Varal Movie Review: ഇന്നത്തെയും ഭാവിയിലെയും കേരള രാഷ്ട്രീയം; വരാൽ ഗംഭീരമെന്ന് പ്രേക്ഷക പ്രതികരണം
ചിത്രത്തിലെ അഭിനേതാക്കൾ എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
അനൂപ് മേനോൻ - കണ്ണൻ താമരക്കുളം കൂട്ടുകെട്ടിൽ റിലീസായ വമ്പൻ സ്റ്റാർ കാസ്റ്റ് ചിത്രമായ 'വരാൽ' ഇന്നത്തെയും നാളെയുടെയും രാഷ്ട്രീയം പറയുന്ന ചിത്രമെന്ന് പ്രേക്ഷകരുടെ അഭിപ്രായം. സണ്ണി വെയ്ൻ, പ്രകാശ് രാജ്, സുരേഷ് കൃഷ്ണ, സെന്തിൽ കൃഷ്ണ, ഗൗരി നന്ദ, രഞ്ജി പണിക്കർ, സോഹൻ സീനുലാൽ, കൊല്ലം തുളസി തുടങ്ങി വലിയ താരനിര ഉള്ള ചിത്രം കേരള രാഷ്ട്രീയത്തിൽ സംഭവിച്ച ഏറ്റവും വലിയ കെണിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഹണിട്രാപ്പ് കേസും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ കളികളെയും കുറിച്ച് സിനിമ സംസാരിക്കുന്നു. കേരള രാഷ്ട്രീയത്തിൽ വാർത്തകളിൽ ഇടം പിടിച്ച ഹണിട്രാപ്പ് കേസുകൾ പറയാതെ ചിത്രം സംസാരിക്കുന്നുണ്ട്.
10 വർഷം തുടർച്ചയായി ഭരിക്കുന്ന ഇടതുപക്ഷ പാർട്ടിക്ക് പുതിയ ഒരു ഇലക്ഷൻ കൂടി നേരിടേണ്ടി വരുകയാണ്. സിഡിഎഫ് എന്ന പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തുന്നതാര് എന്ന ചോദ്യത്തിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. സ്ഥിരമായി കാണുന്ന പാർട്ടി നേതാക്കൾ അല്ലാതെ പുതിയ ഒരു തുറുപ്പുചീട്ട് ഇറക്കുമ്പോൾ ആരായിരിക്കും ആ സ്ഥാനാർഥി. ഡേവിഡ് ജോൺ മേടയിൽ. 'ദി മാൻ ഇൻ ബ്ലാക്ക്'. സിനിമ പിന്നീട് രാഷ്ട്രീയവും ഹണിട്രാപ്പുകളുമായി മുന്നോട്ട് പോകുമ്പോൾ ഇന്നത്തെ കേരള രാഷ്ട്രീയത്തെയും അനൂപ് മേനോൻ എന്ന സ്ക്രിപ്റ്റ് റൈറ്റർ വരച്ച് കാട്ടുന്നുണ്ട്.
ചിത്രം കഴിഞ്ഞതിന് ശേഷം ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് എത്തുന്നത്. അനൂപ് മേനോൻ ഉൾപ്പെടെ എല്ലാവരും ഗംഭീരമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷക പ്രതികരണം. നല്ല തിരക്കഥയും. നല്ലൊരു സസ്‌പെൻസും ത്രില്ലിംഗ് അനുഭവവും സിനിമ സമ്മാനിക്കുന്നുണ്ട് എന്നാണ് പ്രേക്ഷക പ്രതികരണം. ഗോപി സുന്ദറിന്റെ മ്യൂസിക്കും സിനിമയെ നല്ലരീതിയിൽ സഹായിച്ചിട്ടുണ്ട്. രവി ചന്ദ്രന്റെ ക്യാമറയും അയൂബ് ഖാന്റെ കട്ട്സും കൂടി ചേരുന്നതോടെ നല്ലൊരു തീയേറ്റർ അനുഭവം വരാൽ സമ്മാനിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...