നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനു പുറപ്പെടുന്നവര്‍ക്കായി നാളെ മുതല്‍ ഒരു വിമാനമേ സര്‍വീസ് നടത്തൂ. സെപ്റ്റംബര്‍ അഞ്ചിനാണ് അവസാന സര്‍വീസ്. ഒന്ന്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ വിമാനം വൈകിട്ട് 5.20 നു ഇവിടെനിന്നു പുറപ്പെടും. സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് ആറിനായിരിക്കും സര്‍വീസ്. 450 പേര്‍ക്കു കയറാവുന്ന വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി നെടുമ്പാശേരി ഹജ്ജ് ക്യാംപില്‍ നിന്ന് ഇനി 3095 തീര്‍ഥാടകരാണ് പുറപ്പെടാനുള്ളത്. ഇവരില്‍ കേരളത്തില്‍ നിന്ന് 2778 പേരും ലക്ഷദ്വീപില്‍ നിന്ന് 289 പേരും മാഹിയില്‍ നിന്ന് 28 പേരുമുണ്ട്. സംസ്ഥാനത്തു നിന്നു 10,283 പേര്‍ക്കാണു ഹജ്ജിന് അനുമതി ലഭിച്ചത്. രണ്ടു വയസ്സില്‍ താഴെയുള്ള അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ 7,505 പേരാണ് നെടുമ്പാശേരി ഹജ്ജ് ക്യാംപ് വഴി ഇതുവരെ യാത്രയായത്.


സൗദി എയര്‍ലൈന്‍സ് ഇതുവരെ 19 സര്‍വീസ് നടത്തി. ഇന്നലെ രണ്ടു വിമാനത്തില്‍ 900 പേരാണ് പോയത്. ഇന്നും രണ്ടു വിമാനത്തില്‍ 900 പേര്‍ യാത്രതിരിക്കും. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ അഞ്ചിനു പുറപ്പെടുന്ന അവസാന വിമാനത്തിലാണ് പോകുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14 വരെ മദീന വിമാനത്താവളത്തില്‍ നിന്നായിരിക്കും ഇവരുടെ മടക്കയാത്ര.