പൂണെ:  ബോളിവുഡ് ചിത്രം ഉഡ്ത പഞ്ചാബ് വിവാദത്തിൽ സെൻസർ ബോർഡിന് ബോംബെ ഹൈകോടതിയുടെ രൂക്ഷ വിമർശം. സിനിമ സെൻസർ ചെയ്യുകയല്ല, സർട്ടിഫിക്കറ്റ് നൽകുകയാണ് ബോർഡിന്‍റെ ജോലിയെന്ന് കോടതി ചൂണ്ടിക്കാട്ടി.  ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെങ്കിൽ ചിത്രം നിരോധിക്കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജസ്റ്റിസ് എസ് .സി ധര്‍മധികാരിയാണ് കേസ് പരിഗണിക്കുന്നത്.ടി.വി പരിപാടികളും സിനിമയും ഒരു സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്നുണ്ടോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ജനങ്ങൾക്ക് അവസരം നൽകുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.എന്നാൽ ചിത്രത്തിലെ അശ്ലീല വാക്കുകളും രംഗങ്ങളും ഒഴിവാക്കണമെന്ന് സെൻസർ ബോർഡും കോടതിയിൽ വാദിച്ചു.പട്ടിക്ക്  ജാക്കി ചാൻ എന്ന പേര് നൽകിയത് നിന്ദയാണെന്നും ബോർഡ് കോടതിയിൽ പറഞ്ഞു.


കേസിൽ ജൂൺ 13ന് വിധി പുറപ്പെടുവിക്കും. ചിത്രത്തിന്‍റെ നിർമാതാവും ബോളിവുഡ് സംവിധായകനുമായ അനുരാഗ് കശ്യപിന്‍റെ ഫാന്‍റം ഫിലിംസ് ആണ്  സെൻസറിങ്ങ് നൽകാത്തത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ചിത്രത്തിൽ 94 കട്ടുകൾ വേണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. പഞ്ചാബ്, ജഷ്നപുര, ജലന്ദർ, ഛണ്ഡിഗഡ്, അമൃത്സർ,  മോഗ, ലുധിയാന എന്നീ സ്ഥല നാമങ്ങൾ, ജാക്കി ചാൻ എന്ന പട്ടി, തെരഞ്ഞെടുപ്പ്, എം.പി, എം.എൽ.എ തുടങ്ങിയ കട്ടുകളാണ് ബോർഡ് നിർദേശിച്ചത്.


അതേ സമയം സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി നിലനില്‍ക്കുന്ന വ്യവസ്ഥകളില്‍ മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റിലി. ഇന്ന്‍ രാവിലെ വ്യക്തമാക്കി. സര്‍ട്ടിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ കൂടുതല്‍ ഉദാരമാക്കണം. ഈ വിഷയത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിച്ച ശ്യാം ബെനഗല്‍ കമ്മറ്റി റിപ്പോര്‍ട്ട് മന്ത്രാലയം പരിശോധിച്ച് വരികയാണ്.  സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളിലും, സര്‍ട്ടിഫിക്കേഷന്‍ മാനദണ്ഡങ്ങളിലും വരുത്തുന്ന മാറ്റങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ഉഡ്താ പഞ്ചാബ് സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ വ്യക്തമായ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല.