മസ്‌കറ്റ്: കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത കാറ്റും മഴയും തുടരുന്നു. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ദമാ വല്‍ തായീന്‍, യന്‍കല്‍, ഇബ്രി വിലായത്തിലെ ഗുബാറ, അല്‍ ബുറൈമി മേഖലകളിലാണ് ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് കാറ്റും മഴയും ഉണ്ടായത്. ബുറൈമിയുടെ ചില ഭാഗങ്ങളില്‍ ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ മഴയില്‍ വാദി അല്‍ ഗുബാറ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. നിസ്വഇബ്രി റോഡിലെ ഗുബാറയില്‍ കാറ്റിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. തുടര്‍ന്ന്, മണിക്കൂറുകള്‍ വൈദ്യുതി മുടങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച ഫഹൂദ്, ബിദിയ, അല്‍ മസ്യൂന എന്നിവിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുസന്ദം തീരത്ത് ഇന്നുമുതല്‍ മൂന്നു ദിവസം വരെ കടല്‍ പ്രക്ഷുബ്ധമായിരിക്കാന്‍ സാധ്യതയുണ്ട്. തിരമാലകള്‍ മൂന്നു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍പോകുന്നവരും തീരത്ത് പോകുന്നവരും ജാഗ്രത പുലര്‍ത്തണം.


ദോഫാര്‍ ഗവര്‍ണറേറ്റില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കും.ഇടവിട്ടുള്ള ചാറ്റല്‍മഴക്ക് പുറമെ മൂടല്‍മഞ്ഞും രൂപപ്പെടും. അല്‍ ഹജര്‍ പര്‍വത നിരകളിലും പരിസരത്തും മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം അല്‍ ഹംറ വിലായത്തില്‍ കനത്ത മഴ പെയ്തിരുന്നു. വാദി ദോഫിയ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ജബല്‍ശംസിലേക്കുള്ള പ്രധാന റോഡില്‍ മണിക്കൂറുകള്‍ ഗതാഗത തടസ്സം നേരിട്ടിരുന്നു.