The Kerala Story Box Office : ആദ്യ ദിനം വൻ കളക്ഷൻ; ബോക്സ് ഓഫീസിലും തരംഗമായി ദി കേരള സ്റ്റോറീസ്
Kerala Story Movie Box Office Collection : ഈ വർഷം ഇറങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ മികച്ച ആദ്യ ദിന കളക്ഷൻ നേടിയ അഞ്ചാം ചിത്രമാണ് ദി കേരള സ്റ്റോറി
സുദിപ്തോ സെന്നിന്റെ സംവിധാനത്തിൽ കഴിഞ്ഞ ദിവസം തീയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ദി കേരള സ്റ്റോറീസ്. റിലീസിന് മുൻപേ വൻ വിവാദങ്ങളുണ്ടാക്കിയ ചിത്രത്തിന് തീയറ്ററിൽ നിന്ന് ഭേദപ്പെട്ട അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. ഇപ്പോൾ കളക്ഷനിലും ദി കേരള സ്റ്റോറി സിനിമ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രം ആദ്യ ദിവസം 8.03 കോടി രൂപ നെറ്റ് കളക്ഷൻ ഇന്ത്യയിൽ നിന്ന് മാത്രം സ്വന്തമാക്കി എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ 4 കോടിയോളം രൂപ രാജ്യത്തെ മൾട്ടിപ്ലെക്സ് ചെയിനുകളിലൂടെ മാത്രമാണ് ലഭിച്ചത്. അതായത് രാജ്യത്തെ ഗ്രാമ പ്രദേശത്തെ സിങ്കിൾ സ്ക്രീൻ ഓഡിയൻസിനെക്കാൾ ചിത്രം ആദ്യ ദിനം ആകർഷിച്ചത് അർബൻ ഓഡിയൻസിനെയാണ്. പ്രേക്ഷകരുടെ മികച്ച പ്രതികരണത്തോടെ പല മൾട്ടിപ്ലക്സുകളിലും ചിത്രത്തിന് വേണ്ടി കൂടുതൽ ഷോകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ദിനം ഉണ്ടായ കളക്ഷൻ വച്ചു നോക്കുമ്പോൾ വാരാന്ത്യ കളക്ഷനിൽ അത്ഭുതകരമായ വളർച്ച ഉണ്ടാകാനുള്ള സാധ്യത പല ട്രേഡ് അനലിസ്റ്റുകളും തള്ളിക്കളയുന്നില്ല.
ശനി, ഞായർ ദിവസങ്ങൾ അവധി ദിവസങ്ങൾ ആയതിനാൽത്തന്നെ ഈ ദിവസങ്ങളിൽ കൂടുതൽ പ്രേക്ഷകർ തീയറ്ററിലേക്ക് എത്തും. ആദ്യ വാരാന്ത്യ ചിത്രം ഉണ്ടാക്കുന്ന ജനപ്രീതി അനുസരിച്ചിരിക്കും ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ വൻ വിവാദത്തോടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു കശ്മീർ ഫയൽസ്. 252 കോടിയായിരുന്നു സിനിമ ഇന്ത്യയിൽ നിന്ന് സ്വന്തമാക്കിയ ഫൈനൽ നെറ്റ് കളക്ഷൻ കളക്ഷൻ. ദി കേരള സ്റ്റോറീസിനും ഇതുപോലെ ഒരു വലിയ ഫിഗർ കളക്ഷൻ നേടാനാകുമോ എന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകർ.
അതേ സമയം ഈ വർഷം പുറത്തിറങ്ങിയിട്ടുള്ള ബോളിവുഡ് ചിത്രങ്ങളിൽ കളക്ഷനിൽ അഞ്ചാം സ്ഥാനത്താണ് ദി കേരള സ്റ്റോറീസ്. ഈ വർഷം ഏറ്റവും കൂടുതൽ ആദ്യ ദിന നെറ്റ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം ഷാറൂഖ് ഖാന്റെ പഠാനാണ്. 55 കോടിയായിരുന്നു ചിത്രം ആദ്യ ദിനം നേടിയത്. രണ്ടാം സ്ഥാനം സൽമാൻ ഖാന്റെ കിസി കാ ഭായി കിസി കി ജാനാണ്. 15.81 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. തു ജൂടി മേ മക്കാറെന്ന ചിത്രമാണ് കളക്ഷനിൽ മൂന്നാം സ്ഥാനത്ത്. 15.7 കോടിയാണ് ഇതിന്റെ ഫസ്റ്റ് ഡേ നെറ്റ് കളക്ഷൻ. നാലാം സ്ഥാനത്തുള്ളത് ഭോലാ എന്ന ചിത്രമാണ്. 11.2 കോടിയായിരുന്നു ഇതിന്റെ കളക്ഷൻ. ഇവയ്ക്ക് തൊട്ടു പിന്നിൽ 8.03 കോടി കളക്ഷനോടെ അഞ്ചാം സ്ഥാനത്താണ് ദി കേരള സ്റ്റോറീസ്.
എന്നാൽ ബോളിവുഡിലെ ഈ വര്‍ഷത്തെ പല വമ്പൻ റിലീസുകളെക്കാൾ വളരെ മുകളിലാണ് കേരള സ്റ്റോറീസിന്റെ കളക്ഷൻ എന്നത് വളരെ ശ്രദ്ധേയമാണ്. വൻ ഹൈപ്പിൽ പുറത്തിറങ്ങിയ അക്ഷയ് കുമാർ ചിത്രം സെൽഫിക്ക് 2.55 കോടിയായിരുന്നു ആദ്യ ദിനം സ്വന്തമാക്കാനായത്. കാർത്തിക് ആര്യന്റെ ആക്ഷൻ ചിത്രം ഷെഹസാദയും 6 കോടി കളക്ഷനോടെ ദി കേരള സ്റ്റോറിക്ക് പിന്നിലാണ്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ കശ്മീർ ഫയൽസിനെക്കാൾ വളരെ മുകളിലാണ്. 3.5 കോടി മാത്രമായിരുന്നു കശ്മീർ ഫയൽസിന്റെ ആദ്യ ദിന കളക്ഷൻ. ആദ്യ ദിന കളക്ഷനിലെ തന്നെ വൻ കുതിപ്പ് എന്തായാലും ചിത്രത്തിന്റെ ഫൈനൽ കളക്ഷനെയും നല്ല രീതിയിൽ സ്വാധീനിച്ചേക്കാമെന്ന് ട്രേഡ് അനലിസ്റ്റുകൾ സാധ്യത കൽപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...