Thiruchitrambalam: ധനുഷിനെ കണ്ടതിന്റെ ആവേശത്തിൽ സ്ക്രീനുകൾ വലിച്ചു കീറി, `തിരുചിത്രമ്പലം` ഷോയ്ക്കിടെ ആരാധകർ ചെയ്തത്
ധനുഷ് ചിത്രത്തെ ആഘോഷമാക്കുകയാണ് ആരാധകർ. ഷോയ്ക്കിടെ ധനുഷിന്റെ ഇൻട്രോ സീൻ വന്നപ്പോൾ ആരാധകർ ഡാൻസും ആർപ്പുവിളികളുമൊക്കെയായിരുന്നു.
ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് തിരുചിത്രമ്പലം. തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. യാരടി നീ മോഹിനി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മിത്രൻ ജവഹർ - ധനുഷ് കൂട്ടുകെട്ടിൽ എത്തിയ പുതിയ ചിത്രമാണിത്. നിത്യ മേനോൻ, ഭാരതിരാജ, പ്രകാശ് രാജ്, റാഷി ഖന്ന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വളരെ പോസിറ്റീവ് ആയിട്ടുള്ള റിവ്യൂ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ധനുഷ് ചിത്രത്തെ ആഘോഷമാക്കുകയാണ് ആരാധകർ. തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരാണ് ധനുഷിനുള്ളത്. ആരാധകരുടെ ആഘോഷം അതിരുകടന്നതിന്റെ ഒരു വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. ഇന്നലെ ഓഗസ്റ്റ് 18നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഷോയ്ക്കിടെ ധനുഷിന്റെ ഇൻട്രോ സീൻ വന്നപ്പോൾ ആരാധകർ ഡാൻസും ആർപ്പുവിളികളുമൊക്കെയായിരുന്നു. എന്നാൽ ഈ ആർപ്പുവിളികൾക്കിടെ ആരാധകരുടെ ഭാഗത്ത് നിന്ന് സംഭവിച്ചതാണ് ഇപ്പോൾ വാർത്തയാകുന്നത്. ഇൻട്രോ സീൻ കാണിക്കുന്നതിനിടെ ആരാധകർ സ്ക്രീനുകൾ വലിച്ചു കീറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തിയേറ്റർ സ്ക്രീനുകൾ വലിച്ചു കീറിയത് തിയേറ്റർ ഉടമയ്ക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരിക്കുകയാണ്.
ഒരുപാട് നാളുകളായി കാണാൻ ആഗ്രഹിച്ച ധനുഷിനെ ഈ പടത്തിൽ കാണാൻ സാധിച്ചുവെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറഞ്ഞത്. ഒരു ഫാമിലി കോമഡി എന്റർടെയിനർ ചിത്രം ആണെന്നും അതുകൊണ്ട് തന്നെ ഫാമിലി തീയേറ്ററിൽ തന്നെ വന്ന് സിനിമ കാണണമെന്നും ധനുഷ് ആരാധകർ. ധനുഷിനെക്കാൾ ആരാധകർ എടുത്ത് പറയുന്നത് നിത്യ മേനോന്റെ പ്രകടനമാണ്. നിത്യ മേനോനെ പോലെയൊരു ഫ്രണ്ട് എല്ലാ ആണുങ്ങളും ആഗ്രഹിക്കുന്നതാണ്. ഈ സിനിമ കണ്ട് കഴിയുമ്പോൾ അങ്ങനെയൊരു ഫ്രണ്ട് ഉണ്ടെങ്കിൽ ഉടനെ അവരെ വിളിച്ചിരിക്കും. വിഐപി എന്ന ചിത്രം പോലെ തന്നെ തിരുചിത്രമ്പലം മാറാനും സാധ്യത ഉണ്ടെന്നാണ് ആരാധകരുടെ പക്ഷം. ഭാരതിരാജയുടെ പ്രകടനവും എടുത്ത് സൂചിപ്പിക്കുന്നുണ്ട് പ്രേക്ഷകർ.
വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ, മിത്രൻ ജവഹര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. കലാനിധി മാരൻ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. റെഡ് ജിയാന്റ് മൂവീസാണ് വിതരണം ചെയ്തത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. പ്രസന്ന ജി കെ ചിത്ര സംയോജനം, ഓം പ്രകാശ് ഛായാഗ്രാഹകനും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...