അബുദാബി: യുഎഇയില്‍ തൊഴിലാളികള്‍ക്കു ഉച്ച വിശ്രമ നിയമം നാളെ (ബുധന്‍) മുതല്‍ആരംഭിക്കും.  ഉച്ചക്ക് പന്ത്രണ്ടര മുതല്‍ മൂന്ന് വരെയാണ് വിശ്രമ സമയം. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന നിയമത്തിന്‍റെ കാലാവധി. ഈ കാലയളവില്‍ നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുറംജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളെ കൊടുംചൂടില്‍ നിന്നും രക്ഷിക്കുന്നതിനാണ് ഉച്ചക്ക് പന്ത്രണ്ടര മുതല്‍ മൂന്ന് മണി വരെ വിശ്രമം നല്‍കാന്‍ മനുഷ്യവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. കൂടാതെ പണിയിടങ്ങളില്‍ തൊഴിലാളികള്‍ക്കു ആരോഗൃ, സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരിക്കണമെന്ന നിര്‍ദേശവുമുണ്ട്.


വിശ്രമ സമയങ്ങളില്‍ തൊഴിലാളികള്‍ക്കു തണല്‍ ലഭിക്കുന്നതിനുള്ള സംവിധാനവും ജോലിസ്ഥലത്തു ഉണ്ടായിരിക്കണം.ഉച്ചവിശ്രമനിയമം കണക്കിലെടുത്ത് രാത്രിയിലും പകലുമായി ജോലി സമയം പുന:ക്രമീകരിക്കാനുള്ള  നിര്‍ദ്ദേശവും മന്ത്രാലയം നല്‍കിയിട്ടുണ്ട്. എന്നാല്‍ പുന:ക്രമീകരിക്കുന്ന സമയം 8 മണിക്കൂറില്‍ കൂടുതലാകാന്‍ പാടില്ല. എട്ടുമണിക്കൂറിലധികം ഒരു തൊഴിലാളി ജോലി ചെയ്യുന്നുണ്ടെങ്കില്‍ അതിനെ  തൊഴില്‍ നിയമപ്രകാരം ഓവര്‍ടൈം ആയി കണക്കാക്കി  അധിക വേതനം നല്‍കണം.


ഉച്ചവിശ്രമനിയമം ഏല്ലാ മേഖലയിലും പൂര്‍ണ്ണമായും പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പാക്കാന്‍ 18 പരിശോധനാ വിഭാഗത്തെ നിയോഗിച്ചതായി മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.  സെപ്റ്റംബര്‍ 15 നു നിയമം അവസാനിക്കുന്നതു വരെ ഇവര്‍  രാജ്യത്തെമ്പാടും 60,000 പരിശോധനകള്‍ നടത്തുമെന്നും മനുഷ്യവിഭവശേഷി മന്ത്രാലയം അറിയിച്ചു. ഉച്ചവിശ്രമനിയമം ലംഘിക്കുന്നവര്‍ക്കു 5,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹംവരെ പിഴചുമത്തും.