ആർ മാധവന്‍റെ സംവിധാനത്തിൽ മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്‍ഞൻ നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് റോക്കട്രി: ദി നമ്പി എഫക്ട്. മാധവൻ തന്നെയാണ് പ്രധാന കഥാപാത്രമായ നമ്പി നാരായണനെ അവതരിപ്പിച്ചിരിക്കുന്നത്. മാധവന് പുറമേ സിമ്രാൻ, രജിത് കപൂർ, ദിനേഷ് പ്രഭാകർ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരേ സമയം തമിഴിലും ഹിന്ദിയിലും പുറത്തിറങ്ങിയ ഈ ചിത്രം മലയാളം, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ മൊഴിമാറ്റം ചെയ്തും പുറത്തിറങ്ങിയിട്ടുണ്ട്. ഐ.എസ്.ആർ.ഒ ചാരക്കേസിന് മുൻപും ശേഷവുമുള്ള നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്‍റെ ജീവിത യാത്രയാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം. പൂർണ്ണമായും നമ്പി നാരായണന്‍റെ ദൃഷ്ടിയിൽ നിന്നാണ് ചിത്രത്തിലെ എല്ലാ സംഭവങ്ങളെയും വിലയിരുത്തുന്നത്. 


ALSO READ: Rocketry The Nambi Effect: ടൈംസ് സ്‌ക്വയറിൽ തെളിഞ്ഞ് റോക്കട്രി; ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളിലേക്ക്


ഐ.എസ്.ആർ.ഒ യും റോക്കറ്റ് സയൻസും പ്രധാന സംഭവങ്ങളായി വരുന്ന ചിത്രം ബയോപിക്കിനൊപ്പം ഒരു സയൻസ് ചിത്രം കൂടിയാണ്. റോക്കട്രി: ദി നമ്പി എഫക്ടിന്‍റെ ഹിന്ദി വെർഷനിൽ ഷാരൂഖ് ഖാനും തമിഴിൽ സൂര്യയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. 


നോൺ ലീനിയർ പാറ്റേണിൽ കഥ പറഞ്ഞ് പോകുന്ന ചിത്രം ആരംഭിക്കുന്നത് ഐ.എസ്.ആർ.ഒ ചാരക്കേസിൽ ആദ്യമായി നമ്പി നാരായണന്‍റെ പേര് മാധ്യമങ്ങളിൽ വരുന്ന ദിവസം ആണ്.  നമ്പി നാരായണന്‍റെ തിരുവനന്തപുരത്തെ വീട് പശ്ചാത്തലമാക്കിയാണ് ചിത്രം ആരംഭിക്കുന്നത്. ആ വീട്ടിലെ ഓരോ അംഗങ്ങളും ജോലിക്കും മറ്റ് സ്ഥലങ്ങളിലും പോകുമ്പോൾ പത്രത്തിൽ വന്ന വാർത്തയുടെ പശ്ചാത്തലത്തിൽ എല്ലാപേരും അവരോട് മോശമായി പെരുമാറുന്നു.


തുടർന്ന് ക്ഷേത്ര ദർശനത്തിനായി എത്തിയ നമ്പി നാരായണനെ പോലീസ് മർദ്ദിച്ച് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നതുമാണ് ചിത്രത്തിന്‍റെ തുടക്കത്തില്‍ കാണിക്കുന്ന രംഗങ്ങൾ. തുടർന്ന് ആ സംഭവത്തിന് വർഷങ്ങൾക്ക് ശേഷം ഒരു ടെലിവിഷൻ ചാനലിന് വേണ്ടി ബോളീവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ നമ്പി നാരായണനെ അഭിമുഖം ചെയ്യുന്നതാണ് കാണിക്കുന്നത്. ഇവിടെ നിന്നും നമ്പി നാരായണൻ കഥ പറയുന്ന രൂപത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. 


1969 ൽ ഇന്ത്യയുടെ ആദ്യ റോക്കറ്റ് മിഷൻ ആരംഭിക്കുന്നത് മുതലുള്ള സംഭവങ്ങൾ ചിത്രത്തിൽ പരാമർശിക്കുന്നതിനാൽ ഐ.എസ്.ആർ.ഒയിലെ എക്കാലത്തെയും മികച്ച ശാസ്ത്രജ്ഞന്മാരായ ഡോക്ടർ എ.പി.ജെ അബ്ദുൾ കലാമും വിക്രം സാരാഭായിയും എല്ലാം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇന്ത്യയുടെ റോക്കറ്റ് ടെക്നോളജി ഖര വാതകത്തിൽ നിന്നും ലിക്വിഡ് ഫ്യുവലിലേക്കും അവിടെ നിന്നും ക്രയോജനിക് എൻജിനിലേക്കുമുള്ള വളർച്ചയില്‍ നമ്പി നാരായണൻ വഹിച്ച പങ്ക് അദ്ദേഹത്തിന്‍റെ ജീവിത യാത്രയുടെ രൂപത്തിൽ ചിത്രത്തിൽ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.


എങ്കിലും ശാസ്ത്രീയ നാമങ്ങളും റോക്കറ്റ് എൻജിന്‍റെ പ്രവർത്തനവും വിശദീകരിക്കുന്ന ചിത്രം ചില സമയങ്ങളിൽ ഒരു പക്കാ സയൻസ് പുസ്തകത്തിന്‍റെ അനുഭവം സമ്മാനിച്ചു. ഇത്തരത്തിലെ ചിത്രത്തിന്‍റെ അവതരണം സാധാരണക്കാരന് പൂർണ്ണമായും മനസ്സിലാക്കാനാകുമോ എന്നത് സംശയമാണ്. മിഷൻ മംഗൽ പോലെ ചിത്രത്തിലെ ശാസ്ത്രീയ വശങ്ങൾ കുറച്ച് കൂടി ലളിതമായി അവതരിപ്പിക്കാമായിരുന്നു.


നമ്പി നാരായണനായുള്ള മാധവന്‍റെ പ്രകടനത്തിൽ പലപ്പോഴും അദ്ദേഹത്തിന്‍റെ മുൻ ചിത്രങ്ങളില്‍ ഉള്ളതിന് സമാനമായി മാധവന്‍റെ മാനറിസങ്ങൾ എടുത്ത് കാണിക്കുന്നുണ്ട്. സംവിധാനത്തിൽ അദ്ദേഹം മികച്ച് നിന്നപ്പോൾ അഭിനേതാവ് എന്ന നിലക്ക് പല സ്ഥലത്തും പാളിയത് പോലെയാണ് അനുഭവപ്പെട്ടത്. ചാരക്കേസിന്‍റെ ഇതുവരെ കണ്ടിട്ടില്ലാത്ത അധ്യായങ്ങൾ ചിത്രത്തിൽ കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം.


നമ്പി നാരായണന്‍റെ ജീവിതത്തിലെ ഒരു കറുത്ത അധ്യായം എന്നതിൽ കവിഞ്ഞ് ചാരക്കേസിന് യാതൊരു പ്രാധാന്യവും റോക്കട്രി: ദി നമ്പി എഫക്ട് നൽകുന്നില്ല. ചാരക്കേസിനിടക്ക് അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഠനവും അത് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ ബാധിച്ചതും ചിത്രം വളരെ മികച്ച രീതിയിൽ കാണിക്കുന്നുണ്ട്.


നമ്പി നാരായണന്‍റെ ഭാര്യ, മീന നമ്പി ആയി സിമ്രാൻ വളരെ നല്ല പ്രകടനം കാഴ്ച്ച വച്ചു. ചാരക്കേസിനെ തുടര്‍ന്ന് അവർക്ക് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങളും സിനിമ നല്ല രീതിയിൽ ചിത്രീകരിച്ചു. സിമ്രാന്‍റെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് റോക്കട്രി: ദി നമ്പി എഫക്ട് എന്ന് നിസംശയം പറയാം. എങ്കിലും ചില സ്ഥലങ്ങളിൽ ചിത്രം മാനസികമായി പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നതിൽ പരാജയപ്പെടുന്നുമുണ്ട്. 


ALSO READ : 'Rocketry The Nambi Effect': ‘റോക്കട്രി ദി നമ്പി എഫക്റ്റ്’; നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കട്രി ദി നമ്പി എഫക്റ്റിലെ ഗാനത്തിന്റെ ടീസര്‍ പുറത്തിറക്കി


ചിത്രത്തിന്‍റെ അവസാനം മാധവന് പകരം നമ്പി നാരായണൻ ചിത്രത്തിലെ കഥാപാത്രമായി എത്തുന്നുണ്ട്. അദ്ദേഹത്തിന്‍റെ കഥകൾ കേട്ട ശേഷം ഷാരൂഖ് ഖാൻ അദ്ദേഹത്തിനോട് രാജ്യത്തിന് വേണ്ടി മാപ്പ് ചോദിക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. നമ്പി നാരായണന് രാജ്യത്തോട് മറുപടിയായി പറയാനുള്ള കാര്യങ്ങൾ ചിത്രത്തിന്‍റെ അവസാനം അദ്ദേഹത്തെക്കൊണ്ട് തന്നെ മാധവൻ പറയിപ്പിച്ചു.


ശേഷം അദ്ദേഹത്തിന് രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുന്നതിന്‍റെ ദൃശ്യങ്ങളും റോക്കട്രി: ദി നമ്പി എഫക്ടിന്‍റെ ക്ലൈമാക്സിൽ കാണിക്കുന്നുണ്ട്. ആദ്യം ഒരു ബയോപിക് എന്ന നിലയിൽ ആരംഭിച്ചെങ്കിലും അവസാനം നമ്പി നാരായണനെ അനുകൂലിക്കുന്ന ഒരു പ്രൊപ്പഗന്‍റ എന്ന രീതിയിലാണ് ചിത്രം അവസാനിക്കുന്നത്.  എങ്കിലും മൊത്തത്തിൽ കണ്ടിരിക്കാനാകുന്ന വളരെ എൻഗേജിങ്ങ് ആയുള്ള ഒരു ബയോപിക് ആണ് റോക്കട്രി: ദി നമ്പി എഫക്ട്.


 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ