ദമ്മാം : സഊദി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച മൊബൈല്‍ കട സ്വദേശി വല്‍ക്കരണം ഒന്നാം ഘട്ട സമയം അടുത്തു. ജൂണ്‍ ആറിന്ഒന്നാം ഘട്ടം അവസാനിക്കും .ഇതോടെ  മലയാളികളടക്കമുള്ള മൊബൈല്‍ കടയുടമകള്‍ മറ്റു വഴികളിലേക്ക് ചേക്കേറാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആറു മാസത്തിനകം സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ പൂര്‍ണമായും സ്വദേശവത്ക്കരിക്കാനാണ് സഊദി തൊഴില്‍ വകുപ്പ് മന്ത്രി ഡോ. മുഫറജ് അല്‍ഹഖ്ബാനി കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തരവിട്ടത്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് മൊബൈല്‍ ഫോണ്‍ വില്‍പന, റിപ്പയര്‍ സേവന ഷോപ്പുകളില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. മലയാളികളടക്കം നിരവധി വിദേശികള്‍ക്ക് തിരിച്ചടിയാകുന്ന നടപടി നടപ്പിലാക്കുന്നതിനായി  മാര്‍ച്ച് പത്ത് മുതല്‍ ആറ് മാസം സാവകാശമാണ് മന്ത്രി നല്‍കിയിരുന്നത് .ഇതില്‍ ഒന്നാം ഘട്ടമായ 50 ശതമാന സ്വദേശി വല്‍ക്കരണ സമയം ജൂണ്‍ ആറോടെ അവസാനിക്കാനിരിക്കെയാണ്  മറ്റു വഴികള്‍  തേടി മൊബൈല്‍ കടയുടമകള്‍ അലയുന്നത് .നിരവധി മൊബൈല്‍ കടകള്‍ വില്‍പ്പനക്കായി വെച്ചിരിക്കുകയാണ് .


എന്നാല്‍ വിദേശികള്‍ ഈ മേഖലയില്‍ കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ചില സ്വദേശികള്‍ ഈ രംഗം ചൂഷണം ചെയ്യാന്‍ മുതിരുന്നുണ്ട് .വിദേശികള്‍ക്ക് കടകള്‍ വിറ്റൊഴിക്കലല്ലാതെ മറ്റൊരു നിര്‍വ്വാഹമില്ലാതതാണ് സ്വദേശികള്‍ മുതലെടുക്കാന്‍ കാരണം.രണ്ടാം ഘട്ടമായ സെപ്റ്റംബര്‍ രണ്ടോടെ 100 ശതമാനം സ്വദേശിവല്‍ക്കരണവും നടപ്പാക്കിയിരിക്കണമെന്നാണ് ഉത്തരവ്. വാണിജ്യ, വ്യവസായ, മുനിസിപ്പല്‍, ടെലികോം, ഐ.ടി മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത് . ഈ സമയ പരിധിക്കുളളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്