Ponniyin Selvan: പ്രേക്ഷകരിലേക്കെത്താൻ ഇനി ആറ് നാൾ മാത്രം; `പൊന്നിയിൻ സെൽവന്` യു സർട്ടിഫിക്കറ്റ്
ജയം രവി, കാർത്തി, വിക്രം, തൃഷ, ഐശ്വര്യ റായ്, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. പൊന്നിയിൻ സെൽവൻ എന്ന് തന്നെയായിരുന്നു നോവലിന്റെയും പേര്. മണിരത്നം ആണ് ചിത്രം സംവിധാനം ചെയ്തിരക്കുന്നത്. ജയം രവി, കാർത്തി, വിക്രം, തൃഷ, ഐശ്വര്യ റായ്, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകതയും. മണിരത്നത്തിന്റെ സംവിധാനവും വൻ താരനിരയും കൂടിയെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ.
ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. അവസാന കടമ്പയായ ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായെന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 167 മിനിറ്റാണ് (രണ്ട് മണിക്കൂർ 47 മിനിറ്റ്) ചിത്രത്തിന്റെ ദൈർഘ്യം എന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലറും ടീസറും പോസ്റ്ററുകളുമെല്ലാം തന്നെ തരംഗമായിരുന്നു. ബോക്സ് ഓഫീസിൽ വൻ ഹിറ്റായി ചിത്ര മാറുമെന്ന പ്രതീക്ഷയിലാണ് ഏവരും.
മലയാളി താരങ്ങളായ ബാബു ആന്റണി, റിയാസ് ഖാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവരെ കൂടാതെ റഹ്മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, അശ്വിൻ കാകുമാനു, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. രണ്ട് ഭാഗങ്ങളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ മാസം 30ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിൽ നായക കഥാപാത്രം പൊന്നിയിൻ സെൽവനായി എത്തുന്നത് ജയം രവിയാണ്. വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. ആദിത്യ കരികാലൻ എന്ന കഥാപാത്രമായി വിക്രമും പഴുവൂരിലെ രാജ്ഞി നന്ദിനിയായി ആണ് ഐശ്വര്യ റായും എത്തുന്നു. കുന്ദവൈ രാജകുമാരിയായാണ് തൃഷ ചിത്രത്തിലെത്തുന്നത്.
തമിഴിലെ തന്നെ ഏറ്റവും മഹത്തരമായ ചരിത്ര നോവലായിട്ടാണ് പൊന്നിയിൻ സെൽവനെ കരുതുന്നത്. കൽക്കിയുടെ മികച്ച കലാസൃഷ്ടിയെ ബിഗ് സ്ക്രീനിലേക്ക് മണിരത്നം എല്ലാവരും ഏറെ പ്രതീക്ഷയിലാണ്. എ.ആർ.റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളും, ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയിൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിന്റെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്. ഇതേ നോവലിനെ ആസ്പദമാക്കി മുമ്പ് ചിത്രങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. 1958 ൽ എംജിആർ ഈ ചിത്രം നിർമ്മിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മണിരത്നത്തിന്റെ വളരെ കാലമായുള്ള പദ്ധതിയാണ് പൊന്നിയിൻ സെൽവൻ. 2012 ൽ ചിത്രം നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.
ചിത്രത്തിൻറെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു. 125 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...