കൊച്ചി: യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക് സംബന്ധിച്ച തുടര്‍ നടപടികള്‍ക്കായുള്ള ചര്‍ച്ച ഇന്ന്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് കൊച്ചിയിലാണ് യോഗം ചേരുന്നത്. രാവിലെ 11 മണിക്കാണ് യോഗം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഷെയ്‌നിനെതിരെ കടുത്ത നടപടി വേണമെന്ന തീരുമാനത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ഭൂരിപക്ഷം അംഗങ്ങളും. ഉപേക്ഷിച്ച സിനിമകള്‍ക്ക് ചെലവായ 7 കോടി രൂപ തിരികെ വാങ്ങാന്‍ നിയമ നടപടിയും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. 


നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് ഷെയ്ൻ നിഗം വിളിച്ചത് ക്ഷമിക്കാനാവില്ലെന്ന നിലപാടിലാണ് സംഘടന. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഷെയ്നിന്‍റെ പ്രതികരണം.


അതേസമയം, ഷെയ്ൻ നിഗത്തിന്റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ വിളിച്ച, അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ യോഗം മാറ്റിവച്ചു. 


ഈ മാസം 22ന് നടത്താനിരുന്ന യോഗമാണ് ഭാരവാഹികൾ മാറ്റി വച്ചത്. മോഹന്‍ലാല്‍ സ്ഥലത്തില്ലാത്തതാണ് യോഗം മാറ്റിവയ്ക്കാന്‍ കാരണം. 


എല്ലാ സംഘടനകളുടെയും വികാരങ്ങൾ മാനിച്ചായിരിക്കും തീരുമാനമെന്നും മോഹൻലാൽ തിരിച്ചെത്തിയ ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നുമാണ് സംഭവത്തില്‍ ഫെഫ്കയുടെ നിലപാട്. ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു.