Saudi National Games: മൂന്നാമത് സൗദി ദേശീയ ഗെയിംസ് ഒക്ടോബർ മൂന്നിന് റിയാദിൽ
Saudi News: ചടങ്ങ് വർണശബളമാക്കാൻ വിവിധ വിനോദ, സാംസ്കാരിക പരിപാടികളും ലൈവ് മ്യൂസിക്കൽ ഷോയും ഉണ്ടാകും.
റിയാദ്: സൗദി കായികചരിത്രത്തിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്ത ദേശീയ ഗെയിംസിന്‍റെ മൂന്നാം പതിപ്പ് ഒക്ടോബർ മൂന്നിന് റിയാദിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഇത് ഒക്ടോബർ 17 വരെ നീളും. ഈ കായിക മാമാങ്കത്തിെൻറ ഉദ്ഘാടന ചടങ്ങിന് റിയാദിലെ ബോളിവാഡ് സിറ്റി വേദിയാകും.
ചടങ്ങ് വർണശബളമാക്കാൻ വിവിധ വിനോദ, സാംസ്കാരിക പരിപാടികളും ലൈവ് മ്യൂസിക്കൽ ഷോയും ഉണ്ടാകും. പ്രശസ്ത സൗദി ഗായകരായ അർവ അൽ മുഹൈദിബ് (ദി സൗദി അർവ), അബ്ദുൽ വഹാബ് എന്നിവർ നയിക്കുന്ന ലൈവ് മ്യൂസിക് കൺസേർട്ടാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകർഷണമെന്ന് പറയാം. അതിനിടെ ദേശീയ ഗെയിംസിന്റെ സന്ദേശം വഹിച്ചുകൊണ്ടുള്ള ദീപശിഖാ റാലി രാജ്യത്തെ 13 പ്രവിശ്യകളിലൂടെയും സഞ്ചരിച്ച് ജനങ്ങളുടെ വരവേൽപ്പുകളേറ്റ് വാങ്ങിക്കൊണ്ട് സെപ്റ്റംബർ 25 ന് റിയാദിൽ തിരിച്ചെത്തിയിരുന്നു.
2023 ലെ ഗെയിംസിൽ മൂന്ന് സ്വർണ മെഡലുകൾ നേടിയ നീന്തൽ താരം സായിദ് അൽ സർരാജും ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റ് ലുജൈൻ ഹംദാനും ചേർന്ന് നയിച്ച ദീപശിഖ റാലി റിയാദിലെത്തിയപ്പോൾ പ്രവിശ്യാ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് ദീരയിലെ ഗവർണറേറ്റ് പാലസിൽ വെച്ച് ദീപശിഖ ഏറ്റുവാങ്ങിയിരുന്നു. 121 കായിക താരങ്ങളും 440 ലധികം സന്നദ്ധ പ്രവർത്തകരും അനുഗമിച്ച ദീപശിഖ പ്രയാണം 71 കേന്ദ്രങ്ങളിൽ നിന്നും ഊഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ 18 പ്രമുഖ വ്യക്തികൾ ദീപശിഖക്ക് അഭിവാദ്യം അർപ്പിച്ചിരുന്നു. 30 ദിവസമെടുത്ത് 13,000 ലധികം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ദീപശിഖ സൗദി നഗരത്തിൽ തിരിച്ചെത്തിയത്. ഇത്തവണ ദേശീയ ഗെയിംസിൽ 147 ക്ലബ്ബുകളെയും 25 പാരാലിമ്പിക് ക്ലബ്ബുകളെയും പ്രതിനിധീകരിച്ച് 9,000 ലധികം കായികപ്രതിഭകൾ മാറ്റുരക്കുമെന്നാണ് റിപ്പോർട്ട്.
സൗദിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയ ‘വിഷൻ 2030’ലേക്കുള്ള യാത്രയിൽ ദേശീയ ഗെയിംസ് വഹിച്ച പങ്ക് ഏറെ വലുതാെണന്ന് സൗദി കായിക മന്ത്രിയും ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി ചെയർമാനും സൗദി ഗെയിംസിന്റെ സുപ്രീം സംഘാടക സമിതി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ അറിയിച്ചു. സൗദിയിലെ യുവാക്കൾക്കായുള്ള തുറന്ന അവസരങ്ങളുടെ സുവർണ വാതിലാണ് ദേശീയ ഗെയിംസ് എന്നദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നേട്ടങ്ങളും പുത്തൻ കരുത്തും ആർജ്ജിച്ച് മുന്നോട്ട് കുതിക്കാൻ ഇത് യുവജനങ്ങളെ സജ്ജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.