തീവ്രവാദം അവസാനിപ്പിക്കാതെ സമാധാനം ഉണ്ടാകില്ല: സുഷമ സ്വരാജ്
ഇസ്ലാമെന്നാല്‍ സമാധാനം എന്നാണര്‍ത്ഥം. ദൈവത്തിന്റെ ഒരു നാമവും അക്രമം അര്‍ത്ഥമാക്കുന്നില്ല.
അബുദാബി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ്. പാക്കിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിക്കാത്ത പക്ഷം മേഖലയില്‍ സമാധാനം ഉണ്ടാകില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.
യുഎഇയില്‍ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിന് മുന്‍പായി വിഷയത്തില്‍ സൗദി വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സുഷമാസ്വരാജ് കൂടിക്കാഴ്ച നടത്തി.
ഭീകരതയ്‌ക്കെതിരെ നടത്തുന്ന പോരാട്ടം മതത്തിനെതിരല്ലയെന്നും തീവ്രവാദ കേന്ദ്രങ്ങള്‍ ഇല്ലാതാക്കണമെന്നതാണ് ലക്ഷ്യമെന്നും സുഷമ പറഞ്ഞു. എന്നാല്‍, അത് സൈനികനടപടി കൊണ്ട് മാത്രം സാധിക്കില്ല. ഇന്ത്യയിലെ മുസ്ലിം വിഭാഗം സഹിഷ്ണുതയുടെ മാതൃകയാണ്. അവര്‍ തീവ്രവാദത്തിന് എതിരുമാണ്, മന്ത്രി വ്യക്തമാക്കി.
ഇസ്ലാമെന്നാല്‍ സമാധാനം എന്നാണര്‍ത്ഥം. ദൈവത്തിന്റെ ഒരു നാമവും അക്രമം അര്‍ത്ഥമാക്കുന്നില്ല. എല്ലാ മതങ്ങളും സമധാനത്തിനൊപ്പം നിലക്കൊള്ളുന്നവരാണെന്നും അവര്‍ പറഞ്ഞു.
മനുഷ്യകുലത്തെ സംരക്ഷിക്കണമെങ്കില്‍ ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്ന രാജ്യങ്ങള്‍ അത് അവസാനിപ്പിക്കണം. ലോകസമാധാനത്തിലും ഐക്യത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും സുഷമ പറഞ്ഞു.
ഇന്ത്യ-പാക് പ്രശ്‌നങ്ങള്‍ ലോകരാജ്യങ്ങള്‍ ഉത്കണഠയോടെ നോക്കിക്കാണുന്ന സാഹചര്യത്തിലായിരുന്നു വിദേശകാര്യ മന്ത്രി അബുദാബിയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അതിനിടെ ലോക ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ സുഷമ സ്വരാജ് പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് പാക് വിദേശകാര്യമന്ത്രി സമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. സമ്മേളനത്തില്‍ പാക് പ്രതിനിധിയുടെ കസേര ഒഴിഞ്ഞുകിടന്നു.
ഇന്ത്യയെ പിന്തുണയ്ക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സുഷമാസ്വരാജ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.