സന്ദര്‍ശക വിസ തുക കുറച്ച് സൗദി
സന്ദര്‍ശക വിസയ്ക്കുള്ള തുക സൗദി കുത്തനെ കുറച്ചതായി റിപ്പോര്‍ട്ട്. നിലവിലുള്ള 2000 റിയാലിന് പകരം 300 റിയാലാണ് പുതിയ വിസ സ്റ്റാമ്പിങ് ചാര്‍ജായി ഈടാക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ലഭിച്ചതായും വിവിധ ഏജന്‍സികള്‍ പറഞ്ഞു.
ജിദ്ദ: സന്ദര്‍ശക വിസയ്ക്കുള്ള തുക സൗദി കുത്തനെ കുറച്ചതായി റിപ്പോര്‍ട്ട്. നിലവിലുള്ള 2000 റിയാലിന് പകരം 300 റിയാലാണ് പുതിയ വിസ സ്റ്റാമ്പിങ് ചാര്‍ജായി ഈടാക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ലഭിച്ചതായും വിവിധ ഏജന്‍സികള്‍ പറഞ്ഞു.
2016 ഒക്ടോബറിലാണ് സൗദിയിലേക്കുള്ള സന്ദര്‍ശക വിസ തുക കൂട്ടിയത്. മൂന്ന് മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസക്ക് അന്നുമുതല്‍ 2000 റിയാലായിരുന്നു തുക. ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിച്ച അറിയിപ്പനുസരിച്ച് ഇനി മുതല്‍ 300 റിയാലാകും ഇതിനുള്ള തുക.
കേരളത്തില്‍ സൗദിയിലേയ്ക്ക് മൂന്ന് മാസത്തേയ്ക്കുള്ള ഫാമിലി വിസ സ്റ്റാമ്പിങിന് ഇന്‍ഷൂറന്‍സും ജി.എസ്.ടിയുമടക്കം 45,000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ഈ തുകയാണ് ഇപ്പോള്‍ 10,000 രൂപയിലേക്കെത്തുന്നത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മുംബൈയിലെ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ചതായി ട്രാവല്‍ ഏജന്റുകള്‍ അറിയിച്ചു.
മെയ് ദിന അവധിയായതിനാല്‍ മെയ് 2 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരികയെന്നും ട്രാവല്‍സുകള്‍ അറിയിച്ചു. ആറുമാസ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് നിലവില്‍ 3000 റിയാലാണ് തുക. ഇത് 450 റിയാലാകുമെന്നും ട്രാവല്‍ ഏജന്റുമാര്‍ വിശദീകരിക്കുന്നു.
ടൂറിസ്റ്റ് വിസ ചട്ടങ്ങള്‍ ലഘൂകരിക്കുമെന്നും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും സൗദി ടൂറിസം മന്ത്രാലയം അധികൃതര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. അതിന് മുന്നോടിയായാണ് ഈ നടപടി എന്നുവേണം കരുതാന്‍.