യുഎഇ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ; പ്രവാസികൾ ദുരിതത്തിൽ
24 ശനിയാഴ്ച വൈകിട്ട് മുതൽ 10 ദിവസത്തേക്കാണ് യുഎഇ ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്
ദുബായ്: ഇന്ത്യയിൽ കൊവിഡ് (Covid) വ്യാപനം രൂക്ഷമായതോടെ യുഎഇ പ്രഖ്യാപിച്ച പ്രവേശന വിലക്ക് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പ്രവാസികളെ ദുരിതത്തിലാക്കി. ഏപ്രിൽ 24 ശനിയാഴ്ച വൈകിട്ട് മുതൽ 10 ദിവസത്തേക്കാണ് യുഎഇ (UAE) ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. അവധിക്ക് നാട്ടിലെത്തിയവർ വിമാനടിക്കറ്റിനായി നെട്ടോട്ടമായിരുന്നു. വിലക്ക് നീട്ടിയേക്കാമെന്ന ആശങ്കയുമുണ്ട്.
ദുബായിലെത്താൻ 48 മണിക്കൂറിനകമുള്ള കൊവിഡ് ആർടിപിസിആർ (RTPCR) ഫലം ഹാജരാക്കണമെന്ന പുതിയ നിബന്ധനയും പ്രവാസികളെ വലയ്ക്കുന്നു. നാട്ടിലേക്ക് അവധിക്കെത്തിയവർ കടുത്ത പ്രതിസന്ധിയിലാണ്.
യാത്രാവിലക്ക് ഏർപ്പെടുത്തിയതിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനപരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് (UAE) വരാൻ അനുവദിക്കില്ല. ഇത് സംബന്ധിച്ച നിർദേശം വിമാനക്കമ്പനികൾക്ക് നൽകി.
അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്ക് നേപ്പാൾ വഴി പോകാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാഠ്ണ്ഡു വിമാനത്താവളത്തിലെ ഇമിഗ്രേഷൻ അധികൃതർ ഇതിന് സൗകര്യം ഒരുക്കും. ഇമിഗ്രേഷൻ ക്ലിയറൻസ് ഉള്ളവർക്ക് എൻഒസി വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യമാണ് യുഎഇ. സൗദി, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങൾ നേരത്തെ ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിലക്കേർപ്പെടുത്തിയ വാർത്ത സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...