Pratap Pothen Death News: നടൻ പ്രതാപ് പോത്തൻ അന്തരിച്ചു
ചെന്നൈയിലെ ഫ്ലാറ്റിലെ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 1978ൽ ഭരതന്റെ ആരവത്തിലൂടെയാണ് പ്രതാപ് പോത്തൻ സിനിമയിലേക്ക് എത്തിയത്. ഋതുഭേദം, ഒരു യാത്രാമൊഴി, ഡെയ്സി എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്തത്.
ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിലെ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 1978ൽ ഭരതന്റെ ആരവത്തിലൂടെയാണ് പ്രതാപ് പോത്തൻ സിനിമയിലേക്ക് എത്തിയത്. തകര, ലോറി, ചാമരം അടക്കം നൂറിലധികം സിനികളിൽ അഭിനയിച്ചു. അയാളും ഞാനും തമ്മിൽ, 22 ഫീമെയിൽ കോട്ടയം, ബാംഗ്ലൂർ ഡേയ്സ്, ഇടുക്കി ഗോൾഡ് എന്നീ ചിത്രങ്ങളിലും പ്രധാന വേഷം കൈകാര്യം ചെയ്തു.
തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും പ്രതാപ് പോത്തൻ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. ഋതുഭേദം, ഒരു യാത്രാമൊഴി, ഡെയ്സി എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്തത്.
വേറിട്ട അഭിനയ ശൈലികൊണ്ട് ഒരു കാലത്ത് വിസ്മയിപ്പിച്ച നടനായിരുന്നു പ്രതാപ് പോത്തൻ. 1952 ഫെബ്രുവരി 15ന് തിരുവല്ലയിലെ കുളത്തുങ്കൽ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായി ജനിച്ചു. കോളേജ് പഠനകാലത്ത് പ്രതാപ് പോത്തൻ തന്റെ സുഹൃത്തുക്കളോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ചിത്രകലയിലും അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നു. എന്നാൽ പിന്നീട് ശ്രദ്ധ അഭിനയത്തിലേക്ക് വഴിമാറുകയായിരുന്നു. ബിഎ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം 1971ൽ മുംബൈയിൽ ഒരു പരസ്യ ഏജൻസിയിൽ കോപ്പി റൈറ്ററായി ചേർന്നു. പിന്നീട് വിവിധ കമ്പനികളിൽ ജോലി ചെയ്തതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്.
മദ്രാസ് പ്ലേയേർസ് എന്ന തിയറ്റർ ഗ്രൂപ്പിലുണ്ടായിരുന്ന പ്രതാപ് പോത്തന്റെ അഭിനയ മികവ് കണ്ട ഭരതനാണ് 1978ൽ അദ്ദേഹത്തെ തന്റെ ആരവം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കൊണ്ടുവന്നത്. 1979ൽ ഭരതന്റെ തന്നെ ചിത്രമായ തകരയിലും 1980ൽ ചാമരം എന്ന ചിത്രത്തിലും നായകനായി. തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമയാണ്. ഈ രണ്ട് ചിത്രങ്ങളിലെയും അഭിനയത്തിന് മികച്ച മലയാള നടനുള്ള ഫിലിം ഫെയർ പുരസ്ക്കാരവും അദ്ദേഹത്തിന് ലഭിച്ചു.
നെഞ്ചത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, മൂഡുപനി, വരുമയിൻ നിറം സിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം കൊണ്ട് പ്രതാപ് പോത്തൻ തമിഴിലും ശ്രദ്ധനേടി. നിരവധി ചിത്രങ്ങളിൽ നായകനായും ഉപനായകനായും സ്വഭാവ നടനായുമെല്ലാം അദ്ദേഹം അഭിനയിച്ചു. പ്രതാപ് പോത്തൻ ആദ്യം സംവിധാനം ചെയ്യുന്നത് ഒരു കാതൽ കഥൈ എന്ന തമിഴ് ചിത്രമാണ്. 1985ൽ ആണിത്. 1987ൽ മലയാളത്തിൽ ഋതുഭേദം എന്ന സിനിമ സംവിധാനം ചെയ്തു. 1988ൽ ഡെയ്സി എന്ന ചിത്രവും സംവിധാനം ചെയ്തു. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ഡെയ്സിയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ പ്രതാപ് പോത്തൻ തന്നെയാണ് ചെയ്തത്. 1997ൽ മോഹൻലാലിനെയും ശിവാജിഗണേശനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു യാത്രാമൊഴി എന്ന സിനിമ സംവിധാനം ചെയ്തു.
2005ൽ മോഹൻലാലിന്റെ തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിൽ തിരിച്ചുവരുന്നത്. പിന്നീട് 22 ഫീമെയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ, ഇടുക്കി ഗോൾഡ്, ബാംഗ്ലൂർ ഡെയ്സ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...