തിരുവനന്തപുരം: അന്താരാഷ്ട്ര പുരസ്കാരം നേടിയ ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് ഇന്ദ്രന്‍സ് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി കുറിച്ചു.


കൂടാതെ, ലോക സിനിമയിൽ മലയാളം നേട്ടങ്ങൾ കൊയ്യുകയാണെന്നും ഇന്ദ്രന്‍സിന്‍റെ നേട്ടത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനിക്കാമെന്നും പിണറായി കുറിച്ചു.


സിംഗപ്പൂരില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്കാരമാണ് ഇന്ദ്രന്‍സ് സ്വന്തമാക്കിയത്. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. 


ഇന്ദ്രന്‍സിനു വേണ്ടി വെയില്‍മരങ്ങളുടെ സംവിധായകന്‍ ബിജുവാണ് പുരസ്‌കാരം വേദിയില്‍ ഏറ്റുവാങ്ങിയത്.


വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര പുരസ്കാരവും ഇന്ദ്രന്‍സിന് ലഭിക്കുന്ന ആദ്യ അന്താരാഷ്ട്ര പുരസ്‌കാരവുമാണിത്.


ഇതിന് മുന്‍പ് ഷാ൦ഗ്ഹായ് മേളയില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്‍റ് പുരസ്‌കാര൦ 'വെയില്‍മരങ്ങള്‍'  സ്വന്തമാക്കിയിരുന്നു. ഷാ൦ഗ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചലച്ചിത്രമായിരുന്നു വെയില്‍ മരങ്ങള്‍‍. 


സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 


അന്തരിച്ച പ്രശസ്ത ഛായാഗ്രഹകന്‍ എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്‍റെ ക്യാമറ ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്ത ദളിത് കുടുംബത്തിന്‍റെ കഥ പറഞ്ഞ ചിത്രമാണ് വെയില്‍മരങ്ങള്‍.