Ponniyin Selvan: കുന്ദവിയുടെ പ്രണയം പറഞ്ഞ് `കാതോട് സൊൽ`; പൊന്നിയിൻ സെൽവനിലെ ഗാനം
കാതോട് സൊല്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കൃതിക നെല്‍സണ്‍ ആണ്.
ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. പൊന്നിയിൻ സെൽവന്റെ ട്രെയിലർ ഉൾപ്പെടെയുള്ള വിശേഷങ്ങൾ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പ് ഒന്ന് കൂടി ഉയർത്തിയിരിക്കുകയാണ് പുതിയതായി ഇറങ്ങിയ ചിത്രത്തിലെ ഗാനം. കുന്ദവി എന്ന ചോള രാജകുമാരിയായാണ് ചിത്രത്തിൽ തൃഷയെത്തുന്നത്. കുന്ദവിയുടെ പ്രണയം പറയുന്ന ഗാനമാണ് പുറത്തിറക്കിയിട്ടുള്ളത്. കാർത്തി അവതരിപ്പിക്കുന്ന വന്തിയദേവന്റെ കാമുകിയാണ് തൃഷയുടെ കഥാപാത്രം. കാതോട് സൊല്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കൃതിക നെല്‍സണ്‍ ആണ്. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം. രക്ഷിത സുരേഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
ചിത്രത്തിൽ നായക കഥാപാത്രം പൊന്നിയിൻ സെൽവനായി എത്തുന്നത് ജയം രവിയാണ്. ചിത്രത്തിൽ പഴുവൂരിലെ രാജ്ഞി നന്ദിനിയായി ആണ് ഐശ്വര്യ റായ് എത്തുന്നത്. ചിത്രത്തിൻറെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു. 125 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴ്, മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. 500 കോടിയോളം രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. 2019ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. വിക്രം, ജയം രവി, തൃഷ, കാർത്തി, ഐശ്വര്യ എന്നിവരെകൂടാതെ, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടിയിരിക്കുന്നത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഗാനങ്ങളും ഒക്കെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴിലെ തന്നെ ഏറ്റവും മഹത്തരമായ ചരിത്രനോവലായിട്ടാണ് പൊന്നിയിൻ സെൽവനെ കരുതുന്നത്. കൽക്കിയുടെ മികച്ച കലാസൃഷ്ടിയെ ബിഗ് സ്ക്രീനിലേക്ക് മണിരത്നം എത്തിക്കുമ്പോൾ വൻ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ഉള്ളത്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളും, ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയിൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിന്റെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായാണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്.
Also Read: Ponniyin Selvan I Movie : പൊന്നിയിൻ സെൽവനിലെ കഥാപാത്രങ്ങളുടെ പേര് ട്വിറ്റർ ഹാൻഡിലിന് നൽകി താരങ്ങൾ
ഇതേ നോവലിനെ ആസ്പദമാക്കി മുമ്പ് ചിത്രങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. 1958 ൽ എംജിആർ ഈ ചിത്രം നിർമ്മിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മണിരത്നത്തിന്റെ വളരെ കാലമായുള്ള പദ്ധതിയാണ് പൊന്നിയിൻ സെൽവൻ. 2012 ൽ ചിത്രം നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. കേരളത്തിൽ 250 ഓളം തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...