Prabhas : കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം: അല്ലു അർജുന് പിറകെ പ്രഭാസിനും പിഴ ചുമത്തി
നമ്പർ പ്ലേറ്റിലെ പ്രശ്‍നങ്ങളും പിഴയീടാക്കാൻ കാരണമായി.
Hyderabad : ട്രാഫിക് നിയമ ലംഘനത്തിന് അല്ലു അർജുന് പിന്നാലെ പ്രഭാസിനും പിഴ ചുമത്തി. ഹൈദരാബാദ് പൊലീസ് കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. കൂടാതെ നമ്പർ പ്ലേറ്റിലെ പ്രശ്‍നങ്ങളും പിഴയീടാക്കാൻ കാരണമായി. 1600 രൂപയാണ് പ്രഭാസിൽ നിന്ന് പിഴയായി ഈടാക്കിയത്. ഏപ്രിൽ മാസം ആദ്യമാണ് അല്ലു അർജുനും കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചതിന് പിഴയീടാക്കിയത്. 700 രൂപയായിരുന്നു പിഴ.
റിപ്പോർട്ടുകൾ അനുസരിച്ച് സംഭവം നടക്കുന്ന സമയത്ത് പ്രഭാസ് കാറിൽ ഉണ്ടായിരുന്നില്ല. ഹൈദരാബാദ് ജൂബിലി ഹിൽസിന് സമീപം ട്രാഫിക് നിയമങ്ങൾ തെറ്റിച്ച ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടാണ് പൊലീസ് പിഴയീടാക്കിയത്. ഇത് മുമ്പ് നടൻ നാഗ ചൈതന്യയുടെ വണ്ടിക്കും ഹൈദരാബാദ് പൊലീസ് പിഴയീടാക്കിയിരുന്നു. നടനോട് പിഴയടക്കാനും ഗ്ലാസ് ഷീൽഡും, നമ്പർ പ്ലേറ്റിലെ അപാകതകളും ഉടൻ പരിഹരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: Allu Arjun : അല്ലു അർജുന് പിഴ ചുമത്തി പൊലീസ്; നടപടി ട്രാഫിക് നിയമ ലംഘനത്തെ തുടർന്ന്
പ്രഭാസിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം രാധേ ശ്യാം ആയിരുന്നു. ചിത്രത്തിന് മോശം അഭിപ്രായമായിരുന്നു തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്. അതിന് ശേഷം ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്തിരുന്നു. 350 കോടി ബജറ്റിൽ നിർമ്മിച്ചിരിക്കുന്ന രാധേ ശ്യാമിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണ കുമാർ ആണ്. മാർച്ച് 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
തന്റെ ജനനം മുതൽ മരണം വരെ എന്തെല്ലാം നടക്കുമെന്ന് മുൻകൂട്ടി അറിയാവുന്ന ഹസ്തരേഖാ വിദഗ്ധനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തിൽ അവതരിപ്പിച്ചത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം എത്തിയത്. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്‍ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്.
ALSO READ: 'രാധേ ശ്യാമി'ന് മോശം പ്രതികരണം; പ്രഭാസിന്റെ ആരാധകൻ ആത്മഹത്യ ചെയ്തു
ചിത്രത്തിന് മോശം പ്രതികരണങ്ങൾ വന്നതിൽ മനംനൊന്ത് പ്രഭാസിന്റെ ആരാധകൻ ജീവനൊടുക്കിയിരുന്നു. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലായിരുന്നു സംഭവം. 24കാരനായ രവി തേജ എന്നയാളാണ് ആത്മഹത്യ ചെയ്തത്. രാധേ ശ്യാമിന്' ഓൺലൈൻ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വന്ന നെഗറ്റീവ് റിവ്യൂകളിലും പ്രതികരണങ്ങളിലും ഇയാൾ നിരാശനായിരുന്നു. സിനിമ കണ്ട് തിരിച്ചെത്തിയ രവി തേജ സിനിമ മോശമാണെന്ന് അമ്മയോട് പറഞ്ഞിരുന്നതായും സിനിമ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിൽ നിരാശയുണ്ടെന്ന് പറഞ്ഞിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. സിനിമ കണ്ട് തിരിച്ച് വീട്ടിലെത്തിയ രവി തേജ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.