സൗദി: പാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനുള്ള കേന്ദ്ര സര്‍ക്കരിന്‍റെ നീക്കം പ്രവാസികള്‍ക്കിടയിലും പ്രതിഷേധം ശക്തമാക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ഇ.സി.ആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേഡ്) പാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനാണ് നീക്കം. പാസ്‌പോര്‍ട്ടിലെ നിറം മാറ്റം കുടിയേറ്റ തൊഴിലാളികളെ രണ്ടാംതര പൗരന്മാരായി കാണുന്നുവെന്നതാണ് പ്രവാസികള്‍ ഉയര്‍ത്തുന്ന മുഖ്യ ആരോപണം. നിലവില്‍ ഇ.സി.ആര്‍ ആവശ്യമുള്ളവര്‍ക്കും ആവശ്യമില്ലാത്തവര്‍ക്കും (ഇ.സി.എന്‍.ആര്‍) പാസ്‌പോര്‍ട്ടിന് ഒരേ നിറമാണ്.  അതേസമയം, പാസ്‌പോര്‍ട്ടിലെ നിറം മാറ്റം എമിഗ്രേഷന്‍ പരിശോധനകള്‍ക്കു കൂടുതല്‍  സഹായകമാണെന്നാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം.


കൂടാതെ, പാസ്‌പോര്‍ട്ടിന്‍റെ അവസാന പേജില്‍ ചേര്‍ത്തു വന്നിരുന്ന വിവരങ്ങള്‍ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ പാസ്‌പോര്‍ട്ട് മേല്‍വിലാസത്തിനു തെളിവായി ഉപയോഗിക്കാന്‍ കഴിയാതെ വരും. പ്രവാസികള്‍ യാത്രയ്ക്ക് മാത്രമല്ല, വിലാസം തെളിയിക്കാനുള്ള ഒരു തിരിച്ചറിയല്‍ രേഖയെന്ന നിലക്ക് കൂടി പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നവരാണ്.  


ആറ് മാസം തുടര്‍ച്ചയായി ഇന്ത്യയില്‍ കഴിയുന്നവര്‍ക്ക് മാത്രമേ ആധാര്‍ എടുക്കാന്‍ കഴിയൂ. ആധാര്‍ മാത്രമല്ല, വോട്ടര്‍ ഐ.ഡി പോലും ഇല്ലാത്തവരാണ് ഭൂരിപക്ഷം പ്രവാസികളും. പാസ്‌പോര്‍ട്ട് കോപ്പിയും കൊണ്ടാണ് അവര്‍ പല ഓഫിസുകളും കയറിയിറങ്ങുന്നത്. പുതിയ നീക്കം അത്തരക്കാര്‍ക്കും ഒരു തിരിച്ചടിയാവും.


അതേ സമയം പാസ്‌പോര്‍ട്ട് നിറംമാറ്റം വിഷയത്തില്‍ വിവിധ പ്രവിശ്യകളിലെ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.