Murali Gopy Interview: എപ്പോഴെത്തും എമ്പുരാൻ ? `മുരളി ഗോപിയോടൊപ്പം` പ്രത്യേക അഭിമുഖം
മലയാളത്തിന്റെ പ്രീയപ്പെട്ട നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുമായി സീ മലയാളം ന്യൂസ് പ്രതിനിധി അഖിൽ എം എസ് നടത്തിയ പ്രത്യേക അഭിമുഖം.
കോവിഡ് മഹാമാരിയുടെ ആശങ്കകൾക്ക് ശേഷം , നിയന്ത്രണങ്ങളൊക്കെ പിൻവലിച്ച് സിനിമാമേഖലയും വീണ്ടും സജീവമായിക്കുന്ന വേളയിൽ പുത്തൻ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി
വരാനിരിക്കുന്ന ഏറ്റവും പുതിയ പ്രോജക്ടുകൾ ഏതൊക്കെ
അഭിനയിക്കുന്നതിൽ കൊച്ചാൾ,കനകരാജ്യം എന്നീ സിനിമകളാണ് ഇനി വരാനുള്ളത്. കൊച്ചാൾ കോവിഡിന് മുൻപ് ഷൂട്ടിംഗ് ഒരു സെഗ്മെന്‍റ് തീർന്നു. ജൂണിൽ റിലീസിന് തയ്യാറെടുക്കുന്നു. കനകരാജ്യം ഷൂട്ട് കഴിഞ്ഞു. പോസ്റ്റ് പ്രൊഡക്ഷൻ നടക്കുകയാണ്. എഴുതിയതിൽ വരാനിരിക്കുന്ന എക്സ്പിരിമെന്‍റൽ മെയിൻസ്ട്രീം സിനിമയാണ് 'തീർപ്പ്'. അലെഗറി (allegory) ജോണറിൽ വരുന്ന എക്സ്പിരിമെന്‍റൽ എന്‍റർടെയിനറാണ്.
എഴുത്തിൽ മുരളി ഗോപി വ്യത്യസ്തനാകുന്നത് എന്തുകൊണ്ട്?
എഴുതുക എന്നുള്ളത് മനസ്സിൽ തോന്നുന്നത്.. നമുക്ക് പറയാനുള്ളത് മനസിൽ വരുമ്പോൾ എഴുതുന്നു എന്ന് മാത്രം. അത് എങ്ങനെ ഉണ്ടാകുന്നു എന്നതിനെക്കുറിച്ച് സംസാരിക്കുക എന്നത് പാടുള്ള കാര്യം.
എമ്പുരാൻ എപ്പോഴെത്തും?
സ്ക്രിപ്റ്റ് മെയ് മാസത്തിൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ബൗണ്ട് സ്ക്രിപ്റ്റ് തയ്യാറായ ശേഷം രാജുവുമായി (പ്രിത്വിരാജ്) സിറ്റിംഗ് ഉണ്ടാകും. അടുത്ത വർഷം ഷൂട്ട് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
സോഷ്യൽ മീഡിയ പോസ്റ്റുകൾ- എമ്പുരാൻ എവിടെയെത്തിയെന്നുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾ. മോഹൻലാൽ -പ്രിത്വിരാജ് -മുരളി ഗോപി കോമ്പിനേഷനിലെ പ്രതീക്ഷ?
പ്രേക്ഷകരുടെ പ്രതികരണങ്ങൾ കാണാറുണ്ട്. 2021 ചെയ്യാനിരുന്ന പ്രോജക്ടാണ് എമ്പുരാൻ.. കോവിഡ് സാഹചര്യമായതിനാലാണ് ടോപിക്കലായ സിനിമക്ക് കാലതാമസമുണ്ടായത്.. "WE ARE KEEPING IT ALIVE" അതാണ് ഇപ്പോൾ ചെയ്തത്.. 2023 ൽ ഇന്ത്യക്ക് പുറത്തുൾപ്പെടെ ഒരുപാട് സ്ഥലങ്ങളിൽ ഷൂട്ട് ചെയ്യാനുള്ളതാണ്. വലിയ കാലതാമസം നേരിടുന്നതിനാൽ അലൈവ് ആയി നിർത്തേണ്ടത് ആവശ്യമാണ്.
ലൂസിഫർ നിർത്തിയത് റഷ്യയിലാണ്. റഷ്യ-യുക്രൈൻ യുദ്ധം എമ്പുരാൻ ഷൂട്ടിംഗിന് പ്രതിസന്ധിയാകുമോ?
ലൂസിഫർ നിർത്തുന്ന സ്ഥലം മാത്രമാണല്ലോ റഷ്യ. അത്രയല്ലേ ഉള്ളു.!
അപ്പോൾ എമ്പുരാൻ തുടക്കം റഷ്യയിൽ നിന്നായിരിക്കില്ല?
അങ്ങനെയൊന്നുമില്ല...അതൊന്നും എനിക്കിപ്പോൾ പറയാൻ പറ്റില്ല.
മോഹൻലാൽ ആരാധകരുടെ കാത്തിരിപ്പ്, എമ്പുരാന്‍റെ ഹൈപ്പ്
എഴുതുമ്പോൾ ഒരു 3 പാർട്ട് ഫിലിം സീരീസായിട്ട് തന്നെയാണ് നേരത്തെ ലൂസിഫർ പ്ലാൻ ചെയ്തത്. സിനിമയുടെ അടിസ്ഥാനവും പുരോഗതിയും ആദ്യം മുതൽ മനസിലുണ്ട്. സമ്മർദ്ദത്തിൽ ആയിരുന്നാൽ ഒന്നും ചെയ്യാൻ പറ്റില്ല. മനസിലെന്താണുള്ളത് അത് എഴുതുക. എന്നിട്ട് അത് സിനിമയാക്കി മാറ്റുക. അത്രേ ഉള്ളു.
പ്രിത്വിരാജ് നിലവിൽ ജോർദാനിലാണ്. അങ്ങോട്ട് പോകുമോ?
ഒരു ബൗണ്ട് സ്ക്രിപ്റ്റ് തയ്യാറായിക്കഴിഞ്ഞ ശേഷമാണ് സംവിധായകരുമായി ഇരിക്കാറുള്ളത്. മെയ് മാസത്തിൽ അത് എഴുതി കഴിഞ്ഞാൽ പ്രിത്വിരാജ് അപ്പോൾ എവിടെയാണോ അവിടെ വെച്ച് കാണും.
ജേർണലിസത്തിൽ നിന്ന് സിനിമയിലേക്ക്.
15- 20 വർഷത്തോളം ജേർണലിസമായിരുന്നു പ്രവർത്തന മേഖല . കുട്ടിക്കാലം മുതൽ സിനിമ ഇഷ്ടമായിരുന്നു. ഗൗരവപൂർവ്വം നോക്കിക്കണ്ടിരുന്ന കലാരൂപമായിരുന്നു സിനിമ . സിനിമയിലേക്ക് എങ്ങനെ വന്നു എന്ന് ചോദിച്ചാൽ എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല. എഴുത്തിൽ രണ്ടാം വരവിന് കാരണം അരുൺ കുമാർ അരവിന്ദ്. അഭിനയത്തിൽ തിരിച്ചു വരവിനുള്ള കാരണം ബ്ലെസ്സി.
തിരക്കഥ തയ്യാറാക്കുന്ന പ്രോസ്സസ് എങ്ങനെ?
മുഴുവനായി ഒരു ധാരണ ഉണ്ടാക്കിയതിന് ശേഷമാണ് പേപ്പറിലേക്ക് പകർത്തുന്നത്. ഓരോ തിരക്കഥയ്ക്കും അതിന്‍റേതായ സമയം ഉണ്ടാകും.
Read Also: Anaswara Rajan: വിഷു ദിനത്തിൽ സാരിയിൽ തിളങ്ങി അനശ്വര രാജൻ
ഷൂട്ടിംഗ് സെറ്റിൽ സ്ക്രിപ്റ്റിലെ തിരുത്തലുകൾ.
തീർച്ചയായും സെറ്റിൽ ഇംപ്രൊവൈസേഷൻ ഉണ്ടാകും.. കഴിയുന്നത്ര സമയം സെറ്റിൽ സമയം ചെലവഴിക്കാറുണ്ട്.. writing ഒരു പ്രോസസാണ്, film making വെറൊരു പ്രോസസ്സാണ്. അത് സംവിധായകന്‍റേതാണ്.
എഴുത്തിലെ സമവാക്യങ്ങൾ ? മുൻകൂട്ടി പ്ലാൻ ചെയ്ത് എഴുതാറുണ്ടോ?
മുൻകൂട്ടി പ്ലാൻ ചെയ്ത് ഒന്നും ചെയ്യാൻ പറ്റില്ല. നമുക്കൊന്നും തീരുമാനിക്കാൻ പറ്റില്ല. നമ്മൾ എഴുതുന്നതിൽ, എഴുതുന്ന വാക്കിനോട് ഒരു സത്യസന്ധത ഉണ്ടാരിക്കണം. എത്ര
സത്യസന്ധമായി എഴുതിയാലും അത് വാണിജ്യ വിജയമാകുമോ കലാപരമായ വിജയമാകുമോ എന്ന് ആർക്കും പറയാൻ പറ്റില്ല.അവരുടെ കഴിവിന്‍റെ പരമാവധി ചെയ്യാം എന്ന് മാത്രമേയുള്ളു. ഒരുപാട് ഘടകങ്ങൾ ഉള്ള ഒരു പ്രോസസ്സാണ് സിനിമ.
കരുത്തുള്ള സംഭാഷണങ്ങൾ ജനിക്കുന്നതെങ്ങനെ ?
എങ്ങനെയാണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല. You become an instrument to a particular thing. .നമ്മൾ എഴുതുന്ന കാര്യം കൃത്യമായി പ്രേക്ഷകരിലെത്തി, അവർ റെസ്പോൺഡ് ചെയ്യുന്നതാണ് ഒരു എഴുത്തുകരാന്‍റെ ഏറ്റവും വലിയ 'ഹൈ'
മലയാള സിനിമയിലെ ഡീഗ്രേഡിങ് പ്രവണത- മാറുന്ന ആസ്വാദനരീതികൾ
കാലത്തിനനുസരിച്ചുള്ള മാറ്റം.. അത് നാച്ചുറലാണ്.. സോഷ്യൽ മീഡിയയിൽ എല്ലാവർക്കും സ്വന്തം പേജും അവരുടെ സ്പെയിസും ഫോളോവേഴ്സും ഉള്ളവരാണ്. അതിൽ സത്യം കാണും..കള്ളം കാണും. അതും ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു. അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല.
മുരളി ഗോപി ഇടതോ വലതോ?
അഭിപ്രായങ്ങൾ കാരണം തട്ടിനടക്കാൻ പറ്റാത്ത അവസ്ഥയാണ്. എല്ലാവരും അഭിപ്രായം പറയണമെന്ന് ശാഠ്യമുള്ളത് പോലെയാണ്. എല്ലാത്തിനും അഭിപ്രായങ്ങൾ വരും..അത് ജനാധിപത്യത്തിന്‍റെ ഭാഗമാണ്. ഉദ്ദേശിക്കാത്ത, അജണ്ടയോടു കൂടിയുള്ള ബ്രാൻഡിംഗ് നടക്കാറുണ്ട്. അതിൽ വ്യാകുലനാകാൻ നിന്നാൽ അതിന് മാത്രമേ സമയമുണ്ടാവൂ.
തീയേറ്ററിൽ ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോയ സിനിമകളെക്കുറിച്ച്
കമ്മാര സംഭവം, ടിയാൻ ഉൾപ്പെടെ എല്ലാ സിനിമകളും മുഴുവൻ ജനങ്ങളും കാണണമെന്നാണ് ആഗ്രഹത്തോടെയാണ് ചെയ്യുന്നത്. വാണിജ്യവിജയമോ കലാപരമായ വിജയമോ നമ്മുടെ കയ്യിലല്ല.. Time decides
കമ്മാരസംഭവത്തിന് പിന്നിൽ?
ജീവചരിത്രാംശമുള്ള സിനിമകളിലൂടെ പൊളിറ്റിക്കൽ അജണ്ട കൊണ്ടുവരാനുള്ള ശ്രമമുണ്ട്. ചരിത്രത്തെ ട്വിസ്റ്റ് ചെയ്യുകയും, ചിലരെ വെള്ളപൂശുകയും ചിലരെ കരിവാരിത്തേക്കാനുമുള്ള ശ്രമമുണ്ട്. ഇത്തരം സിനിമകൾ ,പ്രത്യേകിച്ച് ഇലക്ഷൻ സമയത്ത് പുറത്തുവരുന്ന പ്രവണതയുണ്ട്. അത് മുൻനിർത്തിയാണ് കമ്മാര സംഭവത്തിലേക്കെത്തിയത്.
കമ്മാര സംഭവത്തിന്‍റെ രണ്ടാം ഭാഗം വരുമോ?
രണ്ട് ഭാഗങ്ങളുള്ള സിനിമയായാണ് കൺസീവ് ചെയ്തത് . രണ്ടാം ഭാഗമുണ്ടാവണമെങ്കിൽ ആദ്യത്തേത് വാണിജ്യ വിജയമാകണമെന്നത് ആവശ്യമാണ്. കമ്മാരസംഭവത്തെക്കുറിച്ച് ഇപ്പോഴും ആളുകൾ സംസാരിക്കുന്നു. ഒരുപാട് ഘടകങ്ങൾ വന്നാലേ രണ്ടാം ഭാഗം നടക്കുകയുള്ളു. അങ്ങനെ ഒരു സമയം വന്നാൽ ചെയ്യണമെന്നാണ് ആഗ്രഹം.
ദിലീപിന്‍റെ പ്രകടനം?
ദിലീപ് സർപ്രൈസ് ചെയ്യിപ്പിച്ച പ്രകടനമായിരുന്നു കമ്മാരസംഭവത്തിലെ കഥാപാത്രം. അദ്ദേഹത്തിന് അത് സാധിക്കുമെന്ന് അറിയാമായിരുന്നു. തുടർന്ന് വന്ന കഥാപാത്രങ്ങളിൽ നിന്ന് വിഭിന്നമായ അഭിനയശൈലി ആവശ്യപ്പെട്ട സിനിമയായിരുന്നു.. അദ്ദേഹം അത് നന്നായി ചെയ്തു.
സെൻസർഷിപ്പിലെ പോരായ്മകൾ, മാറ്റം വരുത്താനുള്ള നിർദേശം?
സെൻസർഷിപ്പ് ഒരു ആന്‍റി ഡെമോക്രാറ്റിക്ക് പ്രോസസ് . ജനാധിപത്യത്തിൽ പരമ പ്രധാനമായ കാര്യമാണ് ഒരാളുടെ ക്രിയേറ്റീവ് ഫ്രീഡം എന്നത്. അതിനെതിരായി നിൽക്കുന്ന സംഭവമാണ് സെൻസർ ബോർഡ്. സെൻസർഷിപ്പേ പാടില്ല. എന്തൊക്കെ മാറ്റം വരുത്താൻ പറ്റുമെന്നത് വളരെ സെക്കണ്ടറിയായുള്ള ചോദ്യമാണ് . വലിയൊരു പ്രോസ്സസാണത്.
മമ്മൂക്കയോടൊപ്പമുള്ള സിനിമ എന്തായി?
മമ്മൂക്കയെ വെച്ച് രണ്ട്, മൂന്ന് തീം പണ്ടുമുതൽ ഉണ്ടായിട്ടുണ്ട്.
ഞങ്ങൾ കണ്ടിരുന്നു..സംസാരിച്ചിരുന്നു . എമ്പുരാൻ കഴിഞ്ഞ് ഞാൻ എഴുതുന്ന പ്രോജക്ട് മമ്മൂട്ടി സാറിന് വേണ്ടിയുള്ള പ്രോജക്ടാണ്. ഷിബു ബഷീറാണ് സംവിധാനം ചെയ്യുന്നത്.
ലാലേട്ടൻ&മമ്മൂക്ക
രണ്ട് തരം വ്യാകരണമുള്ള രണ്ട് വലിയ നടന്മാരാണ് ലാലേട്ടനും മമ്മൂട്ടി സാറും. .രണ്ട് പേരും രണ്ട് പേരുടേതായ രീതിയിൽ ആകർഷിച്ചിട്ടുണ്ട്.
മലയാളത്തിൽ റിയലിസ്റ്റിക് സിനിമകളുടെ അതിപ്രസരമോ?
ഒരു കാലത്തുള്ള ധാരണയാണ് . ഒരോ സമയത്തും ഇത് മാത്രമാണ് സിനിമ എന്നു പറയുന്ന ഒരു ഗ്രൂപ്പുണ്ടാകും .ഇന്ത്യയിൽ എപ്പോഴും നിയോ റിയലിസ്റ്റിക് ഫിലിമിന്‍റെ ഒരു ഹാങ്ഓവറുള്ള നിരൂപണ സംസ്കാരമുണ്ട്. നിയോ റിയലിസം ഒരു ചെറിയ ജോണർ മാത്രമാണ് . വേറെ നിരവധി ജോണറുകളുണ്ട്. ഇത് മാത്രമാണ് സിനിമ എന്നുപറയുന്ന
നിരൂപകർ ഉണ്ടെങ്കിൽ അല്ലെങ്കിൽ ജൂറികൾ ഉണ്ടെങ്കിൽ അത് അവരുടെ പ്രശ്നമാണ്. They are limiting themselves.
അഭിനയിക്കാൻ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ
"വെറൈറ്റി എന്നതാണ് എപ്പോഴും നോക്കുന്നത്.ഒരു കഥാപാത്രത്തിൽ നിന്ന് വിഭിന്നമായ, പെർഫോമിംഗ് സ്പെയ്സുള്ള, കഥാപാത്രങ്ങളാണ് തെരഞ്ഞെടുക്കാറുള്ളത്. അതുകൊണ്ടാണ് ഗ്യാപ് വരുന്നത്. ചാലഞ്ചിംഗ് കഥാപാത്രങ്ങൾ ചെയ്ത് സംതൃപ്തി തോന്നുമ്പോഴാണ് 'ഹൈ' വരുന്നത്. എഴുതുന്ന സമയത്ത് അഭിനയിക്കാൻ പറ്റില്ല. അതുകൊണ്ടാണ് അഭിനയത്തിൽ ഗ്യാപ് വരുന്നത്. മൾട്ടിടാസ്കിംഗ് പറ്റാത്ത കാര്യമാണ്. ഒരു കാര്യം ചെയ്യുമ്പോൾ അത് മാത്രം ചെയ്യാനെ സാധിക്കുകയുള്ളു. മൾട്ടിടാസ്കിംഗ് ചെയ്യുന്ന എഴുത്തുകാരുണ്ട്. അത് വേറൊരു സ്കില്ലാണ്. ആ സ്കിൽ എനിക്കില്ല".
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...