ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാഗാന്ധിയാകാന്‍ ബോളിവുഡ് താരം വിദ്യാ ബാലന്‍ തയ്യാറെടുക്കുന്നു. 'ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍' എന്ന വെബ് സീരിസിലാണ് താരം ഇന്ദിര ഗാന്ധിയായി അഭിനയിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പത്രപ്രവര്‍ത്തകയായ സാഗരിക ഘോഷിന്‍റെ ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള വെബ് സിരീസാണിത്. 1975ലെ അടിയന്തരാവസ്ഥക്ക് വഴിവെച്ച കാരണങ്ങളും ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ പോരാട്ടവും കുടുംബജീവിതവുമെല്ലാം സാഗരിക ഘോഷിന്‍റെ പുസ്തകത്തിലുണ്ട്‍.


റോണി സ്‌ക്രൂവാല നിര്‍മ്മിക്കുന്ന ഈ സിനിമയുടെ അവകാശം വിദ്യ ബാലനും ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറും ചേര്‍ന്നാണ് വാങ്ങിയത്. വെബ് സിരീസിനായി ധാരാളം ഗവേഷണം നടത്തേണ്ടതുണ്ടെന്നും തിരക്കഥ പൂര്‍ത്തിയാവത്തതിനാല്‍ ചിത്രീകരണം വൈകുമെന്നും വിദ്യ പറഞ്ഞു.


ഒരു സിനിമയില്‍ ഒതുക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇതൊരു വെബ് സീരീസ് ആക്കാന്‍ തീരുമാനിച്ചതെന്നും എത്ര സീസണുകള്‍ ഉണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും താരം വ്യക്തമാക്കി. 


ഒരുപാട് രേഖകള്‍ ഉള്ളതുകൊണ്ട് തന്നെ തിരക്കഥ പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കും. അതുകൊണ്ട് തന്നെ വെബ് സീരിസ് എപ്പോള്‍ ആരംഭിക്കുമെന്ന് പറയാനാവില്ല. ഞങ്ങള്‍ ഗാന്ധി കുടുംബത്തിന്‍റെ അനുവാദം ആവശ്യപ്പെട്ടിട്ടില്ല. പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം. അത് ചിത്രീകരിക്കാനുള്ള അവകാശം നേടിയിട്ടുണ്ട്. കുടുംബത്തിന്‍റെ അവകാശം ആവശ്യമില്ല. ഇന്ദിരാ ഗാന്ധിയെ സിനിമയില്‍ അവതരിപ്പിക്കാന്‍ മുന്‍പ് ധാരാളം ഓഫറുകള്‍ എനിക്ക് വന്നിട്ടുണ്ട്. മനീഷ് ഗുപ്ത സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉള്‍പ്പെടെ നിരവധി ഓഫറുകളാണ് എനിക്ക് വന്നത്. ഇന്ദിരാ ഗാന്ധിയായി അഭിനയിക്കാന്‍ സാധിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു- വിദ്യ പറഞ്ഞു.


അതേസമയം, 'അതിയായ സന്തോഷമുണ്ട്, സ്‌ക്രീനിലെ ഇന്ദിരയെക്കാണാന്‍ കാത്തിരിക്കുന്നു' എന്നാണ് സാഗരിക തന്‍റെ ട്വീറ്റില്‍ കുറിച്ചത്.