സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പര്യാപ്തമായ പ്രതിഫലം നല്‍കിയില്ലെന്ന ആരോപിച്ച നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണിന് മറുപടിയുമായി നിര്‍മ്മാതാക്കള്‍. കരാര്‍ പ്രകാരമുള്ള തുക നല്‍കിയിട്ടുണ്ടെന്നും തെറ്റിദ്ധാരണയുടെ പേരിലുള്ള ആരോപണമാണ് സാമുവല്‍ നടത്തിയിരിക്കുന്നതെന്നും നിര്‍മ്മാതാക്കളായ ഷൈജു ഖാലിദും സമീര്‍ താഹിറും വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫേസ്ബുക്കിലൂടെയാണ് നിര്‍മ്മാതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. 


സിനിമ വിജയിക്കുകയാണെങ്കില്‍ സമ്മാനത്തുക നല്‍കാമെന്ന് പറഞ്ഞിരുന്നതായി സമ്മതിച്ച നിര്‍മ്മാതാക്കള്‍ നിലവില്‍ സിനിമയുടെ ലാഭവിഹിതം തങ്ങളുടെ കയ്യില്‍ എത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. അത് ലഭിച്ചതിന് ശേഷം കണക്കുകൾ തയാറാക്കി ആനുപാതികമായ തുക നല്‍കുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. 



വംശവെറി നേരിട്ടെന്ന ആരോപണം വേദനാജനകമെന്ന് ഇരു നിര്‍മ്മാതാക്കളും ഫേസ്ബുക്കില്‍ കുറിച്ചു. വാഗ്ദാനം ചെയ്ത തുകയിൽ അതൃപ്തിയുണ്ടായിരുന്നെങ്കില്‍ സിനിമയുമായി സഹകരിക്കാതിരിക്കാനുള്ള സ്വതന്ത്ര്യം സാമുവലിന് ഉണ്ടായിരുന്നു. അതിന് പകരം പ്രതിഫലത്തുകയില്‍ വംശീയമായ വ്യാഖ്യാനങ്ങൾ ചേർക്കപ്പെടുന്നത് വേദനാജനകമാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 


തെറ്റിദ്ധാരണകള്‍ തിരുത്തപ്പെടുമെന്നും സൗഹൃദം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷ പങ്കു വച്ചുകൊണ്ടാണ് നിര്‍മ്മാതാക്കളായ ഷൈജു ഖാലിദും സമീര്‍ താഹിറും ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. 


സിനിമയില്‍ അഭിനയിക്കാനെത്തിയ തനിക്ക് വിവേചനം നേരിട്ടെന്നും പ്രതിഫലത്തില്‍ പക്ഷപാതം കാണിച്ചെന്നും ആരോപിച്ച് നൈജീരിയിന്‍ താരമായ സാമുവല്‍ റോബിന്‍സണ്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വച്ചിരുന്നു. അത് വിവാദമായതോടെയാണ് വിശദീകരണവുമായി നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. ഹാപ്പി അവേഴ്സ് ബാനറിന് വേണ്ടി  ഷൈജു ഖാലിദും സമീര്‍ താഹിറുമാണ് സുഡാനി ഫ്രം നൈജീരിയ നിര്‍മ്മിച്ചത്. മികച്ച അഭിപ്രായം നേടി നിറഞ്ഞ സദസുകള്‍ ചിത്രം പ്രദര്‍ശനം തുടരുന്നതിനിടയിലാണ് പ്രതിഫല വിവാദം.