Nivin on Thuramukham Release: ‘കോടികളുടെ ബാധ്യത എന്റെ തലയിലിടാന്‍ ശ്രമിച്ചു`; തുറമുഖം റിലീസ് നീളാന്‍ കാരണം നിര്‍മ്മാതാവെന്ന് നിവിന്‍ പോളി
സിനിമയുടെ മുഴുവന്‍ സാമ്പത്തിക ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുകയാണെങ്കില്‍ ചിത്രം റിലീസ് ചെയ്യാമെന്നായിരുന്നു നിര്‍മാതാവിന്റെ നിലപാട് എന്ന് നിവിൻ പറഞ്ഞു.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ നാളെ, മാർച്ച് 10ന് നിവിൻ പോളി ചിത്രം തുറമുഖം പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുകയാണ്. മൂന്നിലധികം തവണ റിലീസ് മാറ്റിവെച്ച രാജീവ് രവി ചിത്രം ഒടുവിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ഈ അവസരത്തിൽ കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രസ് മീറ്റിൽ നിവിൻ പോളി പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ചിത്രത്തിന്റെ റിലീസ് ഇത്രയും നീളാന്‍ കാരണം നിര്‍മ്മാതാവാണെന്നാണ് നിവിന്‍ പോളി പറഞ്ഞത്.
''തുറമുഖം നാല്‍പ്പത് കോടി പടമോ, അമ്പത് കോടി പടമോ, നൂറുകോടി പടമോ അല്ല, മലയാള സിനിമക്ക് താങ്ങാന്‍ പറ്റുന്ന ബജറ്റിലുള്ള ഒരു സിനിമയാണ്. ഇത്രയധികം സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് ഈ ചിത്രത്തെ വലിച്ചിഴക്കേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. വലിച്ചിഴച്ചവർ അതിന് ഉത്തരം പറയേണ്ടതാണ്. തുറമുഖം നിര്‍മ്മാതാക്കള്‍ ഈ പടത്തില്‍ സഹകരിച്ച ആളുകളോട് ചെയ്തത് നീതി പൂര്‍വമായ കാര്യം അല്ല. ഈ ചിത്രവുമായി നടന്‍ എന്ന നിലയില്‍ പരിപൂര്‍ണ്ണമായി സഹകരിച്ചയാളാണ് ഞാൻ. രാജീവേട്ടനാണെങ്കിലും സ്വപ്ന പദ്ധതിയായി ചെയ്ത ചിത്രമാണിത്. ഇത്തരം ഒരു സിനിമ ഏറ്റെടുക്കുമ്പോള്‍ അതിനോട് നിർമ്മാതാക്കൾ മാന്യത കാണിക്കേണ്ടതായിരുന്നു. മൂന്ന് പ്രാവശ്യവും റിലീസ് പ്ലാൻ ചെയ്യുമ്പോൾ ഞങ്ങൾ ചോദിച്ചിരുന്നു പടം റിലീസ് ആകുമോ എന്ന്. അപ്പോഴും നിർമ്മാതാവിന് അറിയാം ഇത് റിലീസ് ആകില്ല എന്ന കാര്യം. ചിത്രത്തിലെ അണിയറക്കാരെ പ്രമോഷനും മറ്റും വിടുകയും, അതു വഴി മാധ്യമങ്ങളെയും ഉപയോഗിക്കുകയും ചെയ്തത് നല്ല കാര്യമായി തോന്നിയില്ല.''
''സിനിമയുടെ മുഴുവന്‍ സാമ്പത്തിക ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുകയാണെങ്കില്‍ റിലീസ് ചെയ്യാമെന്നായിരുന്നു നിര്‍മാതാവ് പറഞ്ഞത്. കോടികളുടെ ബാധ്യത ആ സമയത്ത് എന്റെ തലയില്‍ വയ്ക്കാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല. അതിനാലാണ് അന്ന് സിനിമ റിലീസാകാതിരുന്നത്. പിന്നീട് സിനിമ കണ്ട് ഇഷ്ടപ്പെട്ട ലിസ്റ്റിൻ ഇത് ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിന്റെ സാമ്പത്തിക ഊരാക്കുടുക്കുകള്‍ അഴിക്കാന്‍ ലിസ്റ്റിന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും നിവിൻ പോളി പറഞ്ഞു. ലിസ്റ്റിന് വലിയ കടപ്പാടുണ്ടെന്നും'' നിവിൻ കൂട്ടിച്ചേർത്തു.
Also Read: Thuramukham Movie : അവസാനം തുറമുഖം തിയറ്ററുകളിലേക്ക്; ചിത്രത്തിന്റെ ടീസർ പുറത്ത്
''ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്നത് ആന്റി ഹീറോ കഥാപാത്രമാണെന്നും നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അര്‍ജുന്‍ അശോകനാണെന്നും നിവിന്‍ പോളി പറഞ്ഞു. തുറമുഖം മനോഹരമായ ഒരു എക്‌സ്പീരിയന്‍സ് ആയിരുന്നുവെന്നും ഇതൊരു രാജീവ് രവി ചിത്രമാണെന്നും'' നിവിന്‍ പോളി പറഞ്ഞു.
അതേസമയം ''പെട്ടിയിലിരിക്കേണ്ട സിനിമയല്ല തുറമുഖം. ആ ബോധ്യം ഉള്ളത് കൊണ്ടാണ് മാജിക് ഫ്രെയിസ് ഈ ചിത്രം ഏറ്റെടുത്ത് ഈ ആഴ്ച റിലീസ് ചെയ്യുന്നതെന്നുമായിരുന്നു'' ലിസ്റ്റിൻ സ്റ്റീഫന്റെ പ്രതികരണം.
പല ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപൻ ചിദംബരം തിരക്കഥയെഴുതുന്ന ചിത്രം എന്ന പ്രത്യേകത കൂടി തുറമുഖത്തിനുണ്ട്. ഗോപൻ ചിദംബരത്തിന്റെ അച്ഛൻ രചിച്ച നാടകത്തെ ആസ്ഥാനമാക്കിയുള്ള സിനിമയാണ് തുറമുഖം.
ഇന്ദ്രജിത്ത് ദർശന രാജേന്ദ്രൻ, പൂർണിമ ഇന്ദ്രജിത്ത്, നിമിഷ സജയൻ, ജോജു ജോർജ്, തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കെപ്പാട്ടും ജോസ് തോമസുമാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകൻ രാജീവ് രവി തന്നെയാണ്. അൻവർ അലിയുടെ വരികൾക്ക് കെയും ഷാഹ്ബാസ് അമാനും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ബി അജിത് കുമാറാണ് എഡിറ്റർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...