`മോനെ.. സുഖമായി ഇരിക്കുന്നോ??` ആ ശബ്ദം തിരിച്ചറിഞ്ഞ് ഞെട്ടലോടെ ഞാന്‍ കണ്ണ് തുറന്നു...
ചലച്ചിത്ര താരം മോഹന്‍ലാല്‍ വിളിച്ച് സുഖവിവരം അന്വേഷിച്ച സന്തോഷത്തിലാണ് അന്തരിച്ച സംവിധായകന്‍ ലോഹിതദാസിന്‍റെ മകന്‍ വിജയ്‌ശങ്കര്‍.
ചലച്ചിത്ര താരം മോഹന്‍ലാല്‍ വിളിച്ച് സുഖവിവരം അന്വേഷിച്ച സന്തോഷത്തിലാണ് അന്തരിച്ച സംവിധായകന്‍ ലോഹിതദാസിന്‍റെ മകന്‍ വിജയ്‌ശങ്കര്‍.
തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിജയ്‌ശങ്കര്‍ തന്‍റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. കിരീടം എന്ന ചിത്രത്തിലെ സേതുമാധവന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ തന്‍റെ ജീവിതത്തോടു താരതമ്യം ചെയ്താണ് വിജയ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
കൊറോണ ലോക്ക്ഡൌണിനെ തുടര്‍ന്ന് എല്ലാവരെയും പോലെ വിജയ്‌ക്കും രാത്രി ഉറക്കം വരാറില്ല. അങ്ങനെ ഉറങ്ങാതെ കിടന്ന ഒരു രാത്രിയിലാണ് അപരിചിതമായ നമ്പരില്‍ നിന്നും വിജയിയ്ക്ക് കോള്‍ വന്നത്.
വിളിച്ചയാൾ പേരുപറഞ്ഞു പരിചയപ്പെടുത്തിയതായും സംസ്ഥാന സർക്കാരിന്‍റെ കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി വന്ന റെക്കോർഡഡ് സംഭാഷണം ആണെന്നാണ് ആദ്യം കരുതിയതെന്നും വിജയ് പറയുന്നു. "മോനെ.. സുഖമായി ഇരിക്കുന്നോ?? " ഞെട്ടലോടെ ഞാൻ ആ ശബ്ദം തിരിച്ചറിഞ്ഞ് കണ്ണ് തുറന്നു ... അതു സേതുമാധവന്റെ ശബ്ദം ആയിരുന്നു.. ലാലേട്ടൻ ആയിരുന്നു -വിജയ് പറയുന്നു.
വിജയ്‌ശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ലോഹിതദാസിന്റെ ഏറ്റവും മികച്ച സിനിമ ഏതെന്നു ചോദിച്ചാൽ ഉത്തരം ഒന്നിൽ ഒതുക്കാൻ കഴിയില്ല. ഏറ്റവും വേദനിപ്പിച്ച കഥാപാത്രം ഏതെന്നു ചോദിച്ചാൽ ഉത്തരം ഒന്നിലേറെ. പക്ഷെ അച്ഛന്റെ കഥാപാത്രങ്ങളിൽ ഏറ്റവും കൂടുതൽ വേദനിചതു ആരെന്നു ചോദിച്ചാൽ എനിക്ക് പറയാൻ ഒരാളേയുള്ളു , സേതുമാധവൻ .
ഞാനിത്രയേറെ സ്നേഹിച്ച മറ്റൊരു കഥാപാത്രമില്ല .
ഇന്നും പലയിടത്തും തോറ്റുപോകുംബോളും വേദനിക്കുമ്പോളും എന്റെ അത്താണിയാണ് സേതു . അയാൾ അനുഭവിച്ചതിനോളം വരില്ലലോ എന്നോർക്കുമ്പോൾ എന്റെ വേദനകൾകും വിഷമങ്ങൾക്കും യോഗ്യതയില്ലെന്നു തോന്നും, മനസിന്റെ ഭാരം കുറയും . കിരീടത്തിൽ തകർത്തെറിഞ്ഞ ആ മനുഷ്യനോട് ലോഹിതദാസ് എന്ന എഴുത്തുകാരന് ഒരല്പം കൂടെ ദയ കാണികമായിരുന്നില്ലേ ചെങ്കോലിൽ. എഴുതുന്ന ഓരോ വാക്കിനേയും ഭയന്നിരുന്നു ഒരാളായിരുന്നു അച്ഛൻ, അതെല്ലാം യാഥാർഥ്യം ആവുമോയെന്നു വളരെയേറെ ഭയന്നിരുന്നു. അച്ഛന്റെ മാനസപുത്രന്മാരിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സേതുമാധവൻ പിറവിയെടുക്കുമ്പോൾ ഞാൻ ജനിച്ചട്ടു പോലുമില്ല. എങ്കിലും ചില സന്ദർഭങ്ങളിലെ സാദൃശ്യങ്ങളാൽ ഞങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുന്നു.
എന്നോട് അച്ഛൻ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടിരിക്കുനതു വണ്ണം കുറക്കാനാണ്, ഞാനൊരു തടിയൻ ആയിരുന്നു. അതിരാവിലെ തുടങ്ങിയ വ്യായാമം ആണെന്ന് പറഞ്ഞു ഞാൻ പലപ്പോഴും കബിളിപ്പിച്ചിരുന്നു. വീട്ടിൽ അല്പാഹാരി ആയിരുന്നു ഞാൻ , മുത്തശ്ശി സേതുവിനെ ഊട്ടുന്ന പോലെ എന്നെ വയറുനിറച്ചു ഊട്ടാൻ മാമിയും മായാന്റിയും ഉണ്ടായിരുന്നു. ഇതെല്ലം അച്ഛന് നന്നായി അറിയാമായിരുന്നു, പക്ഷെ ഒരിക്കലും അതേച്ചൊല്ലി വഴക്കൊന്നും പറഞ്ഞട്ടില്ല, 'മൂപ്പരുടെ ഒരു ചിരിയുണ്ട് അതാ നമ്മളെ തളർത്തി കളയുന്നത്'.
വർഷങ്ങൾ കടന്നുപോയി , സ്കൂള്പഠനത്തിന്റെ അവസാന കാലം, കുറച്ചു സഹപാഠികൾ ആയി ഞങ്ങൾ കുറച്ചുപേർ വഴക്കടിച്ചു , അതു കയ്യാങ്കളിയിൽ അവസാനിച്ചു എന്ന് അച്ഛൻ അറിഞ്ഞു.
ആ ദിവസങ്ങളിൽ ഒരു സുഹൃത്തുമായി കളിക്കുന്നതിന്റെ ഇടയിൽ കയ്യില് പരുക്ക് സംഭവിച്ചു, എല്ലിന് പൊട്ടലുണ്ടായിരുന്നു. ഹൈദ്രോസിനെ തല്ലി വീഴ്ത്തി വീട്ടിലേക്കു കയറിവരുന്ന സേതുവിനെ ഓർമയില്ലേ.. ആ രംഗത്തിലെ അച്യുതൻനായരുടെ സംഭാഷണം ആരും മറന്നുകാണില്ലല്ലോ.. തൊട്ടടുത്ത ദിവസമായിരുന്നു അച്ഛനെ ആൻജിയോഗ്രാം ചെയ്യാനായി തൃശൂർ അമലയിൽ അഡ്മിറ്റ് ചെയ്തത്. ഇന്നും വ്യക്തമായി ഓർക്കുന്നു , ഞാനും അച്ഛനും അമ്മയും ആശുപത്രി മുറിയിൽ ഇരിക്കുന്നു, ആരുമൊന്നും മിണ്ടുന്നില്ല, അച്ഛൻ എന്റെ പ്ലാസ്റ്റർ ഇട്ട കയ്യിലേക്കുതന്നെ നോക്കിയിരിക്കുകയാണ്. എന്ത് പ്രതീക്ഷികാം എന്ന് വ്യക്തമായിരുന്നു, മുറിയിലെ നിശബ്ദത എന്നെ കൂടുതൽ സമ്മർദ്ദത്തിലാക്കി, അച്ഛന്റെ വാക്കുകളെ നേരിടാൻ ഞാൻ സ്വയം തയ്യാറാവുകയായിരുന്നു.
" ഒരാളെ നമ്മൾ അടിക്കുമ്പോൾ മൂന്ന് ഭാഗത്തു നിന്ന് ചിന്തിക്കണം, ഒന്ന് അയാളുടെ ഭാഗത്തുനിന്ന്, രണ്ടു നമ്മുടെ ഭാഗത്തു നിന്ന്, മൂന്ന് സമൂഹത്തിന്റെ ഭാഗത്തു നിന്ന് ".
അച്ഛനിത്രേം പറഞ്ഞപ്പോൾ തന്നെ എന്റെ കണ്ണുകൾ പെയ്തുതുടങ്ങിയിരുന്നു. അച്ഛൻ കരുതിയിരിക്കുന്നത് എന്റെ കൈ ഒടിഞ്ഞത് തല്ലിനിടയിൽ ആണെന്നാണ്, തെറ്റിദ്ധരിക്കപ്പെട്ടതിന്റെ വേദന എൻറെ ഉള്ളിൽ വലിയ പ്രഹരമുണ്ടാക്കി. നിറഞ്ഞൊഴുകുന്ന കണ്ണുകൾ ഉയർത്തി ഞാൻ അച്ഛനെ നോക്കി... "നീ മറ്റൊരു സേതുമാധവൻ ആവരുത് "...
അങ്ങേയറ്റം നോവോടുകൂടെയാണ് അച്ഛൻ അതുപറഞ്ഞതു, പക്ഷെ എന്റെ മേലാകെ രോമാഞ്ചം അലയടിക്കുകയായിരുന്നു . അത്രമേൽ ഞാൻ സ്നേഹിക്കുന്നു, ആരാധിക്കുന്നു, സഹതപിക്കുന്നു സേതുമാധവനെ ഓർത്ത്.
ഒരു ദശാബ്ദം കടന്നുപോയി, കോറോണകാലം. പലരെയും പോലെ എനിക്കും രാത്രി പകലും പകൽ രാത്രിയുമായി മാറി. വെള്ളികീറാൻ തുടങ്ങിയിരുന്നു ഞാൻ കിടന്നപ്പോൾ. ഉറക്കം അത്രസുഖകാരം ആയിരുന്നില്ല, സമയം ഒന്പതിനോടു അടുത്തിരിക്കുന്നു, ഇനി ഉറങ്ങാൻ കഴിയുമെന്നു തോന്നുന്നില്ല. എന്റെ ഫോൺ റിങ് ചെയ്തു , പരിചയം ഇല്ലാത്ത നമ്പറാണ്, അറ്റൻഡ് ചെയ്തു ചെവിയിൽ വച്ചു കിടന്നു.
വിളിച്ചയാൾ പേരുപറഞ്ഞു പരിചയപ്പെടുത്തി, സംസ്ഥാനസർക്കാരിന്റെ കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി വന്ന റെക്കോർഡഡ് സംഭാഷണം ആണെന്നാണ് ആദ്യം കരുതിയത്. എന്നെപോലെ ഏതൊരു സാധാരണക്കാരനും അങ്ങനെയേ കരുതു. ക്ഷീണംകൊണ്ട് ഞാൻ ഫോൺ ചെവിയിൽ നിന്നെടുത്തില്ല..
" മോനെ.. സുഖമായി ഇരിക്കുന്നോ ?? " ഞെട്ടലോടെ ഞാൻ ആ ശബ്ദം തിരിച്ചറിഞ്ഞ് കണ്ണ് തുറന്നു ... അതു സേതുമാധവന്റെ ശബ്ദം ആയിരുന്നു.. ലാലേട്ടൻ ആയിരുന്നു