ന്യൂഡല്‍ഹി: ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചു. നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള അറിയിപ്പ് എയര്‍ഇന്ത്യ കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറി. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും ഒരേ നിരക്കായിരിക്കും. പ്രവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ നിരക്ക് ഏകീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതുക്കിയ നിരക്ക് അനുസരിച്ച് 12 വയസിന് താഴെയുള്ള ആളുടെ മൃതദേഹത്തിന് 750 ദിര്‍ഹം അടച്ചാല്‍ മതി. 12 വയസിന് മുകളില്‍ 1500 ദിര്‍ഹം അടയ്ക്കണം. മൃതദേഹം തൂക്കി നിരക്കേര്‍പ്പെടുത്തുന്നത് ഒഴിവാക്കി, 30 വയസിന് താഴെയുള്ളവര്‍ക്ക് 1000 ദിര്‍ഹവും അതിനു മുകളിലുള്ളവര്‍ക്ക് 1500 ദിര്‍ഹവും നിശ്ചിത ഫീസ് ഈടാക്കണമെന്നായിരുന്നു പ്രവാസികളുടെ ആവശ്യം.


മുന്‍പ് മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്നത് വലിയ പരാതിക്ക് വഴി തെളിച്ചിരുന്നു. ഇതിനെതിരെ വിവിധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. കൂടാതെ ഇത് സംബന്ധിച്ച് പ്രവാസികള്‍ കേന്ദ്ര സര്‍ക്കാരിന് പലവട്ടം നിവേദനവും നല്‍കിയിരുന്നു.


എയര്‍ഇന്ത്യ കാര്‍ഗോയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രവാസി സാമൂഹ്യസംഘടനകള്‍ അറിയിച്ചു. ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ എത്തിക്കാനുള്ള നിരക്ക് എയര്‍ ഇന്ത്യ നേരത്തെ ഇരട്ടിയാക്കിയിരുന്നു. പിന്നീട് സെപ്റ്റംബര്‍ 30ന് ഈ നീക്കം പിന്‍വലിച്ചു.


അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശും തങ്ങളുടെ പൗരന്മാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്ന സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കാനെങ്കിലും എയര്‍ ഇന്ത്യ തയ്യാറാകണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യമുയര്‍ത്തിയിരുന്നു.