Sesham Mike-il Fathima: മൈക്കുമായി പാത്തു റെഡി; `ശേഷം മൈക്കിൽ ഫാത്തിമ` ടീസറെത്തി, ഉടൻ തിയേറ്ററിലേക്ക്
കമന്റേറ്റർ ആകാൻ ആഗ്രഹിക്കുന്ന ഫാത്തിമയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന.
ഫാത്തിമ എന്ന കഥാപാത്രമായി വീണ്ടും കല്യാണി പ്രിയദർശനെത്തുന്ന ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. നവാഗതനായ മനു സി കുമാർ ഒരുക്കുന്ന ശേഷം മൈക്കിൽ ഫാത്തിമ എന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് കല്യാണിയെത്തുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. കമന്റേറ്റർ ആകാൻ ആഗ്രഹിക്കുന്ന ഫാത്തിമയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു ഗാനം അനിരുദ്ധ് രവിചന്ദർ പാടിയിട്ടുണ്ട്. പാട്ടിന് വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയയാണ്.
ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തിറക്കിയിരുന്നു. സംവിധായകനായ മനു തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സന്താന കൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കിരൺ ദാസാണ് എഡിറ്റർ. മിന്നൽ മുരളിയിലെ നായിക ഫെമിന ജോർജും സിനിമയിൽ പ്രധാനപ്പെട്ട വേഷം അവതരിപ്പിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഒടിടി അവകാശം. ചിത്രം ഉടൻ റിലീസിനെത്തും.
തല്ലുമാലയാണ് കല്യാണിയുടേതായി ഒടുവിലിറങ്ങിയ മലയാള ചിത്രം. വ്ളോഗർ പാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി തല്ലുമാലയിൽ അവതരിപ്പിച്ചത്. 2022ലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം 70 കോടിയിലേറെയാണ് 30 ദിവസം കൊണ്ട് ആഗോളതലത്തിൽ സ്വന്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...