Jailer: കേരളത്തില്‍ കൊടുങ്കാറ്റായി ജയിലര്‍; രജനി ചിത്രം 50 കോടി ക്ലബ്ബിലേയ്ക്ക്
Jailer Kerala box office collection: ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 500 കോടി ക്ലബ്ബിൽ കയറിയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ 13 ദിവസമായി ബോക്‌സ് ഓഫീസിന് ആകെ മൊത്തം തീപിടിച്ച അവസ്ഥയാണ്. രജനികാന്ത് നായകനായെത്തിയ ജയിലര്‍ എന്ന ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മുന്നേറുന്ന കാഴ്ചയാണ് കാണാനാകുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 500 കോടിയും കഴിഞ്ഞ് മുന്നേറുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
തമിഴ്‌നാട്ടില്‍ മാത്രമല്ല, ഇങ്ങ് കേരളത്തിലും ജയിലര്‍ ആഘോഷമാകുകയാണ്. കാരണം രജനികാന്തിനൊപ്പം മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ജയിലര്‍. മാത്രമല്ല, കഴിഞ്ഞ നാല് വര്‍ഷത്തോളമായി മോഹന്‍ലാലില്‍ നിന്ന് വലിയ ഹിറ്റുകളോ മികച്ച കഥാപാത്രങ്ങളോ ഒന്നും ആരാധകര്‍ക്ക് ലഭിച്ചിരുന്നില്ല. ജയിലറിലെ മാത്യു എന്ന അധോലോക നേതാവായി മോഹന്‍ലാല്‍ സ്‌ക്രീനില്‍ നിറഞ്ഞു നിന്നപ്പോള്‍ കേരളത്തില്‍ ജയിലറിന്റെ കളക്ഷന്‍ കുതിച്ചുയര്‍ന്നു.
ALSO READ: മാളികപ്പുറത്തിന് പിന്നാലെ 'ജയ് ഗണേശ്'; ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ
കേരളത്തില്‍ ജയിലറിന്റെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെറും 13 ദിവസങ്ങള്‍ കൊണ്ട് ചിത്രം 50 കോടി ക്ലബ്ബിലേയ്ക്ക് അടുക്കുകയാണ്. ഇതിനോടകം തന്നെ 46.45 കോടിയാണ് ജയിലര്‍ സ്വന്തമാക്കിയതെന്ന് ഇ ടൈംസ് എന്റര്‍ടെയ്ന്‍മെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കാമിയോ വേഷത്തില്‍ ഏതാനും മിനിട്ടുകള്‍ മാത്രമേ ഉള്ളൂവെങ്കിലും ചിത്രത്തില്‍ രജനികാന്തിന് മേല്‍ സ്‌കോര്‍ ചെയ്യാന്‍ മോഹന്‍ലാലിന് കഴിഞ്ഞെന്നാണ് ആരാധകര്‍ പറയുന്നത്. മോഹന്‍ലാലിന് പുറമെ മലയാളത്തില്‍ നിന്ന് നടന്‍ വിനായകനാണ് ജയിലറില്‍ വില്ലനായെത്തുന്നത്. പ്രതീക്ഷിച്ചതിനും മുകളില്‍ തലൈവര്‍ക്ക് ഒത്ത വില്ലനാകാന്‍ വിനായകന് കഴിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് പുറമെ, കന്നഡയിലെ സൂപ്പര്‍ സ്റ്റാര്‍ ശിവ രാജ്കുമാറും കാമിയോ വേഷത്തില്‍ വന്ന് കൈയ്യടി നേടുന്നു. തമന്നയുടെ കാവാലയ ഗാനവും നൃത്തച്ചുവടുകളും തിയേറ്ററുകളില്‍ ആഘോഷമായി മാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...