ജിദ്ദ: റിയാദില്‍ കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട സഹപ്രവര്‍ത്തകനെ കൊന്ന്‍ മൃതദേഹം കത്തിച്ച കേസില്‍ ഇന്ത്യന്‍ സ്വദേശി പിടിയില്‍. റിയാദിലെ ഫൈസലിയ്യയിലാണ് കഴിഞ്ഞ ദിവസം ക്രൂരമായ കൊലപാതകം നടന്നത്. മരിച്ച യുവാവും ഇന്ത്യന്‍ സ്വദേശിയാണെന്നും എന്നാല്‍ ഇയാള്‍ ഏത് സംസ്ഥാനക്കാരാണെന്ന് വ്യക്തമല്ലെന്നും റിയാദ് പ്രവിശ്യ പൊലിസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

റിയാദിലെ ഫൈസലിയ്യയിലെ കാര്‍പെറ്റ് വെയര്‍ ഹൗസില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. വെയര്‍ഹൗസിന് തീ കൊളുത്തിയ ശേഷം പ്രതി പൊലിസില്‍ വിവരം അറിയിച്ചു. എന്നാല്‍, സിവില്‍ ഡിഫന്‍സ് എത്തി തീ അണച്ചപ്പോള്‍ കത്തി കരിഞ്ഞ മൃതദേഹം കണ്ടു. തുടര്‍ന്ന്‍ പൊലിസ് ഫോറന്‍സിക് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ കണ്ടെത്തിയത്.


പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പറഞ്ഞത്. സഹപ്രവര്‍ത്തകനില്‍ നിന്നും കടം വാങ്ങിയ പണത്തിന് പകരമായി പ്രതിയുടെ പാസ്പോര്‍ട്ട് കൊല്ലപ്പെട്ടയാള്‍ പിടിച്ചുവെച്ചിരുന്നു. ഇതു ചോദിച്ചെങ്കിലും നല്‍കിയില്ല. ഇതില്‍ പ്രകോപിതനായി പ്രതി കൊല നടത്തുകയായിരുന്നു. പിന്നീട് മൃതദേഹം അകത്തിട്ട് തീയിടുകയായിരുന്നു. പ്രതിയുടെ കയ്യില്‍ നിന്നും 3000 റിയാലും കൃത്യത്തിന് ഉപയോഗിച്ചിരുന്ന കത്തിയും പൊലിസ് കണ്ടെടുത്തു. തുടര്‍ നടപടിക്ക് പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.