മലയാളത്തിൽ നടീ നടന്മാരുടെയും തീയറ്റർ ഉടമകളുടെയും സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുമ്പോൾ ചിലർ തമാശയായും സീരിയസായുമൊക്കെ പറയാറുണ്ട് നിങ്ങൾ ഹോളിവുഡിനെ കണ്ട് പഠിക്ക്, അവിടെ ഇത്തരം അനാവശ്യ ബഹളങ്ങളോ പ്രതിഷേധങ്ങളോ ഒന്നും ഉണ്ടാകാറില്ലെന്ന്. എന്നാൽ ഇന്ന് ഹോളിവുഡ് മലയാള സിനിമയോ എന്തിന് ഇന്ത്യൻ സിനിമയോ ഇന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത ഒരു വൻ പ്രതിഷേധത്തിന് വേദിയായിരിക്കുകയാണ്. ഇതിൽ ലക്ഷക്കണക്കിന് പേർ തൊഴിൽ ചെയ്യുന്ന ഹോളിവുഡ് ഇൻഡസ്ട്രി ഒന്നടങ്കം സ്തംഭിച്ചു. 63 വർഷങ്ങൾക്ക് ശേഷം ഇംഗ്ലീഷ് സിനിമാ ലോകം അക്ഷരാർത്ഥത്തിൽ നിശ്ചലമായി മാറിയെന്ന് തന്നെ പറയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ മേയ് മുതൽ ഹോളിവുഡില്‍ എഴുത്തുകാരുടെ സമരം തുടർന്നുവരികയാണ്. പ്രതിഫലത്തിലെ കുറവും ക്രിയേറ്റീവ് സൈഡിലെ സ്റ്റുഡിയോകളുടെ അനാവശ്യ കൈകടത്തലുകളും തുടങ്ങി നിരവധി വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് എഴുത്തുകാർ സമരം ആരംഭിച്ചത്. യുഎസിലെ തെരുവുകളിലൂടെ അവർ പ്ലക്കാർഡുകളും പിടിച്ച് നടത്തിയ പ്രതിഷേധ റാലി അമേരിക്കൻ മാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമായെങ്കിലും മറ്റ് രാജ്യങ്ങളിൽ ഇത് അത്ര പ്രശ്നമായിരുന്നില്ല. എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുൻപ് അഭിനേതാക്കളുടെ സംഘടനയും എഴുത്തുകാർക്ക് പിൻതുണയുമായി ഈ സമരത്തിൽ പങ്കാളികളായതോടെയാണ് ഹോളിവുഡിലെ പ്രശ്നങ്ങൾ ലോകം മുഴുവൻ ചർച്ചയായി മാറിയത്.


ALSO READ: Jawan: ഷാരൂഖ് ഖാന് 100 കോടി? നയൻതാരയുടെ പ്രതിഫലം എത്ര; ജവാൻ താരങ്ങളുടെ പ്രതിഫലത്തിന്റെ കണക്ക് ഇങ്ങനെ


എന്താണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം?


മുൻ കാലങ്ങളിൽ പുറത്തിറങ്ങിയിരുന്ന ഫ്രണ്ട്സ്, സ്ട്രെയ്ഞ്ചർ തിങ്സ് പോലുള്ള ടെലിവിഷൻ സീരീസുകളുടെ കാര്യം നമുക്കറിയാം. അവ മാസങ്ങളോളം നീണ്ടുനിൽക്കുന്ന തരത്തിലാണ് ടിവി ചാനലുകളിൽ സംപ്രേഷണം ചെയ്തിരുന്നത്. ഇത് കാരണം എഴുത്തുകാർക്ക് അത്രയും കൂടുതൽ സമയം ജോലിയും ശമ്പളവും കിട്ടും. ഇതിന് പുറമേ അവരെ സീരീസുകളുടെ നിർമ്മാണ സമയത്തും പങ്കാളികളാക്കും. ഓരോ എപ്പിസോഡും ചാനലുകളിൽ സംപ്രേഷണം ചെയ്യുമ്പോഴുള്ള ടിആർപി റേറ്റിങ്ങിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ ഒരു ഭാഗം പ്രൊഡക്ഷൻ കമ്പനികൾ എഴുത്തുകാർക്കും നൽകിയിരുന്നു.


എന്നാൽ ഇന്ന് സീരീസുകളുടെ മട്ടും ഭാവവും മാറി. മുൻപ് മാസങ്ങളോളം നീണ്ടുനിന്നിരുന്ന ടെലിവിഷൻ സീരീസുകളായിരുന്നുവെങ്കിൽ ഇന്ന് എട്ടും പത്തും എപ്പിസോഡുകൾ മാത്രമുള്ള ഒടിടി സീരീസുകളായി മാറി. പ്രൊഡക്ഷൻ കമ്പനികൾക്ക് ഇത്തരം മിനി സീരീസുകൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ എക്സ്ക്ലൂസീവായി സ്ട്രീം ചെയ്യുന്നതുവഴി വൻ ലാഭം ലഭിക്കുന്നു. ഇതിന് ശേഷം അവ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുമ്പോൾ അത്രത്തോളം വ്യൂവേഴ്സിനെ ലഭിക്കില്ല. അതുകൊണ്ടുതന്നെ എഴുത്തുകാർക്ക് ലാഭത്തിന്‍റെ പങ്ക് നൽകേണ്ട ആവശ്യമില്ല.


സീരീസുകളുടെ വലിപ്പം കുറഞ്ഞത് കാരണം എഴുത്തുകാർക്ക് ജോലി ചെയ്യേണ്ട ദിവസങ്ങളുടെ എണ്ണം കുറഞ്ഞു. ഇതോടെ അവർക്ക് കിട്ടുന്ന വരുമാനവും കുറഞ്ഞു. ഒരു വർഷം ഒന്നോ രണ്ടോ സീരീസുകൾ കമ്മിറ്റ് ചെയ്താൽത്തന്നെ ആ വർഷം മുഴുവൻ ജീവിക്കാനാവശ്യമായ തുക കിട്ടിയിരുന്ന എഴുത്തുകാർക്ക് ജോലി ഇല്ലാതായി മാറി. എഴുത്തുകാർക്ക് പ്രൊഡക്ഷൻ സമയത്തുള്ള പങ്കാളിത്തവും എടുത്തുകളഞ്ഞതോയെ ഇവർ അക്ഷരാർത്ഥത്തിൽ വൻ പ്രതിസന്ധിയിലായി. ഇതിനെത്തുടർന്നാണ് ന്യായമായ ജോലിയും ശമ്പളവും ആവശ്യപ്പെട്ട് മേയ് മാസം മുതൽ എഴുത്തുകാർ സമരത്തിനിറങ്ങിയത്.


നടന്മാരുടെ സംഘടനകളുടെ സമരവും 


ഏറെക്കുറെ സമാനമാണെങ്കിലും ചെറിയ വ്യത്യാസങ്ങളും ഇതിലുണ്ട്. നടന്മാരുടെ സംഘടനകളായ ദി സ്ക്രീൻ ആക്ടേഴ്സ് ഗിൽഡും, അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റുമാണ് പ്രധാനമായും സമര രംഗത്തുള്ളത്. വാൾട്ട് ഡിസ്നി കമ്പനി, നെറ്റ്ഫ്ലിക്സ്, ഇൻക് എന്നിവയുൾപ്പെടെയുള്ള സ്റ്റുഡിയോകളെ പ്രതിനിധീകരിക്കുന്ന അലയൻസ് ഓഫ് മോഷൻ പിക്ചർ ആന്‍റ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സുമായി പുതിയ തൊഴിൽ കരാറിൽ ഏർപ്പെടുന്നതിനുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഏകദേശം 1,60,000 കലാകാരന്മാര്‍ ഉള്‍പ്പെടുന്ന സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് സമര രംഗത്തേക്കിറങ്ങിയത്. ടോം ക്രൂസ്, ആഞ്ജലീന ജോളി, ജോണി ഡെപ്പ് എന്നിങ്ങനെയുള്ള എ-ലിസ്റ്റ് താരങ്ങൾ ഉൾപ്പെടുന്ന സംഘടനയാണിത്. ശമ്പളം വർദ്ധിപ്പിക്കുക, തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, ആരോഗ്യ, പെൻഷൻ ആനുകൂല്യങ്ങൾ ഉയർത്തുക, സിനിമകളിൽ അഭിനേതാക്കളെ ഒഴിവാക്കിയുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഉപയോഗം കുറയ്ക്കുക എന്നിവയാണ് താരങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ.
 


Also Read: MT Vasudevan Nair Birthday: എഴുത്തിൽ വിസ്മയം തീർത്ത ആ 'രണ്ടക്ഷരം'; നവതി നിറവിൽ എം.ടി


1960 ന് ശേഷം ഹോളിവുഡില്‍‌ എഴുത്തുകാരുടെയും അഭിനേതാക്കളുടെയും യൂണിയനുകൾ ഒരേസമയം പണിമുടക്കുന്നത് ഇതാദ്യമാണ്. ഇതോടെ വൻ സ്റ്റുഡിയോകളുടെ നിരവധി സിനിമകളും സീരീസുകളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സ്ട്രൈഞ്ചര്‍ തിംഗ്സ്, ദ ഹാന്‍റ്മെയിഡ് ടെയില്‍ തുടങ്ങിയ ജനപ്രിയ പരമ്പരകളുടെ നിർമ്മാണം സമരം മൂലം ബാധിച്ചു. ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരുന്ന മാർവലിന്‍റെ ഡെഡ്പൂൾ 3 യുടെ ചിത്രീകരണം നിർത്തിവയ്ക്കേണ്ടി വന്നു.


ഇതിന് പുറമേ എംസിയുവിന്‍റെ ഭാഗമായി പുറത്തിറങ്ങാനിരുന്ന ബ്ലേഡ്, തണ്ടർബോൾട്ട് തുടങ്ങിയ വന്‍ ചിത്രങ്ങളുടെ റിലീസുകൾ വൈകും എന്നാണ് വിവരം.  സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരുന്ന അവതാർ 3,4 ഭാഗങ്ങളുടെയും, മുസാഫ; ദി ലയൺ കിംഗ്,  ഗോഡ്ബസ്റ്റേഴ്സ് 4 എന്നീ ചിത്രങ്ങളുടെയും ഷൂട്ടിങ് മുടങ്ങി. ഷൂട്ടിങ്ങിന് പുറമേ നിലവിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്നും താരങ്ങൾ വിട്ടുനിൽക്കും.


ലോക സിനിമാ പ്രേമികൾ ഉറ്റുനോക്കുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമറിന്‍റെ ലണ്ടൻ പ്രീമിയർ വേദിയിൽ നിന്നും ഇറങ്ങിപ്പോയാണ് കിലിയൻ മർഫി, റോബർട്ട് ഡൗണി ജൂനിയർ, എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, ഫോറൻസ് പഗ് എന്നിവർ സമരത്തിൽ പങ്കാളികളായത്. അതേ സമയം ഈ സമരത്തില്‍ മുന്‍ നിര താരങ്ങളുടെ സാമ്പത്തിക കരാര്‍ പ്രശ്നമാകില്ല. സാധാരണ എ-ലിസ്റ്റ് നടന്മാര്‍ക്ക് സ്റ്റുഡിയോകളുമായി വ്യക്തിഗത കരാറാണുള്ളത്. എന്നാൽ ഇവർ താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഒരു ചിത്രത്തിന്‍റെയും ഷൂട്ടിങ്ങ് നിലവിൽ മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.