ക്വാലലംപൂർ: 2022-ൽ ഖത്തറിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിനുള്ള ഏഷ്യൻ മേഖലാ യോഗ്യതാ മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എട്ട് ഗ്രൂപ്പുകളിലായി 40 ടീമുകളാണ് രണ്ടാംഘട്ട യോഗ്യതാ മത്സരങ്ങളിൽ മാറ്റുരക്കുക. ലോകകപ്പ് ആതിഥേയരായ ഖത്തറും കരുത്തരായ ഒമാനും അടങ്ങുന്ന ഗ്രൂപ്പ് ഇയിലാണ് ഇന്ത്യക്ക് കളിക്കാനുള്ളത്.


ജൂണിലെ ഫിഫ റാങ്കിംഗ് പ്രകാരം ഏഷ്യയിലെ ആദ്യ 34 സ്ഥാനങ്ങളിലുള്ള ടീമുകളും ഒന്നാം ഘട്ട യോഗ്യതാ റൗണ്ട് കടന്നെത്തിയ ആറ് ടീമുകളുമടക്കമാണ് രണ്ടാം റൗണ്ടിൽ ഏറ്റുമുട്ടുക. 


ഈ റൗണ്ടിൽ ഗ്രൂപ്പ് ജേതാക്കളാകുന്ന എട്ട് ടീമുകളും മികച്ച നാല് രണ്ടാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക് മുന്നേറും.


ഇന്‍റർ കോണ്ടിനെന്‍റൽ കപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ടീമിന് കടുപ്പമേറിയ മത്സരങ്ങളായിരിക്കും യോഗ്യതാ റൗണ്ടിൽ. 


ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ, ഒമാൻ, ഒന്നാം റൗണ്ട് കഴിഞ്ഞെത്തിയ ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ ടീമുകളാണ് ഇന്ത്യയടക്കമുള്ള ഗ്രൂപ്പ് എയിലുള്ളത്. 


ഫിഫ റാങ്കിംഗിൽ 55-ലുള്ള ഖത്തർ ഗ്രൂപ്പ് ചാമ്പ്യന്മാരാകുമെന്നാണ് കരുതുന്നത്. റാങ്കിംഗിൽ ഇന്ത്യയേക്കാൾ 15 സ്ഥാനം മാത്രം മുന്നിലുള്ള ഒമാനെ കീഴടക്കാൻ കഴിഞ്ഞാൽ മാത്രമാണ് രണ്ടാം സ്ഥാനക്കാരായെങ്കിലും ഇന്ത്യക്ക് മുന്നേറാനുള്ള സാധ്യത.


ഇന്ത്യയുടെ യുവനിരക്ക് വലിയ വെല്ലുവിളിയാവും യോഗ്യതാ മത്സരമെന്നും കടുപ്പമേറിയ ഗ്രൂപ്പിലാണ് ടീം ഉൾപ്പെട്ടിട്ടുള്ളതെന്നും കോച്ച് ഇഗോർ സ്റ്റിമാച്ച് പറഞ്ഞു. 


'എതിർ ടീമിനെ ബഹുമാനിക്കാനാണ് ഞാൻ കളിക്കാരെ പരിശീലിപ്പിക്കുന്നത്. പക്ഷേ, ഗ്രൗണ്ടിലേക്ക് കാലെടുത്തുവെച്ചു കഴിഞ്ഞാൽ ജയിക്കാൻ വേണ്ടി ടീം എന്തും ചെയ്യും. ആ വിധത്തിലാണ് ഞാൻ ടീമിനെ ഒരുക്കാൻ പോകുന്നത്. നമ്മുടെ യാത്ര തുടങ്ങിയിട്ടേയുള്ളൂ. ഇതൊരു ദീർഘയാത്ര ആയിരിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ.' അദ്ദേഹം പറഞ്ഞു.