Kollywood Updates: മുന്നിൽ ഈ ചിത്രങ്ങൾ തന്നെ! ജയിലറിന് മറികടക്കാനായത് ഇവയെ; ആദ്യ ദിനം കേരളത്തിൽ വൻ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങൾ
2023ൽ കേരളത്തിൽ പുറത്തിറങ്ങിയ അന്യഭാഷാ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത് ജയിലർ ആണ്.
കേരള ബോക്സ് ഓഫീസിൽ തീപ്പൊരി സൃഷ്ടിച്ച് കുതിപ്പ് തുടരുകയാണ് രജനികാന്ത്-നെൽസൺ ചിത്രം ജയിലർ. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന്റെ പരാജയത്തിന് ശേഷം നെൽസൺ ഒരുക്കിയ ചിത്രം തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ വമ്പൻ ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. 100 കോടിക്കടുത്ത് ഇതിനോടകം നേടിക്കഴിഞ്ഞു ചിത്രം. കേരളത്തിൽ നിന്ന് മാത്രം 5.85 കോടിയാണ് ആദ്യ ദിനം ജയിലർ നേടിയത്. ബീസ്റ്റിന്റെ പരാജയം ജയിലറിനെ ഒരുതരി പോലും ബാധിച്ചിട്ടില്ല എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
തലൈവർ രജനികാന്തിന്റെ ആരാധകർക്ക് എങ്ങനെ കാണണമോ ആ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് നെൽസൺ എന്ന സംവിധായകൻ. സൂപ്പർ സ്റ്റാറിന്റെ സ്റ്റൈലിൽ നെൽസൺ കോംപ്രമൈസ് ചെയ്തിട്ടില്ല എന്ന് തന്നെ പറയാം. ഒപ്പം മോഹൻലാൽ, ശിവരാജ് കുമാർ എന്നിവരെയും വളരെ സ്റ്റൈലിഷായി അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് സിനിമകൾക്ക് പൊതുവെ കേരളത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത് ജയിലറിന്റെ കാര്യത്തിലും അങ്ങനെ തന്നെ സംഭവിച്ചു. ആദ്യ ദിനം കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ മൂന്നാം സ്ഥാനത്താണ് ജയിലർ ഇടം പിടിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് നെൽസൺ-വിജയ് ചിത്രം ബീസ്റ്റ് തന്നെയാണ്.
കേരളത്തിൽ റിലീസ് ചെയ്ത് ഫസ്റ്റ് ഡേ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 5 തമിഴ് ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
ബീസ്റ്റ് - വിജയിയെ നായകനാക്കി നെൽസൺ ഒരുക്കിയ ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്ഡെ ആയിരുന്നു ചിത്രത്തിലെ നായിക. വമ്പൻ ട്രോളുകൾ നേരിട്ട് പരാജയപ്പെട്ട ചിത്രമായിരുന്നു ബീസ്റ്റ്. വിജയ് ആരാധകർക്ക് പോലും സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് പറയാം. എന്നാൽ സാമ്പത്തികമായി ചിത്രം വലിയ നേട്ടമാണ് സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം ചിത്രം നേടിയത് 6.6 കേടി രൂപയാണ്. കേരളത്തിൽ റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ വലിയ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് ബീസ്റ്റ്.
സർക്കാർ - വിജയ് നായകനായ ചിത്രമാണ് സർക്കാർ.കേരളത്തിൽ ആദ്യ ദിവസത്തിൽ തന്നെ വലിയ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തും വിജയ് ചിത്രം തന്നെയാണ്. 6.05 കോടി രൂപയാണ് ചിത്രം കേരളത്തിൽ നിന്ന് ഫസ്റ്റ് ഡേ നേടിയത്. സൺ പിക്ചേഴ്സ് നിർമ്മിച്ച് എ.ആർ മുരുകദോസ് ഒരുക്കിയ ചിത്രത്തിൽ കീർത്തി സുരേഷ് ആയിരുന്നു നായിക. ഈ ചിത്രത്തിനും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടാനായിരുന്നില്ല.
ജയിലർ - ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് ജയിലർ ഇടം നേടിയിരിക്കുന്നത്. 5.85 കോടി രൂപ ആദ്യ ദിവസം തന്നെ നേടിയെടുത്തിരിക്കുകയാണ് നെൽസൺ-രജനികാന്ത് ചിത്രം. മോഹൻലാൽ, ശിവരാജ് കുമാർഡ, ജാക്കി ഷ്രോഫ്, സുനിൽ, രമ്യാ കൃഷ്ണൻ, തമന്ന, വസന്ത് രവി, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഇനിയുള്ള ദിവസങ്ങളിൽ ചിത്രം എത്ര നേടും എന്നതേ ഇനി അറിയാനുള്ളൂ.
വിക്രം - ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ആണ് നാലാം സ്ഥാനത്തുള്ളത്. കമൽ ഹാസൻ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരെയ്ൻ, ചെമ്പൻ വിനോദ് തുടങ്ങിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 5.02 കോടിയാണ് ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് നേടിയത്.
ബിഗിൽ - വിജയ് ചിത്രം ബിഗിൽ ആണ് അഞ്ചാം സ്ഥാനത്തുള്ളത്. 4.78 കോടിയാണ് കേരളത്തിൽ ഫസ്റ്റ് ഡേ ചിത്രം നേടിയത്. ആറ്റ്ലി സംവിദാനം ചെയ്ത ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് വിജയ് എത്തിയത്. നയൻതാരയായിരുന്നു ചിത്രത്തിൽ നായിക.
അതേസമയം 2023ൽ പുറത്തിറങ്ങിയ അന്യഭാഷാ ചിത്രങ്ങളിൽ ഫസ്റ്റ് ഡേ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാമത് നിൽക്കുന്നത് ജയിലറാണ്.
ജയിലർ - 5.85 കോടി
വാരിസ് - 4.45 കോടി
പൊന്നിയിൻ സെൽവൻ 2 - 2.82 കോടി
പഠാൻ - 1.95 കോടി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...