കെപിഎസി ലളിത എന്ന പേര് കേള്‍ക്കുമ്പോള്‍ പലർക്കും പല കഥാപാത്രങ്ങളായിരിക്കും മനസ്സിൽ തെളിയുക. ഒരുപക്ഷേ, എണ്ണിയാല്‍ തീരാത്തത്ര കഥാപാത്രങ്ങള്‍. അഭിനയത്തില്‍ ശരീരത്തിന് വലിയ പ്രാധാന്യമാണുള്ളത്. എന്നാല്‍ ശരീരം വേണ്ട, വെറും ശബ്ദം കൊണ്ടും അഭിനയത്തില്‍ വിസ്മയം സൃഷ്ടിക്കാമെന്ന് തെളിയിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നു ലളിത. വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകള്‍' അടൂര്‍ ഗോപാലകൃഷ്ണന്‍ അതേ പേരില്‍ സിനിമയാക്കിയപ്പോള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാതെ അവര്‍ സിനിമയെ ജ്വലിപ്പിച്ചു . ദേശീയ പുരസ്‌കാരം നേടിയ മമ്മൂട്ടിയുടെ അഭിനയത്തിനൊപ്പമോ, ഒരുപക്ഷേ അതിനും മുകളിലോ ലളിതയുടെ ശബ്ദാഭിനയം ഉയര്‍ന്നു നിന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നാരായണി അങ്ങനെ മലയാളികളുടെ മനസ്സില്‍ 'ലളിതശബ്ദത്തില്‍' അനശ്വരയായി. ജയിലിലെ മതിലിനപ്പുറത്ത് നിന്ന് ആ ശബ്ദം കേള്‍ക്കുമ്പോള്‍, ബഷീറിനെ പോലെ ഓരോ പുരുഷനും തരളിതരായി. ആ ശബ്ദത്തില്‍ അവര്‍ അഗാധവും അനുസ്യൂതവും ആയ പ്രണയം തൊട്ടറിഞ്ഞു. 


ALSO READ: നൃത്തച്ചുവടുകൾ വച്ച് അഭിനയത്തിലേക്ക്! മഹേശ്വരിയമ്മ ലളിതയായ കഥ...


വിളിച്ചിട്ടെന്താ പിന്നെ ഇത്രയും നേരം വിളി കേള്‍ക്കാഞ്ഞത് എന്ന് നാരായണി ചോദിക്കുന്നു. ഞാന്‍ ചുംബിക്കുകയായിരുന്നു എന്ന് ബഷീറിന്റെ മറുപടി. മതിലിലോ എന്ന് നാരായണിയുടെ കിന്നാര ചോദ്യം. റോസാ ചെടിയിലെ ഓരോ പൂവിലും ഓരോ മൊട്ടിലും ഓരോ ഇലകളിലും എന്ന് ബഷീറിന്റെ മറുപടി. 


'ദൈവമേ, എനിക്ക് കരച്ചില്‍ വരുന്നു' എന്ന് നാരായണി ലളിതയുടെ ശബ്ദത്തില്‍ വിറയാര്‍ന്ന് പറഞ്ഞപ്പോള്‍, അത് കേട്ടവര്‍ക്കെല്ലാം അതുപോലെ കരച്ചില്‍ വന്നു- ആണെന്നോ, പെണ്ണെന്നോ ഇല്ലാതെ! അതിന് പിറകേ, നാരായണീ എന്ന് ബഷീര്‍ വിളിക്കുമ്പോള്‍ ആ കരച്ചിലിന്റെ തുടര്‍ച്ചയില്‍ 'എന്തോ' എന്നൊരു വിളികേള്‍ക്കലുണ്ട്. ഒരുപക്ഷേ, കെപിഎസി ലളിതയ്ക്ക് മാത്രം സാധ്യമാകുന്ന അപൂര്‍വ്വമായ ഒരു സര്‍ഗ്ഗവൈഭവം അതില്‍ കാണാം. 


ALSO READ: അമ്മ വാത്സല്യം അരങ്ങൊഴിഞ്ഞു, പകരം വയ്ക്കാനില്ലാത്ത അഭിനയലാളിത്യം


മതിലുകളിലെ ബഷീറിനേക്കാള്‍ മനസ്സ് വേദനിപ്പിച്ചത് നാരായണി തന്നെ ആയിരുന്നു. ആശുപത്രിയില്‍ നാരായണി ബഷീറിനെ കാത്തിരുന്ന് കരയുന്നത്, നിരാശപ്പെടുന്നത്, പറ്റിക്കപ്പെട്ടെന്ന് സംശയിക്കുന്നത്... സിനിമയിലും നോവലിലും ഒന്നും പറയുന്നില്ലെങ്കിലും, വായനക്കാരും കാഴ്ചക്കാരും മനസ്സില്‍ പലവട്ടം അങ്ങനെയൊക്കെ ചിന്തിച്ചിട്ടുണ്ടാകും. നാരായണിയുടെ ദു:ഖം ഓരോരുത്തരുടേയും തീരാദു:ഖമാക്കി മാറ്റിയത് ലളിതയുടെ ശബ്ദവും കൂടിയായിരുന്നു.


550 ല്‍ അധികം സിനിമകളിലാണ് കെപിഎസി ലളിത അഭിനയിച്ചിട്ടുള്ളത്- അതിന് മുമ്പ് അനേകം നാടകങ്ങളിലും. ഓരോ കഥാപാത്രത്തേയും ആഴത്തില്‍ ഉള്‍ക്കൊണ്ട് സ്‌ക്രീനില്‍ ലളിത നിറഞ്ഞാടുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട ഒരു കുടുംബാംഗത്തേയോ അത്രയേറെ പരിചിതയായ അയല്‍ക്കാരിയേയോ ആയിരുന്നു പ്രേക്ഷകര്‍ മനസ്സില്‍ ചേര്‍ത്തുനിര്‍ത്തിയത്. അതുകൊണ്ടുതന്നെ, കെപിഎസി ലളിത വിടവാങ്ങുമ്പോള്‍ ഒരു താരശരീരത്തിന്റെ വിടവാങ്ങല്‍ മാത്രമായി അതിനെ കാണാന്‍ പ്രേക്ഷകര്‍ക്കാവില്ല. അവര്‍ക്ക് നഷ്ടപ്പെട്ടത് അത്രമേല്‍ ഹൃദയത്തിലേറിയ ഒരു കുടുംബാംഗത്തെ തന്നെയാണ്.


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.