വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത; മരണം കാമുകൻ നൽകിയ ശീതളപാനീയം കുടിച്ചതിനെ തുടർന്നെന്ന് ആരോപണം
അഭിതയെ കൊലപ്പെടുത്താൻ ഈ ശീതളപാനീയത്തിൽ വിഷം കലർത്തിയതായി സംശയം ഉണ്ടെന്ന് പറഞ്ഞാണ് അഭിതയുടെ `അമ്മ പരാതി നൽകിയിരിക്കുന്നത്
തിരുവനന്തപുരത്ത് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനി മരിച്ചു. ഇതിനെ തുടർന്ന് സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. കാമുകൻ പെൺകുട്ടിക്ക് നൽകിയ പാനീയം കുടിച്ചതിന് ശേഷമാണ് പെൺകുട്ടിക്ക് വയറുവേദന ആരംഭിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. തമിഴ്‌നാട് അതിർത്തിയ്ക്ക് സമീപമാണ് സംഭവം നടന്നത്. കന്യാകുമാരി നിദ്രവിള വാവറ സ്വദേശിയായ സി.അഭിതയാണ് മരിച്ചത് . 19 വയസായിരുന്നു. നവംബർ 5 ശനിയാഴ്ച്ചയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഭിത മരിച്ചത്.
സംഭവത്തിൽ അഭിതയുടെ 'അമ്മ തങ്കഭായി പൊലീസിൽ പരാതി നൽകി. നിദ്രവിള പൊലീസിനാണ് പരാതി നൽകിയിരിക്കുന്നത്. മരണപ്പെട്ട പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനെതിരെയാണ് പരാതി നല്കിയിരിക്കുന്നത്. ബന്ധുക്കൾ പറയുന്നതിനനുസരിച്ച് ഈ യുവാവും അഭിതയും തമ്മിൽ പ്രണയത്തിലായിരുന്നു. യുവാവ് വിവാഹ അഭ്യർഥനയും നടത്തിയിരുന്നു. എന്നാൽ പിന്നീട് ഈ യുവാവ് ഇതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കൂടാതെ പലതവണയായി യുവതിയെ ഒഴിവാക്കാനും യുവാവ് ശ്രമിച്ചതായി ആരോപണം ഉണ്ട്.
കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ കണ്ടിരുന്നു. ഇതിന് അടുത്ത ദിവസം മുതലാണ് അഭിതയ്ക്ക് വയറുവേദന ആരംഭിച്ചത്. ഈ യുവാവ് ഒരു ശീതളപാനീയം കുടിക്കാൻ നൽകിയതായി അഭിത പറഞ്ഞതായും അബിതയുടെ 'അമ്മ പറയുന്നുണ്ട്. അഭിതയെ കൊലപ്പെടുത്താൻ ഈ ശീതളപാനീയത്തിൽ വിഷം കലർത്തിയതായി സംശയം ഉണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. കടുത്ത വയറുവേദന അനുഭവപ്പെട്ട അഭിതയെ ആദ്യം മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് വേദന മൂർഛിച്ചപ്പോൾ തിരുവനന്തപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അബിതയുടെ മരണം. അബിതയുടെ കരളിന്‍റെ പ്രവർത്തനം പൂർണമായും തകരാറിൽ ആയതായാണ് മരണ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...