മഹേശ്വരി അമ്മയെന്ന് പറഞ്ഞാൽ ചിലപ്പോൾ അറിയണമെന്നില്ല...കെപിഎസി ലളിത അതാണ് മലയാളിക്ക് സുപരിചിതം. നാടകത്തിൽ നിന്ന് തുടങ്ങി എന്നാൽ നാടകീയത ഒട്ടും തന്നെയില്ലാത്ത അതുല്യ പ്രതിഭയായിരുന്നു ലളിത. കെപിഎസി ലളിതയ്ക്ക് പകരം വയ്ക്കാൻ മറ്റരൊളില്ല. ഓരോ കഥാപാത്രവും അതിന്റെ എല്ലാ വികാരത്തോടെയും അഭിനയിച്ച് ഫലിപ്പിച്ച നടി. അഭിനയത്തികവ് കൊണ്ട് മലയാളക്കരയെ ചിരിപ്പിച്ചും, കരയിപ്പിച്ചുമൊക്കെ നിറഞ്ഞുനിന്ന ലളിത കല ഇനി ഓർമ മാത്രമാണ്.
പത്താം വയസിൽ നൃത്തം പഠിക്കാൻ തുടങ്ങിയത് മുതലാണ് കെപിഎസി ലളിതയിൽ അഭിനയം എന്ന മോഹമുണ്ടായത്. നൃത്ത പരിപാടി നടക്കുന്ന സ്ഥലങ്ങളിലുണ്ടായിരുന്ന നാടകങ്ങളാണ് അതിന് കാരണമായത്. ഒരു അഭിമുഖത്തിൽ തന്റെ കരിയർ എങ്ങനെ തുടങ്ങിയെന്നതിനെ കുറിച്ച് കെപിഎസി ലളിത പറഞ്ഞത് ഇങ്ങനെയാണ്. ചങ്ങനാശേരിയിൽ അച്ഛൻ ജോലി ചെയ്തിരുന്ന കെട്ടിടത്തിന്റെ മുകളിൽ പ്രവർത്തിച്ചിരുന്ന ഗീഥാ എന്ന നാടകസമിതിയിലൂടെയാണ് ആദ്യമായി അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യം അച്ഛൻ സമ്മതിച്ചില്ലെങ്കിലും പിന്നീട് നാടകസമിതി ഉടമ ഒരുപാട് നിർബന്ധിച്ചപ്പോൾ ഒരു നൃത്തരംഗത്തിൽ അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നു. ബലി എന്നായിരുന്നു ആ നാടകത്തിന്റെ പേര്. തുടർന്ന് ഗീഥായുടെ നാടകങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്യാൻ തുടങ്ങി. ചില പ്രശ്നങ്ങളെ തുടർന്ന് ഗീഥാ പൂട്ടി.
കെപിഎസിയിൽ നാടകം ചെയ്യണമെന്നായിരുന്നു ലളിതയുടെ ആഗ്രഹം. കെപിഎസിയിൽ നിന്ന് ടെലഗ്രാം കിട്ടിയ ലളിത അവിടെ ചെന്നു ചേർന്നു. എന്നാൽ അന്ന് കളിച്ചിരുന്ന നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മൂലധനം തുടങ്ങിയ നാടകങ്ങളിൽ വേഷം ലഭിച്ചില്ല. ഇവയിൽ പാട്ടുകൾ പാടി. പിന്നീട് കൂട്ടുകുടുംബം എന്ന നാടകത്തിൽ തോപ്പിൽ ഭാസി പ്രധാന വേഷം നൽകി. തോപ്പിൽ ഭാസിയാണ് മഹേശ്വരി അമ്മ എന്ന പേര് മാറ്റി കെപിഎസി ലളിത എന്നാക്കിയത്. പിന്നീട് 1969ൽ കെ.എസ്. സേതുമാധവന്‍ 'കൂട്ടുകുടുംബം' സിനിമയാക്കിയപ്പോള്‍ ലളിത തന്റെ സിനിമ ജീവിതം ആരംഭിച്ചു.
1947 ഫെബ്രുവരി 25ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്താണ് മഹേശ്വരിയമ്മ എന്ന കെപിഎസി ലളിത ജനിച്ചത്. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ സിനിമകൾ ചെയ്തു. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം രണ്ട് തവണ നേടി. നാല് തവണം സംസ്ഥാന അവാർഡ്. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സൺ ആയിരുന്നു.
Also Read: KPAC Lalitha Death | അമ്മ വാത്സല്യം അരങ്ങൊഴിഞ്ഞു, പകരം വയ്ക്കാനില്ലാത്ത അഭിനയലാളിത്യം
ഇന്നലെ രാത്രിയോടെ തൃപ്പൂണിത്തുറയിലുള്ള മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ലളിത കല വിടപറയുമ്പോൾ മലയാള സിനിമയ്ക്കും മലയാളി പ്രേഷകർക്കും ഇത് തീരാനഷ്ടമാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.