Siddique: `പീഡനം നടന്നത് 101 D-യിൽ`; സിദ്ദിഖിന് കുരുക്ക് മുറുകുന്നു? ഹോട്ടൽ മുറി കാണിച്ചുകൊടുത്ത് നടി
Case against Siddique: 2016 ജനുവരിയിൽ സിദ്ദിഖ് താമസിച്ച മുറിയായിരുന്നു ഇതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരിയായ നടിയുമായി പോലീസിന്റെ തെളിവെടുപ്പ്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടന്ന തെളിവെടുപ്പിൽ സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട മുറി പരാതിക്കാരി തിരിച്ചറിഞ്ഞു. പീഡനം നടന്നത് 101 D-യിൽ ആണെന്ന് നടി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തു.
ഒന്നാം നിലയിലെ മുറിയാണ് നടി ചൂണ്ടിക്കാട്ടിയത്. 2016 ജനുവരിയിൽ സിദ്ദിഖ് താമസിച്ച മുറിയായിരുന്നു ഇത്. കേസിനാസ്പദമായ സംഭവം നടന്ന 2016 ജനുവരി 28ന് ഇതേ മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തുകയും തെളിവെടുപ്പ് പൂർണമായും വിഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തു. ഇന്നലെയാണ് നടിയോടൊപ്പം പോലീസ് ഹോട്ടലിൽ തെളിവെടുപ്പ് നടത്തിയത്.
ALSO READ: ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യത; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ പൊലീസ്
പരാതിയിൽ ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഈ ഹോട്ടലിൽ തന്നെ ഉണ്ടായിരുന്നു എന്നതിന് പോലീസിന് തെളിവ് ലഭിച്ചിരുന്നു. മസ്‌കറ്റ് ഹോട്ടലിലെ രജിസ്റ്ററിൽ സിദ്ദിഖിന്റെ പേരുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സിദ്ദിഖിനെ വൈകാതെ തന്നെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിദ്ദിഖിന് പോലീസ് നോട്ടീസ് നൽകും. കോടതിയിൽ യുവതി നൽകിയ രഹസ്യമൊഴി ലഭിച്ച ശേഷം സിദ്ദിഖിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം, സിദ്ദിഖിനെതിരെ അതീവ ഗുരുതരമായ ആരോപണമായിരുന്നു നടി ഉന്നയിച്ചിരുന്നത്. 2016ൽ ഹോട്ടലിൽ വെച്ച് സിദ്ദിഖ് തന്നെ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. പ്ലസ് ടു പഠനം പൂർത്തിയായ ശേഷം സമൂഹ മാധ്യമം വഴിയാണ് സിദ്ദിഖിനെ പരിചയപ്പെട്ടത്. ഒരു സിനിമയുടെ പ്രിവ്യൂ കണ്ടതിന് ശേഷം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് സിനിമയെ കുറിച്ച് ചർച്ച ചെയ്യാമെന്ന് പറഞ്ഞ് സിദ്ദിഖ് വിളിച്ചു. ഇതനുസരിച്ച് ഹോട്ടൽ മുറിയിൽ എത്തിയ തന്നെ സിദ്ദിഖ് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. 2019ൽ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നുവെന്നും എന്നാൽ ഇതോടെ സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെടുകയാണ് ഉണ്ടായതെന്നുമാണ് നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഇതിനിടെ, തനിയ്ക്ക് എതിരായ നടിയുടെ പരാതിയുടെ പകർപ്പ് അഭിഭാഷകൻ വഴി സിദ്ദിഖ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് സിദ്ദിഖ് അപേക്ഷ സമർപ്പിച്ചത്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് മ്യൂസിയം പോലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. നടിക്കെതിരെ സിദ്ദിഖും പരാതി നൽകിയിട്ടുണ്ട്. നടിയുടെ ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖിന്റെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.