Ponniyin Selvan 1: വിജയ് ചിത്രത്തെയും പിന്നിലാക്കി; തമിഴ്നാട് കളക്ഷനില്‍ റെക്കോർഡിട്ട് `പൊന്നിയിന്‍ സെല്‍വന്‍ 1`
Ponniyin Selvan: റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ പൊന്നിയിൻ സെൽവൻ ആഗോള ബോക്സ് ഓഫീസില്‍ നേടിയത് 300 കോടിയില്‍ ഏറെ ഗ്രോസ് കളക്ഷനാണ്.
തമിഴകം മാത്രമല്ല സിനിമ ആസ്വാദകർ എല്ലാവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. മണി രത്നത്തിന്റെ സംവിധാനയത്തിൽ സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തി. ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് പൊന്നിയിൻ സെൽവന്റെ ഒന്നാം ഭാഗം. ഇനി രണ്ടാം ഭാഗത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ കണ്ട ഓരോ പ്രേക്ഷകനും. തമിഴ് ജനത തലമുറകളായി ഹൃദയത്തിലേറ്റിയ അവരുടെ സംസ്കാരത്തില്‍ ആഴത്തില്‍ വേരുകളുള്ള ഒരു ബൃഹദ് നോവലാണ് കൽക്കിയുടെ പൊന്നിയിൻ സെൽവൻ. ഇതിന്റെ ചലച്ചിത്ര രൂപത്തിനായുള്ള കാത്തിരിപ്പ് വെറുതെയായില്ല എന്ന് തന്നെ പറയാം. വൻ താരനിര അണിനിരന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴ് സിനിമാ ചരിത്രത്തിലെ വലിയ വിജയങ്ങളില്‍ ഒന്നിലേക്ക് നീങ്ങുകയാണ് ചിത്രം.
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസില്‍ 300 കോടിയില്‍ ഏറെ ഗ്രോസ് നേടിയിരിക്കുകയാണ് ചിത്രം. അതിനൊപ്പം തന്നെ ഒരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ് ഇപ്പോള്‍. തമിഴ്നാട് കളക്ഷനിലാണ് പിഎസ്1 റെക്കോർഡിട്ടിരിക്കുന്നത്. ആദ്യ വാരം തമിഴ്നാട്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രമായിരിക്കുകയാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. ആദ്യ ഏഴ് ദിനങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുമാത്രം ചിത്രം നേടിയത് 128 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള വിജയ് ചിത്രം സര്‍ക്കാർ ആണുള്ളത്. സർക്കാരിന്റെ തമിഴ്നാട് ബോക്സ് ഓഫീസിലെ ആദ്യ വാര നേട്ടം 102 കോടിയാണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
തമിഴ്നാട്ടില്‍ ആദ്യ വാരം ഏറ്റവുമധികം ഗ്രോസ് നേടിയ തമിഴ് ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം...
1. പൊന്നിയിന്‍ സെല്‍വന്‍ 1- 128 കോടി
2. സര്‍ക്കാര്‍- 102 കോടി
3. ബിഗില്‍- 101.1 കോടി
4. ബീസ്റ്റ്- 99.25 കോടി
5. വിക്രം- 98 കോടി
6. മാസ്റ്റര്‍- 96.2 കോടി
7. മെര്‍സല്‍- 89 കോടി
8. വലിമൈ- 75.1 കോടി
9. അണ്ണാത്തെ- 72 കോടി
10. വിശ്വാസം- 67.2 കോടി
ടൈറ്റിൽ കഥാപാത്രമായി എത്തിയിരിക്കുന്നത് ജയം രവിയാണ്. കാർത്തി, വിക്രം, ജയറാം, തൃഷ, ഐശ്വര്യ റായ്, പ്രഭു, പാർഥിപൻ, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, റഹ്മാൻ, റിയാസ്, ഖാൻ, ഖിഷോർ, ശോഭിതാ ധുലിപാല തുടങ്ങി വൻതരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിച്ചിരിക്കുന്നത്. ആദിത്യ കരികാലൻ എന്ന കഥാപാത്രമായി ആണ് വിക്രം എത്തിയത്. ചിത്രത്തിൽ പഴുവൂരിലെ രാജ്ഞി നന്ദിനിയായി ഐശ്വര്യ റായും കുന്ദവൈ രാജകുമാരിയായി തൃഷയും ചിത്രത്തിൽ അഭിനയിക്കുന്നു.
ചിത്രത്തിൻറെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു. 125 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിച്ച ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്തത്.
എ.ആർ.റഹ്മാനാണ് സംഗീതസംവിധായകൻ. പത്താം നൂറ്റാണ്ടിൽ , ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളും, ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിൻറെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്.
ഇതേ നോവലിനെ ആസ്പദമാക്കി മുമ്പ് ചിത്രങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. 1958 ൽ എംജിആർ ഈ ചിത്രം നിർമ്മിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മണിരത്നത്തിന്റെ വളരെ കാലമായുള്ള പദ്ധതിയാണ് പൊന്നിയിൻ സെൽവൻ. 2012 ൽ ചിത്രം നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...