Suchithra Nair: കൺകണ്ടത് നിജം കാണപോകത് പൊയ്! മാതംഗിയെ കാണാനെത്തുമോ വാലിബൻ... മനസ്സ് തുറന്ന് സുചിത്ര നായർ!
Suchithra Nair Interview: ചിത്രത്തിന്റെ അവസാനം വരെയും ഈ പ്രണയജോഡികൾ തമ്മിൽ വീണ്ടുമൊരു കണ്ടുമുട്ടൽ എല്ലാവരും പ്രതീക്ഷിച്ചിരുന്നു.
"പല പേരുണ്ട് പലയിടത്ത്.. പക്ഷെ നിന്നെ പോലൊരാൾ എവിടെയുമില്ല.." യുദ്ധങ്ങളും പോരാട്ടങ്ങളുമായി നാടു ചുറ്റി നടന്ന വാലിബനെന്ന മല്ലന്റെ മനസ്സിൽ പ്രണയത്തിന്റെ അലയൊളി തീർത്ത മാതങ്കി. എവിടെയും നിലയുറപ്പിക്കാത്ത വാലിബൻ മാതങ്കിയെ വിട്ടുപോരുമ്പോൾ മാത്രം ഒന്നമാന്തിച്ചിരുന്നു.. കണ്ണുകൾ കൊണ്ട് തിരിച്ചെത്തുമെന്ന് പറയുന്ന പോലെ പ്രേക്ഷകനും തോന്നി. മല്ലനോടുള്ള തന്റെ അടങ്ങാത്ത പ്രണയം മനസ്സിലൊതുക്കി തിരികെ പോകുന്ന വാലിബനെ, കണ്ണെടുക്കാതെ നോക്കി നിന്ന മാതങ്കിയുടെ രംഗം മലൈക്കോട്ടെ വാലിബനിലെ മികച്ച സീനുകളിൽ ഒന്നായി മാറി. കണ്ടിരുന്ന പ്രേക്ഷകനെ സിനിമയ്‌ക്കൊപ്പം മുന്നോട്ട് പോകുവാൻ പ്രേരിപ്പിച്ചതിൽ ഈ രംഗത്തിനും വലിയ പങ്കുണ്ടെന്ന് തന്നെ പറയാം.
കാരണം ചിത്രത്തിന്റെ അവസാനം വരെയും ഈ പ്രണയജോഡികൾ തമ്മിൽ വീണ്ടുമൊരു കണ്ടുമുട്ടൽ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. യുദ്ധങ്ങൾ മാത്രം മനസ്സിലുള്ള ഒരു മല്ലന്റെ മനസ്സ് കീഴടക്കാനുള്ള ഈ സ്വപ്ന സുന്ദരിയെ ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി കണ്ടെത്തിയത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ നിന്നായിരുന്നു. അതിനാൽ തന്നെ സിനിമയെന്ന വലിയ യാത്രയിലേക്ക് സീരിയലും ബിഗ് ബോസും വലിയ രീതിയിൽ സ്വാധീനിച്ചുവെന്ന് പറയുകയാണ് മാതങ്കിയെന്ന സുചിത്രനായർ. തന്റെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ സീ മലയാളം ന്യൂസുമായി പങ്കുവെക്കുകയാണ് താരം.
ആ ഡിസ്കഷൻ സിനിമയിലേക്കെത്തിച്ചു...
മലൈക്കോട്ടെ വാലിബനിലെ മാതങ്കിയെ എനിക് ചെയ്യാൻ കഴിഞ്ഞതിനു കാരണം ബിഗ് ബോസ്സ് ആണ്. കാരണം ബിഗ് ബോസ്സ് ലിജോ ചേട്ടൻ കാണാറുണ്ടായിരുന്നു. അങ്ങനെയാണ് എന്നെ കാണുന്നതും ടിനു പാപ്പച്ചൻ ചേട്ടനോട് മാതങ്കിക്ക് ഓക്കേ അല്ലേ എന്ന് ചോദിക്കുന്നതും.. ആ ഡിസ്‌കഷനിൽ ആണ് മാതങ്കിയെ എനിക് അവതരിപ്പിക്കാൻ സാധിച്ചത്.
ആ കാരണങ്ങൾ മാത്രം മതിയായിരുന്നു എനിക്ക് ഓക്കെ പറയാൻ...
മാതങ്കിക്കു വേണ്ടി ഒരു തയ്യാറെടുപ്പും ഉണ്ടായിരുന്നില്ല. മോഹൻലാൽ നായകനാകുന്ന ലിജോ സർ സംവിധാനം ചെയ്യുന്ന സിനിമയിൽ ഭാഗമാകാൻ പറ്റുന്നു എന്നു കേട്ടപ്പോൾ തന്നെ ഞാൻ ഒക്കെ പറയുകയായിരുന്നു. പിന്നെ കഥാപാത്രത്തെ കുറിച്ച് വേറൊന്നും ചോദിച്ചില്ല എന്നുള്ളതാണ് സത്യം. മാതങ്കി സിനിമയിൽ കുറച്ചു നേരം മാത്രമാണ് ഉള്ളതെങ്കിലും ചിത്രത്തിൽ ഒരുപാട് പ്രാധാന്യം ഉള്ള കഥാപാത്രമാണ് എന്ന് എന്നോട് ആദ്യമേ പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ പിന്നെ ഞാൻ അതിനെക്കുറിച്ച് കൂടുതലായി ഒന്നും വിശദീകരിച്ചു നോക്കാനോ ഒന്നും നിന്നില്ല. ഈ സിനിമ ചെയ്യാൻ സാധിച്ചത് ഏറ്റവും വലിയ അനുഗ്രഹമായാണ് കാണുന്നത്.
ലൊക്കേഷനിൽ കണ്ടത് ലാലേട്ടനെ ആയിരുന്നില്ല..
മലൈക്കോട്ടെ വാലിബൻ ലൊക്കേഷനിൽ എത്തുമ്പോൾ ഞാൻ ആദ്യം കാണുന്നത് വാലിബനെയാണ്. പിന്നെ കുറച്ചു നേരത്തേ സീൻ ആണെങ്കിലും ഉള്ള സമയത്തെല്ലാം ഞാൻ ലാലേട്ടനൊപ്പം ആണ് സ്‌ക്രീനിൽ ഉണ്ടായിരുന്നത്. അതിൽ ഒരുപാട് സന്തോഷവും അഭിമാനവും ഒക്കെ തോന്നി. ആദ്യ സിനിമയിൽ തന്നെ ലാലേട്ടനോടൊപ്പം സ്ക്രീൻ സ്പേസ് പങ്കിടുവാൻ കഴിയുക എന്നത് ഒരു അനുഗ്രഹമായി കാണുന്നു. സിനിമയിലേക്കെത്തുന്ന എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് എനിക് സാധിച്ചത്. അതിനെല്ലാം ഞാൻ ഈശ്വരന്മാരോട് നന്ദി പറയുകയാണ്.
ടെൻഷൻ മാറ്റിയത് ലാലേട്ടൻ...
ലാലേട്ടനെ പോലെ ഒരു വലിയ നടന്റെ കൂടെ അഭിനയിക്കാൻ പോകുകയാണെന്ന ടെൻഷൻ നമുക്ക് തുടക്കത്തിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇത്രയും വലിയ ആക്ടർ, ലിജോ സാറിനെ പോലെയുള്ള ഡയറക്ടർ എന്നൊക്കെ ഉള്ള ടെൻഷൻ തുടക്കത്തിൽ മാത്രമേ കാണു. എനിക്കും ഉണ്ടായിരുന്നു ആദ്യം എന്തേലും തെറ്റി പോകുമോ വഴക്ക് കിട്ടുമോ, തെറ്റി പോയാൽ അവർ എന്തു വിചാരിക്കും എന്നൊക്കെ.. പക്ഷെ ആ ഒരു സിറ്റുവേഷനിൽ നമ്മൾ അവിടെ പോയി നിന്നു കഴിയുമ്പോൾ നമ്മളെ മാക്സിമം കൂൾ ആൻഡ് കംഫർട്ടബിൾ ആക്കാൻ ലാലേട്ടൻ ശ്രമിക്കും. മൊത്തം ക്രൂവിനെ ഓക്കെയാക്കുന്ന തരത്തിലാണ് ലോക്കേഷനിൽ ലാലേട്ടൻ പെരുമാറുക.
കേട്ടത് പൊയ്... കണ്ടത് നിജം
പുറത്തു നിന്നൊക്കെ കെട്ടിട്ടുള്ളത് ലിജോ സർ ഭയങ്കര ദേഷ്യക്കാരൻ ആണെന്നാണ്. ഇതെല്ലാം മനസിൽ വെച്ചുകൊണ്ടാണ് ലൊക്കേഷനിൽ എത്തുന്നത്. സൊ അതിന്റെതായ ചില ടെൻഷൻസ് ഒക്കെ എനിക്കുണ്ടായിരുന്നു. പക്ഷെ എന്റെടുത്ത് ഒരു വാക്ക് പോലും മുഷിഞ്ഞു സംസാരിക്കുകയോ വഴക്കു പറയുകയോ ചെയ്തിട്ടില്ല. എന്നാൽ കൂടെ ഉണ്ടായിരുന്ന മനോജിനോക്കെ ഒത്തിരി വഴക്കൊക്കെ കിട്ടി എന്ന് പറഞ്ഞു. വളരെ നല്ലൊരു എക്സ്പീരിയൻസ് ആണ് അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുമ്പോൾ നമുക്ക് ഉണ്ടാവുക. ലിജോ സാറിന്റെ മുൻപിൽ ഒരു ആർട്ടിസ്റ്റ് എത്തിക്കഴിഞ്ഞാൽ അവരിൽ നിന്നും എന്താണോ വേണ്ടത് അത് സർ എടുക്കും. അതു വരെ നമ്മളെ ട്രെയിൻ ചെയ്തു കൊണ്ടിരിക്കും. എത്ര ടേക്ക് പോയാലും ആ സീൻ പെർഫെക്ട് ആക്കാൻ അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ല. സാറിന്റെ മനസ്സിൽ എന്താണോ ഉള്ളത് അതു നമ്മളെ കൊണ്ട് ചെയ്യിക്കും.
രണ്ടും രണ്ട് ധ്രുവം...
സീരിയലിൽ നിന്നും സിനിമയിലേക്ക് എത്തുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നെ സംബന്ധിച്ച് സിനിമയിലെത്താൻ സീരിയൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. ആദ്യമായി ഞാൻ ഒരു മ്യൂസിക് ഷോയിൽ അവതാരക ആയിട്ടാണ് എത്തുന്നത്. പിന്നെ സീരിയൽ, അതിനു ശേഷം ബിഗ് ബോസ്സ്. സിനിമയിൽ എത്താൻ സഹായിച്ചത് ബിഗ് ബോസ് തന്നെയാണ്. അതിൽ എന്നെ കണ്ടാണ് ലിജോ സർ ഈ സിനിമയിൽ എനിക് അവസരം നൽകുന്നത്. ഒരു യാത്രയിലൂടെയാണ് ഞാൻ സിനിമയിൽ എത്തുന്നത്. സീരിയലിൽ നിന്നും സിനിമ എന്നത് രണ്ടും രണ്ടു ധ്രുവത്തിൽ നിൽക്കുന്ന കാര്യങ്ങളാണ്. ഈശ്വരൻ കൂടെ ഉണ്ടെങ്കിൽ നമുക്ക് പെട്ടന്ന് എത്താം. അല്ലെങ്കിൽ കുറച്ച് അധികം യാത്ര ചെയ്യേണ്ടി വരും. ക്ഷമയോടെ കാത്തിരിക്കുക എന്നുള്ളതാണ് നമുക്കിതിൽ ചെയ്യാനുള്ളത്. എല്ലാം ഒരു ലക്ക് ആണ്. അതുണ്ടെങ്കിൽ എല്ലാം പെട്ടന്ന് ശെരിയാകും.
ഞാനറിയുന്നത് സിനിമയിൽ നിന്നാണ്
മലൈക്കോട്ടെ വാലിബന്റെ രണ്ടാം പാർട്ട് ഉണ്ടെന്നുള്ള കാര്യം എനിക്കറിയില്ലായിരുന്നു. സിനിമ കണ്ടപ്പോൾ തന്നെയാണ് രണ്ടാം ഭാഗം ഉണ്ടെന്ന് ഞാനും അറിയുന്നത്. അതേക്കുറിച്ച് കൂടുതലായിട്ട് പറയാൻ എനിക്കറിയില്ല. ഉണ്ടെങ്കിൽ ഉറപ്പായിട്ടും ഞാൻ എല്ലാവരെയും അറിയിക്കും.
ഈശ്വരാനുഗ്രഹം തിരിച്ചറിഞ്ഞ നിമിഷം
ഇത്രയും വലിയൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിയും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഈശ്വരന്റെ അനുഗ്രഹം എന്റെ കൂടെയുണ്ട് എന്ന് എനിക്ക് മനസ്സിലായത് മലൈക്കോട്ടെ വാലിബനിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴാണ്. എന്നെ സിനിമയിലേക്ക് വിളിക്കുമ്പോൾ തന്നെ കൺട്രോളർ ശ്യാം ചേട്ടൻ സിനിമയെക്കുറിച്ച് പറഞ്ഞത് മോഹൻലാലാണ് നായകൻ. ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകാൻ ചിത്രകഴിഞ്ഞാൽ അതൊരു വലിയ ഭാഗ്യമായിരിക്കും എന്നാണ്. അപ്പോൾ തന്നെ ഞാൻ ഓക്കേ പറയുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ