജെക്ടുകളും ഇതിനൊപ്പം മനസ്സിലുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.