Kaaliyan Audition: ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുണ്ടോ? പൃഥ്വിരാജിന്റെ കാളിയൻ ഓഡീഷൻ... അവസരങ്ങൾ നിങ്ങൾക്ക് മുന്നിൽ
പൃഥ്വിരാജ് നായകനാകുന്ന ചരിത്ര സിനിമയാണ് `കാളിയൻ`. ഈ സിനിമയിലെ കഥാപാത്രങ്ങൾക്കായാണ് ഓഡിഷൻ നടത്തുന്നത്
കൊച്ചി: പൃഥ്വിരാജ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'കാളിയൻ'. 2018 ൽ അനൌൺസ് ചെയ്ത സിനിമ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. ഇപ്പോൾ സിനിമാഭിനയ പ്രേമികൾക്ക് വലിയ അവസരങ്ങളുമായിട്ടാണ് കാളിയൻ ടീമിന്റെ പുതിയ പ്രഖ്യാപനം
സിനിമയിലേക്ക് അഭിനേതാക്കളെ തേടിക്കൊണ്ട് ഓഡിഷൻ വാർത്ത പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ വരുന്ന മേയ് 19, 20 തീയതികളിൽ ആയി കൊച്ചിയിൽ വെച്ച് ആദ്യ ഓഡിഷൻ നടക്കും. കൂടാതെ കേരളത്തിന് പുറത്ത് വേറെയും സ്ഥലങ്ങളിലായി ഓഡിഷൻസ് ഉണ്ടാകും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്കാണ് മെയ് 19 ന് ഓഡീഷൻ നടത്തുന്നത്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് മെയ് 20 ന് ആണ് ഓഡീഷൻ.
Read Also: കോമഡി ഹിറ്റ് ചിത്രം 'മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്' ടിവി പ്രീമിയർ സീ കേരളത്തില്‍
2018- ൽ അനൗൻസ് ചെയ്‌തപ്പോൾ മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട് കാളിയൻ. പൃഥ്വിരാജിന്റെ ശബ്ദത്തിൽ വന്ന മോഷൻ ടീസർ ട്രെൻഡിങ് ആയിരുന്നു. ഇരുപത്തിയഞ്ചു ലക്ഷത്തിലധികം വ്യൂസ് നേടുകയും ചെയ്‌തു. തെക്ക് നിന്നുള്ള ഒരു അസാധാരണ വീരഗാഥ എന്നാണ് മോഷൻ ടീസറിൽ കുറിച്ചിട്ടുള്ളത്. വേണാട്ടിലെ അമരൻമാരായ പോരാളികളുടെ ജീവിതവും ത്യാഗങ്ങളും വീരത്വവും എന്നാണ് വിശേഷണം.
മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് കാളിയൻ നിർമിക്കുന്നത്. വലിയ മുതൽമുടക്കിൽ വരുന്ന ചിത്രമാണ് കാളിയൻ. ഓർഡിനറി, അനാർക്കലി തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമാതാവ് ആയ രാജീവ് ഒട്ടേറെ സിനിമകൾക്ക് ഗാനങ്ങൾ രചിച്ചിട്ടുള്ള കവിയും കൂടിയാണ്. നവാഗതനായ ഡോക്ടർ എസ് മഹേഷ് ആണ് സംവിധാനം. ആയോധനകലയിൽ പ്രാവിണ്യം നേടിയ മഹേഷിന്റെ അഗസ്ത്യ എന്ന കളരി പ്രശസ്തമാണ്. ബിടി അനിൽകുമാർ ആണ് രചിയിതാവ്. ലൂസിഫർ, ദൃശ്യം, എസ്രാ തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ സുപരിചിതനായ സുജിത് വാസുദേവ് ആണ് ക്യാമറ കൈകാര്യം ചെയുന്നത്. മറ്റു നടന്മാരുടെയും ടെക്‌നിഷ്യൻസിന്റെ കാര്യത്തിലും അന്തിമ തീരുമാനം ആകുന്നതേയുള്ളു. കൂടുതൽ വിവരങ്ങൾ പുറകെ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.