ദുബായ്: ദുബായില്‍ കഴിയുന്ന പ്രവാസികളില്‍ തൊണ്ണൂറ് ശതമാനത്തിലധികം പേരും സുരക്ഷിതരെന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍.  97.8 ശതമാനം പേര്‍ക്കും ഇവിടത്തെ കോടതികളിലും നീതിന്യായ സംവിധാനത്തിലും പൂര്‍ണ വിശ്വാസമുന്ടെനും സര്‍വ്വേ സൂചിപ്പിക്കുന്നു. ദുബായ് പോലീസിന്‍റെ അനുബന്ധ വിഭാഗമായ പബ്ലിക് ഒപീനിയന്‍ സര്‍വേ സെന്റര്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് പ്രവാസികള്‍ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏഷ്യ, ഇതര അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ 2716 പ്രവാസികളില്‍ നടത്തിയ സര്‍വേയിലാണ് ഈ പ്രതികരണം ലഭിച്ചതെന്ന് ദുബായ് പോലീസ് കുറ്റാന്വേഷണ വിഭാഗം അസിസ്റ്റന്റ് ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി പറഞ്ഞു.


ദുബൈയില്‍ കഴിയുന്നവര്‍ക്ക് എത്രമാത്രം സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട് എന്ന് അറിയുന്നതിനു വേണ്ടിയാണ് ഇത്തരമൊരു സര്‍വേ സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. താമസ സ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, പാര്‍ക്കുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങി ദുബായിലെ വിവിധ പ്രദേശങ്ങളില്‍ രാത്രിയിലും പകല്‍ സമയങ്ങളിലും നല്‍കി വരുന്ന സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 


രാത്രികാലങ്ങളില്‍ സുരക്ഷിതരെന്ന് 94.3 ശതമാനം പേര്‍ അറിയിച്ചപ്പോള്‍ പകല്‍ സമയത്ത് യാതൊരു ഭീഷണിയും നേരിടുന്നില്ലെന്ന് അഭിപ്രായപ്പെട്ടവര്‍ 96.4 ശതമാനം പേരാണ്. 


എവിടെയും പോലീസിന്‍റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാണെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. ഇരുന്നൂറിലേറെ രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ ദുബായിലുണ്ടെങ്കിലും അവരെല്ലാം പരസ്പര സൗഹാര്‍ദ്ദത്തോടും സഹിഷ്ണുതയോടുമാണ് കഴിയുന്നത്. ദുബായ് ജീവിതം സുരക്ഷിതമാക്കുന്നതില്‍ ഇത് പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും മേജര്‍ ജനറല്‍ അല്‍ മന്‍സൂരി അഭിപ്രായപ്പെട്ടു. 


സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയുടെ കാര്യത്തില്‍ വലിയ പ്രാധാന്യമാണ് ദുബായ് പോലീസ് നല്‍കുന്നത്. കുറ്റകൃത്യങ്ങളിലേര്‍പ്പെടാത്ത ഓരോ ആള്‍ക്കും ഇവിടെ നിര്‍ഭയമായി ജീവിക്കാം. എന്നാല്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ പിടികൂടി അവര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിനല്‍കാന്‍ പോലീസിന് ബാധ്യതയുണ്ട്. ഇതിലുള്ള പോലീസിന്‍റെ വിജയമാണ് ഇത്രവലിയ ശതമാനം ആളുകളും സുരക്ഷയെക്കുറിച്ച്‌ അനുകൂല അഭിപ്രായം രേഖപ്പെടുത്തിയതില്‍ നിന്ന് വ്യക്തമാവുന്നതെന്നും അല്‍ മന്‍സൂരി അറിയിച്ചു.