Abu Dhabi: അബുദാബിയിൽ എക്സ്പ്രസ് ബസ് സർവീസ് മാർച്ച് 14 തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇതോട് കൂടി അബുദാബിയിലെ ബസ് യാത്രകൾ അതിവേഗത്തിലാകും. സ്വകാര്യ- പൊതു പങ്കാളത്തത്തിലാണ് യാത്രക്കാർക്കായി ഈ സേവന പദ്ധതി നടപ്പിലാക്കുന്നത്. ദീർഘദൂര യാത്രക്കാർക്ക് സഹായകമാകുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്റ്റോപ്പുകൾ കുറയുന്നതും ഈ സർവീസുകളുടെ വേഗത കൂടാൻ കാരണമാണ്. കുറ‍ഞ്ഞ സമയത്തിൽ പരമാവധി ദൂരം പിന്നിടാനും യാത്രക്കാർക്ക് കൃത്യസമയത്തിൽ എത്തിച്ചേരാനും സാധിക്കും. അതിനാൽ നോൺസ്റ്റോപ്പ് യാത്രക്ക് പ്രിയമേറും എന്നാണ് വിലയിരുത്തൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒന്നാം ഘട്ടത്തില്‍ മുസഫയിൽ നിന്ന് മുഹമ്മദ് ബിൻ സായിദ് സിറ്റിയിലേക്കും. ഖലീഫസിറ്റി, ബനിയാസ്, ഷഹാമ, അൽഫല എന്നിവിടങ്ങളിൽ നിന്ന് അബുദാബി നഗരത്തിലേക്കുമാണ് സർവീസ് നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ നാഹിൽ, അൽഹായര്‍, സ്വൈഹാൻ, അൽഷിവൈബ്, അൽവിഖാൻ, അൽഫഖ, അബുസംറ, അൽഖുവ എന്നീ സ്ഥലങ്ങളിൽ നിന്ന് അൽഐൻ നഗരത്തിലേക്കാണ് അതിവേഗ ബസിന്‍റെ സേവനം ലഭ്യമാക്കുക. 


ALSO READ: മക്കയിലും മദീനയിലും എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും പ്രവേശനം നൽകും


64 പുതിയ ബസുകൾ പുതിയ സർവീസിനായി വാങ്ങിയിട്ടുണ്ട്. അബുദാബിയിലെ വിവിധ ബസ് സ്റ്റേഷനുകളിൽ നിന്നായി എല്ലാ ആഴ്ചയും 680 ട്രിപ്പുകളാണ് ഉണ്ടാവുക. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ അഞ്ച് മണി മുതൽ രാത്രി 10 മണി വരെയും വാരാന്ത്യ അവധി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ അഞ്ച് മണി മുതൽ പുലർച്ചെ ഒരു മണി വരെയും സർവീസ് ഉണ്ടാകും. രാവിലെയും വൈകിട്ടുമുള്ള തിരക്കുള്ള സമയങ്ങളിൽ 10 മിനിട്ട് ഇടവേളകളിലും  മറ്റ് സമയങ്ങളിൽ 25 മിനിട്ട് ഇടവിട്ടുമാകും സർവീസ്. 


യാത്രക്കാർക്കിടയിൽ നടത്തിയ സർവേയുടെയും, സേവനം ഏത് രീതിയിലായിരിക്കണമെന്ന വിദഗ്ധ പഠനത്തിന്‍റെയും അടിസ്ഥാനത്തിലാണ് സർവീസുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എമിറേറ്റ്സ് ടാക്സി കമ്പനികളുമായി സഹകരിച്ച് അൽഗസൽ ട്രാൻസ്പോർട്ട് കമ്പനിയാണ് സേവനം നൽകുന്നത്. ആദ്യ ഘട്ടം വിജയത്തിലെത്തിയാൽ കൂടുതൽ മേഖലകളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് ഇന്‍റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്‍റർ ആലോചിക്കുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.