നിക്ഷേപക വിസയിലോ ആശ്രിത വിസയിലോ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, വിദേശത്ത് തൊഴിൽ തേടി പോകുന്ന ഇന്ത്യക്കാർക്ക് അടുത്ത വര്‍ഷം മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. 18 വിദേശ രാജ്യങ്ങളിൽ തൊഴിൽ വിസയിൽ പോകുന്ന ഇന്ത്യക്കാർക്ക് മാത്രമാണ് ഈ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നത്. 


ആറ് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ, അഫ്‌ഗാനിസ്ഥാൻ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, ലെബനാൻ, ലിബിയ, മലേഷ്യ, സുഡാൻ, തെക്കൻ സുഡാൻ, സിറിയ, തായ്‌ലാന്‍ഡ്‌, യെമൻ, എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവരും രജിസ്റ്റര്‍ ചെയ്യണം.


നിലവിൽ വിദേശത്ത് തൊഴിൽ ചെയ്തു വരുന്നവർ ഇന്ത്യയിൽ വന്ന് മടങ്ങി പോകുന്നതിനു മുൻപ് ഇ-മൈഗ്രേറ്റ് പോർട്ടലിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിച്ചിരിക്കണം. 


ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരെ 2019 ജനുവരി ഒന്നു മുതല്‍ വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചയയ്ക്കും. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷ ലക്ഷ്യമിട്ട് 2015ലാണ് ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ തുടങ്ങിയത്. 


നിലവില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവരുടെ (ഇ.സി.ആര്‍ കാറ്റഗറി പാസ്‍പോര്‍ട്ടുള്ളവര്‍) തൊഴില്‍ വിവരങ്ങള്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷമേ വിദേശത്ത് പോകാനാവൂ. 


വിദ്യാഭ്യാസം കുറഞ്ഞ ഇന്ത്യക്കാര്‍ വിദേശത്ത് ചൂഷണങ്ങള്‍ക്ക് ഇരയാവുന്നത് തടയാനായിരുന്നു ഇത്. 


എന്നാല്‍ നോണ്‍ ഇ.സി.ആര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും വിദേശത്ത് വിവിധതരം തൊഴില്‍ ചൂഷണങ്ങള്‍ക്ക് ഇരയാവുന്ന സാഹചര്യത്തിലാണ് എല്ലാവര്‍ക്കും ഇ-മൈഗ്രേറ്റ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്. 


ഇതോടെ നിലവില്‍ എല്ലാവരും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കായാല്‍ മാത്രമേ വിദേശത്ത് ജോലി ചെയ്യാനാവൂ. ഇ-മൈഗ്രേറ്റ് വെബ്സൈറ്റിലെ ECNR Registration എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് വിവരങ്ങള്‍ നല്‍കേണ്ടത്. 


വിജയകരമായി ഇത് പൂര്‍ത്തീകരിച്ചാല്‍ എസ്.എം.എസ് വഴിയും ഇ-മെയില്‍ വഴിയും സന്ദേശം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 1800113090 (ടോള്‍ ഫ്രീ), 01140503090 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ഇ-മെയില്‍ helpline@mea.gov.in