Marvel Movies : വിലക്ക് മാറുന്നു; മാർവൽ ചിത്രങ്ങൾ വീണ്ടും ചൈനയിലേക്ക്
Marvel Movie China Release മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഒരു മാർവെൽ ചിത്രം ചൈനയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്
മാർവൽ ചിത്രങ്ങൾക്ക് ചൈനയിലുണ്ടായിരുന്ന അപ്രഖ്യാപിത വിലക്ക് പിൻവലിക്കുന്നു. ഇതോടെ രണ്ട് മാർവൽ ചിത്രങ്ങളാണ് ചൈനയിൽ റിലീസ് ചെയ്യാൻ പോകുന്നത്. ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറും ആന്‍റ് മാൻ ആന്‍റ് ദി വാസ്പ് ക്വാണ്ടം മാനിയയും. ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ ഫെബ്രുവരി 7ന് ചൈനയിൽ റിലീസ് ചെയ്യുമ്പോൾ ആന്‍റ് മാൻ ആന്‍റ് ദി വാസ്പ് ക്വാണ്ടം മാനിയ ഫെബ്രുവരി 17ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ദിവസം തന്നെ ചൈനയിലും പ്രദർശത്തിനെത്തും. 2019 ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ നോ വേ ഹോം ആയിരുന്നു ചൈനയിൽ പ്രദർശിപ്പിച്ച അവസാനത്തെ മാർവൽ ചിത്രം. അതിന് ശേഷം പുറത്തിറങ്ങിയ ഫേസ് 4 ചിത്രങ്ങൾ ഒന്നും തന്നെ ചൈനയിൽ പ്രദർശിപ്പിച്ചില്ല.
മാർവലിന്‍റെ ആദ്യ ചൈനീസ് സൂപ്പർ ഹീറോയെ പരിചയപ്പെടുത്തിയ ഷാങ് ചി ആന്‍റ് ദി ലെജന്‍റ് ഓഫ് ദി ടെൻ റിങ്സ് എന്ന ചിത്രം പോലും ചൈനയിൽ റിലീസ് ചെയ്തിരുന്നില്ല. ഇത് മൂന്നര വർഷങ്ങൾക്ക് ശേഷമാണ് മാർവൽ ചിത്രങ്ങൾ വീണ്ടും ചൈനീസ് ബോക്സ് ഓഫീസിൽ വിസ്മയം തീർക്കാൻ എത്തുന്നത്. ഹോളിവുഡ് ചിത്രങ്ങളെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ രണ്ടാമത്തെ മാർക്കറ്റാണ് ചൈന. പല ഹോളിവുഡ് ചിത്രങ്ങളെയും വമ്പൻ കളക്ഷനിലേക്കെത്തിക്കാൻ ചൈനയിലെ റിലീസ് ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ചൈനയിൽ അവസാനം റിലീസ് ചെയ്ത മാർവൽ ചിത്രങ്ങളുടെ കളക്ഷൻ എടുത്ത് നോക്കിയാൽ തന്നെ ഇത് മനസ്സിലാക്കാൻ സാധിക്കും. അവഞ്ചേഴ്സ് എൻഡ് ഗെയിം 632 മില്ല്യൺ യു.എസ് ഡോളറും സ്പൈഡർമാൻ നോ വേ ഹോം 198 മില്ല്യൺ യു.എസ് ഡോളറുമാണ് ചൈനയിൽ നിന്നും കളക്ട് ചെയ്തത്.
എന്നാൽ ചൈനയിൽ നിലനിന്നിരുന്ന അപ്രഖ്യാപിത വിലക്ക് മാർവൽ സിനിമകളോട് മാത്രം ആയിരുന്നില്ല. പല പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകളുടെ ചിത്രങ്ങൾക്കും ചൈനയിൽ കഴിഞ്ഞ 3 വർഷമായി അനുമതി ലഭിച്ചിരുന്നില്ല. പക്ഷെ എന്തുകൊണ്ടാണ് ഹോളിവുഡ് ചിത്രങ്ങളോട് ഈ വിവേചനം കാണിച്ചത് എന്നുള്ള ചോദ്യത്തിന്‍റെ ഉത്തരം ഇപ്പോഴും അവ്യക്തമാണ്. കഴിഞ്ഞ വർഷം ചൈനീസ് ബോക്സ് ഓഫീസിൽ സാധാരണ ഉള്ളതിനേക്കാൾ 36 % ഇടിവ് ഉണ്ടായിട്ടുണ്ട്. ആകെ 4.35 ബില്ല്യൺ യു.എസ് ഡോളറിന്‍റെ ബിസിനസ് മാത്രമാണ് കഴിഞ്ഞ വര്‍ഷം ചൈനീസ് ബോക്സ് ഓഫീസിൽ നിന്ന് ഉണ്ടായത്.
ALSO READ : Marvel Studios: അമിത ജോലി ഭാരം, ശമ്പളവുമില്ല; വിഎഫ്എക്സ് ആർട്ടിസ്റ്റുകളുടെ നടുവൊടിച്ച് മാർവൽ
എന്നാൽ കഴിഞ്ഞ വര്‍ഷം അവസാനം പ്രദർശനത്തിനെത്തിയ അവതാർ ദി വേ ഓഫ് വാട്ടർ ചൈനയിൽ നിന്ന് മികച്ച കളക്ഷൻ സ്വന്തമാക്കി മുന്നേറുന്നുണ്ട്. ചിത്രം ചൈനയിൽ നിന്ന് മാത്രം ഇതുവരെ 220 മില്ല്യൺ യു.എസ് ഡോറളർ സ്വന്തമാക്കി. ചൈനീസ് ബോക്സ് ഓഫീസിന്‍റെ സഹായത്തോടെ അവതാർ ദി വേ ഓഫ് വാട്ടർ ലോക ബോക്സ് ഓഫീസിൽ സ്പൈഡർമാൻ നോ വേ ഹോമിനെ പിന്നിലാക്കി കോവിഡിന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടുന്ന ചിത്രമായി മാറി.
ഫെബ്രുവരി 7 ന് ചൈനയിൽ റിലീസ് ചെയ്യാനിരിക്കുന്ന ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിന് നിലവിൽ 837 മില്ല്യൺ യു.എസ് ഡോളർ കളക്ഷനാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ലഭിച്ചത്. ചൈനയിൽ നിന്ന് ലഭിക്കുന്ന കളക്ഷനോടെ വൺ ബില്ല്യൺ ക്ലബ്ബിൽ ഇടം പിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. ബ്ലാക്ക് പാന്തറിന്‍റെ ആദ്യ ഭാഗത്തിന് ചൈനയിൽ നിന്ന് ലഭിച്ച കളക്ഷൻ 105 മില്ല്യൺ യു.എസ് ഡോളർ ആയിരുന്നു. നിലവിൽ വലിയ ഹൈപ്പിൽ റിലീസിനൊരുങ്ങുന്ന ആന്‍റ് മാൻ ആന്‍റ് ദി വാസ്പ് ക്വാണ്ടം മാനിയയും ചൈനീസ് ബോക്സ് ഓഫീസിൽ നിന്ന് ഒരു വലിയ തുക പ്രതീക്ഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...